Monday, October 12, 2026

മലപ്പുറത്ത് മലവെള്ളപ്പാച്ചിലില്‍ മരണം 5 ആയി; സംസ്ഥാനത്ത് മഴക്കെടുതിയില്‍ ആകെ 9 മരണം, ഇന്നും തീവ്രമഴ മുന്നറിയിപ്പ്, ഇടുക്കിയില്‍ രാത്രികാല യാത്രാ നിരോധനം

Date:

മലപ്പുറം : മലപ്പുറം ചോക്കാട് പൂക്കോട്ടുപാടം ടി കെ നഗറിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇതോടെ മരണം അഞ്ചായി. പൊട്ടിക്കല്‍ ഭാഗത്തു നിന്നാണ് തിരച്ചിലില്‍ മൃതദേഹം കണ്ടെത്തിയത്. കാണാതായ ഒരാള്‍ക്കായി പുഴയില്‍ തിരച്ചില്‍ തുടരുകയാണ്. ഒരു സ്ത്രീ ഉള്‍പ്പെടെ ആറു പേരാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ കണ്ടെത്തിയ രണ്ടു മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മലവെള്ളപ്പാച്ചിലില്‍ അപകടത്തില്‍പ്പെട്ടവരില്‍ അഞ്ചുപേര്‍ പുറത്തു നിന്നും വന്നവരാണെന്നും, ഒരു സ്ത്രീ മാത്രമാണ് പ്രദേശവാസിയാണെന്നുമാണ്  ഔദ്യോഗിക വിശദീകരണം. ടികെ കോളനി വെളുത്തേടത്ത് സഞ്ജയ് ദാസിന്റെ ഭാര്യ സജിത (26) യാണ് പുഴക്കടവില്‍ വസ്ത്രം അലക്കി കൊണ്ടിരിക്കെ ഒഴുക്കില്‍പ്പെട്ടത്.

ഇതോടെ സംസ്ഥാനത്ത് കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകലിലുണ്ടായ വിവിധ മഴക്കെടുതികളില്‍ മരണം ഒമ്പതായി ഉയര്‍ന്നു. വാഗമണ്‍ റോഡില്‍ വേലത്തുശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ വിനോദസഞ്ചാരി മരിച്ചു. വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് തമിഴ്നാട് സ്വദേശിയായ സംഗീതയാണ് മരിച്ചത്. അടിമാലിയില്‍ മണ്ണിടിച്ചില്‍ സാദ്ധ്യത കണക്കിലെടുത്ത് അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.

മണ്ണിടിച്ചിലിന്റെ സാഹചര്യത്തില്‍ ഇടുക്കിയില്‍ മലയോര മേഖലയില്‍ രാത്രികാല യാത്രാ നിരോധനം ഏര്‍പ്പെടുത്തി. വൈകീട്ട് ഏഴു മണി മുതല്‍ രാവിലെ 6 മണിവരെയാണ് നിയന്ത്രണം. സാഹസിക വിനോദ കേന്ദ്രങ്ങള്‍ അടയ്ക്കാനും നിര്‍ദ്ദേശമുണ്ട്.

മണ്ണിടിച്ചില്‍ കണക്കിലെടുത്ത് പഴയ മൂന്നാറില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പഴയ മൂന്നാറില്‍ നിന്ന് എത്തുന്ന വാഹനങ്ങള്‍ സിഎസ്‌ഐ പള്ളിക്ക് സമീപത്തുനിന്ന് ഗ്യാപ് റോഡിലേക്ക് പ്രവേശിച്ച്, പൊലീസ് സ്റ്റേഷന് സമീപത്തെ പാലം കടന്നാണ് മൂന്നാര്‍ ടൗണിലെത്തേണ്ടത്. മണ്ണിടിച്ചില്‍ സാദ്ധ്യത കണക്കിലെടുത്താണ് ഗതാഗത നിയന്ത്രണം. യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു.

Share post:

Popular

More like this
Related