തിരുവനന്തപുരം : സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തിലും അവരെ വേദനിപ്പിക്കാത്ത വിധത്തിലുമായിരിക്കും ലേബര്‍ കോഡ് സംസ്ഥാനത്ത് നടപ്പാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഐഎന്‍ടിയുസി സംസ്ഥാന നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലേബര്‍ കോഡ് രാജ്യത്ത് നിലവില്‍ വന്നതോടുകൂടി നിലവിലുണ്ടായിരുന്ന തൊഴില്‍ നിയമങ്ങള്‍ ഇല്ലാതായിട്ടുണ്ട്. സംസ്ഥാനത്ത് പുതിയ ലേബര്‍ കോഡ് നടപ്പാക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് നിയമപരിരക്ഷയില്ലാത്ത സാഹചര്യമാണുള്ളത്. ലേബര്‍ കോഡ് നടപ്പാക്കിയില്ലെങ്കില്‍ പഴയ നിയമവും പുതിയ ലേബര്‍ കോഡും ഇല്ലാത്ത സ്ഥിതി വരും. ത്രിശങ്കു സ്വര്‍ഗത്തിലാണ്. കേരളത്തിലെ തൊഴില്‍ മേഖലയെ ബാധിക്കാത്ത തരത്തില്‍, തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കാത്ത തരത്തില്‍ അത് നടപ്പാക്കണം. പാര്‍ലമെന്റ് പാസാക്കിയ നിയമം നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ല. എല്ലാ തൊഴിലാളി സംഘടനകളുടെയും യോഗം ചേരും. അവരുടെ കൂടി അഭിപ്രായം സ്വീകരിച്ചുകൊണ്ടേ നടപ്പാക്കൂ. തൊഴിലാളി വിരുദ്ധ നിലപാട് ഒരു സ്ഥലത്തും ഒരു സമയത്തും ഈ ഗവണ്‍മെന്റ് സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സ്വകാര്യവല്‍ക്കരണം സര്‍ക്കാരിന്റെ നയമല്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങളെ തളര്‍ത്തുന്ന സമീപനം അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ സ്വതന്ത്രമായി നിലനിര്‍ത്താനാണ് ശ്രമമെന്നും പൊതുമേഖലാ സ്ഥാപനമാണെന്ന പേരില്‍ സമ്പത്ത് ചോര്‍ത്തിക്കളയാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
