തിരുവനന്തപുരം: കന്റോണ്‍മെന്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സതീഷ് കുമാര്‍, സബ്കന ഇന്‍സ്‌പെക്ടര്‍ ഗോകുല്‍ എന്നിവര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് നോട്ടീസ് നല്‍കിയത്. നാല് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. ഇരുവര്‍ക്കുമെതിരായ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതിന് പിന്നാലെയാണ് നടപടി. ഉദ്യോഗസ്ഥരുടെ വിശദീകരണം ലഭിച്ച ശേഷമായിരിക്കും തുടർനടപടിയിൽ അന്തിമ തീരുമാനം.
എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയെ ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതിനാണ് എസ്ഐ ഗോകുലിനെതിരെ നോട്ടീസ് നൽകിയത്. ഭീഷണി കോൾ നടത്തിയത് തെറ്റെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനാണ് സിഐക്ക് നോട്ടീസ്. പോസ്റ്റിട്ടത് സോഷ്യൽ മീഡിയ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇരുവർക്കും വീഴ്ച പറ്റിയെന്നും വിലയിരുത്തലുണ്ട്.
എസ്എഫ്‌ഐയുമായുള്ള ഏറ്റുമുട്ടലിനും പോര്‍വിളിക്കും പിന്നാലെ അവധിയില്‍ പോയ സിഐ സതീഷ് കുമാർ ജോലിയില്‍ തിരികെ പ്രവേശിച്ചിരുന്നു. എസ് എച്ച് ഒ സതീഷ് അവധിയിൽ പോയതും എസ് ഐ ഗോകുലിനെ പരിശീലനത്തിന് വിട്ടതിലും കോൺഗ്രസ് സൈബറിടങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. എസ് എച്ച് ഒ യേയും എസ് ഐനേയും 10 ദിവസത്തിനുള്ളിൽ മാറ്റണമെന്നാണ് എസ് എഫ് ഐയും സി പി എമ്മും ആവശ്യപ്പെട്ടത്.
