തിരുവനന്തപുരം : കാപ്പാ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭാ ബിജെപി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് പരാതിയില്‍ പ്രാഥമിഅന്വേഷണം ആരംഭിച്ച് പോലീസ്. മ്യൂസിയം എസ്എച്ച്ഒയുടെ നേതൃത്വത്തിലാണ് പ്രാഥമിക അന്വേഷണം. കോര്‍പ്പറേഷനിലെ സിസിടിവി ദൃശ്യങ്ങളും രജിസ്റ്ററും പരിശോധിക്കും. എല്‍ഡിഎഫ് പാര്‍ലമെന്ററി നേതാവ് എസ് പി ദീപക്കിൻ്റെ പരാതിയിലാണ് അന്വേഷണം. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാത്ത സുഗതന്റെ ഒപ്പ് വ്യാജമായി ഇട്ടെന്നാണ് സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിൽ പറയുന്നത്. പ്രാഥമിക അന്വേഷണത്തിന് പിന്നാലെ ഏതെങ്കിലും തരത്തില്‍ കൃത്രിമത്വം കണ്ടെത്തിയാല്‍ കേസ് എടുക്കാനാണ് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
സുഗതൻ തെരഞ്ഞടുപ്പ് അഫിഡവിറ്റിലും രജിസ്റ്ററിലും ഇട്ടിരിക്കുന്ന ഒപ്പുകള്‍ തമ്മില്‍ പ്രകടമായ വ്യാത്യാസമുണ്ടെന്നാണ് ദീപക്ക് പറയുന്നത്. ഒളിവില്‍ കഴിയുന്ന സമയം ഇദ്ദേഹം കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. നഗരസഭയില്‍ കോണ്‍ഗ്രസ് നേതാവ് ശബരിനാഥ് രജിസ്റ്റര്‍ ഉയര്‍ത്തി കാണിച്ചപ്പോഴാണ് ബിജെപി കൗണ്‍സിലര്‍മാര്‍ ആക്രമണം അഴിച്ചു വിട്ടത്. അത് ആ രജിസറ്ററില്‍ അവര്‍ക്ക് ഒളിപ്പിക്കാന്‍ എന്തോ ഉണ്ട് എന്നതിന്റെ തെളിവാണെന്നും ദീപക്ക് പറഞ്ഞു.
കൗണ്‍സിലര്‍ സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ മേയര്‍ വി വി രാജേഷിന്റെ ഓഫീസ് കേന്ദ്രീകരിച്ചാണ് ക്രമക്കേട് നടന്നതെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. മൂന്ന് യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി രേഖപ്പെടുത്തിയ രജിസ്റ്ററിന്റെ വിവരാവകാശ രേഖകള്‍ ഉള്‍പ്പെടുത്തിയാണ് പരാതി നല്‍കിയിരുന്നത്. ഫെബ്രുവരി 26, മാര്‍ച്ച് 3, ഏപ്രില്‍ 27 തീയതികളിലെ കൗണ്‍സില്‍ യോഗത്തില്‍ വ്യാജ ഒപ്പിട്ടെന്നാണ് പരാതിയിലുള്ളത്. ഇത് വ്യക്തമാക്കുന്ന രജിസ്റ്റര്‍ തെളിവുകളും സിപിഐഎം പുറത്തുവിട്ടിരുന്നു. ഭരണസമിതിയെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുമെന്നും എല്‍ഡിഎഫ് അറിയിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിനും പരാതി നല്‍കി. മുമ്പ് തന്നെ സിപിഐഎം സമാന ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെ വിവരാവകാശ രേഖ കൂടി ലഭിച്ച സാഹചര്യത്തിലാണ് പ്രതിഷേധം ശക്തമാക്കാനും പരാതി നല്‍കാനുമുള്ള തീരുമാനം എടുത്തത്.
