ലക്നൗ : ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി 27 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് തെരഞ്ഞെടുപ്പുതന്ത്രം പയറ്റാനൊരുങ്ങി സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്. സംസ്ഥാനത്ത് പ്രത്യേകം ലക്ഷ്യം വെക്കുന്ന 27 സീറ്റുകളിൽ 27,000 വോട്ടുകൾ വീതം കൂട്ടുമെന്നാണ് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ്റെ വിശദീകരണം. ലക്നൗവിൽ നടന്ന പാർട്ടി സംസ്ഥാന നിർവ്വാഹകസമിതി യോഗത്തിലും ഭാരവാഹികളുടെ യോഗത്തിലും സംസാരിക്കവേയാണ് അഖിലേഷ് യാദവ് തന്ത്രം വെളിപ്പെടുത്തിയത്.

ഈ തന്ത്രം ഭരണകക്ഷിയായ ബിജെപിയുടെ വോട്ട് വിഹിതത്തിൽ അതേ അളവിൽ കുറവു വരുത്തുമെന്നാണ് അഖിലേഷ് പ്രതീക്ഷിക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി യുവാക്കളിലേക്ക് പാർട്ടിയെ എത്തിക്കും. ഇതിനകം തന്നെ സംസ്ഥാനത്ത് അഖിലേഷിന്റെ സോഷ്യൽ മീഡിയ ടീം നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. പാർട്ടി പ്രവർത്തകർ വോട്ടർമാരുടെ വീടുകൾ നേരിട്ടു സന്ദർശിച്ച് അവരുടെ പ്രശ്നങ്ങളും ആശങ്കകളും കേട്ടറിഞ്ഞ് പ്രവർത്തനം ശക്തമാക്കാൻ അഖിലേഷ് ആഹ്വാനം ചെയ്തു.
കർഷകരുടെ ദുരിതം പ്രത്യേക പ്രചാരണ വിഷയമാക്കും. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലത്തെ ഭരണത്തിൽ എല്ലാ വിഭാഗം ജനങ്ങളെയും ബിജെപി ദുരിതത്തിലാക്കിയെന്ന് അദ്ദേഹം യോഗത്തിൽ ചൂണ്ടിക്കാട്ടി. കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് വാഗ്ദാനം നൽകിയ സർക്കാർ പ്രവർത്തിച്ചത് നേരെ വിപരീതമാണെന്ന് അഖിലേഷ് ആരോപിച്ചു.
ഡീസൽ, പെട്രോൾ, കീടനാശിനികൾ, രാസവളങ്ങൾ, ഡി.എ.പി എന്നിവയുടെ വില കുത്തനെ കൂട്ടി. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായമായ വില നൽകാൻ സർക്കാരിന് കഴിഞ്ഞിട്ടില്ല. സർക്കാരിന്റെ എഥനോൾ നയം കാരണം സാധാരണക്കാർ സാധനങ്ങൾക്ക് ഉയർന്ന തുക നൽകേണ്ടി വരുന്നുവെന്നും ഇതിന്റെ അന്തിമ ലാഭം ആർക്കാണ് ലഭിക്കുന്നതെന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുവാക്കൾക്ക് ആവശ്യമായ സർക്കാർ ജോലികൾ നൽകുന്നതിൽ ബിജെപി പരാജയപ്പെട്ടു. സംവരണ വ്യവസ്ഥകളെ ദുർബലപ്പെടുത്തി.
അയോദ്ധ്യയിലെ ഭൂമി കുംഭകോണവും ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രധാന പ്രചാരണ ആയുധമാക്കും സമാജ്‌വാദി പാർട്ടി. അയോദ്ധ്യ നഗരം വൻതോതിലുള്ള ഭൂമി കുംഭകോണങ്ങളുടെ കേന്ദ്രമായി മാറിയെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ ആരോഗ്യമേഖല തകർന്നു. ആശുപത്രികളിൽ മരുന്നുകളുടെ ദൗർലഭ്യവും ആവശ്യത്തിന് സൗകര്യങ്ങളില്ലായ്മയും പ്രകടമാണ്. സംസ്ഥാനത്ത് സാഹോദര്യവും പരസ്പര സ്നേഹവും ഇല്ലാതാക്കുന്ന നയങ്ങളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡോ. ബിആർ അംബേദ്കറുടെ പ്രതിമകൾ തകർക്കുന്നതിനും നശിപ്പിക്കുന്നതിനും പിന്നിൽ ഉത്തർപ്രദേശിലെ ബിജെപി സർക്കാരാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. തങ്ങളുടെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 151-ലധികം അംബേദ്കർ പ്രതിമകൾ തകർക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ബിജെപി ഭരണഘടന മാറ്റാൻ ആഗ്രഹിച്ചിരുന്നെങ്കിലും അത് ചെയ്യാൻ അവർക്ക് സാധിച്ചില്ലെന്നും അഖിലേഷ് യാദവ് വ്യക്തമാക്കി.
