Thursday, October 22, 2026

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപത്തെ ചരിത്രപ്രസിദ്ധമായ റേസ് കോഴ്സ് പള്ളിക്ക് ഒഴിഞ്ഞു പോകാൻ നോട്ടീസ് ; വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനവുമായി മെഹബൂബ മുഫ്തി

Date:

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് സമീപം സ്ഥിതി ചെയ്യുന്ന നൂറ്റാണ്ടിലധികം പഴക്കമുള്ള റേസ് കോഴ്സ് പള്ളി ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ രൂക്ഷവിമർശനവുമായി പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി. മുസ്ലിം രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ അവിടുത്തെ പള്ളികളുടെ മഹത്വത്തെ പ്രശംസിക്കുന്ന പ്രധാനമന്ത്രി, സ്വന്തം വീട്ടുപടിക്കലുള്ള 120 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ പള്ളിയെ തകർക്കാനാണ് ശ്രമിക്കുന്നതെന്നും രാജ്യത്തെ മുസ്ലിം ജനവിഭാഗത്തിന്റെ മതവികാരങ്ങളെ കേന്ദ്ര സർക്കാർ പൂർണ്ണമായും അവഗണിക്കുകയാണെന്നും അവർ ആരോപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് മെഹബൂബ മുഫ്തിയുടെ രൂക്ഷവിമർശനം.

മുസ്ലിം രാജ്യങ്ങളിൽ പോയി പള്ളികളുടെ പ്രൗഢിയെ വാഴ്ത്തുകയും ഇസ്ലാമിക പൈതൃകത്തോടുള്ള ബഹുമാനം പ്രകടിപ്പിക്കുകയും ചെയ്യുന്നവർ, സ്വന്തം വീടിന് സമീപമുള്ള 120 വർഷം പഴക്കമുള്ള പള്ളിക്ക് ഒഴിപ്പിക്കൽ നോട്ടീസ് നൽകി അതിന്റെ അസ്തിത്വം തന്നെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് മെഹബൂബ മുഫ്തി കുറിച്ചു. വിദേശ പള്ളികളോടുള്ള ആരാധനയും സ്വന്തം നാട്ടിലെ മുസ്ലിം സമൂഹത്തിന്റെ മതവികാരങ്ങളോടുള്ള ഈ ക്രൂരമായ അവഗണനയും തികച്ചും ഞെട്ടിപ്പിക്കുന്ന വൈരുദ്ധ്യമാണെന്ന് മെഹബൂബ മുഫ്തി വിമർശിച്ചു.

ഭൂമി കൈയേറ്റം ആരോപിച്ചാണ് ഒക്ടോബർ 19-ന് കേന്ദ്ര ലാൻഡ് ആൻഡ് ഡെവലപ്‌മെന്റ് ഓഫീസ് (L&DO) റേസ് കോഴ്സ് പള്ളിക്ക് നോട്ടീസ് നൽകിയത്. പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം അനധികൃതമാണെന്ന് പ്രഖ്യാപിച്ച അധികൃതർ, ആറ് ദിവസത്തിനകം പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ഉത്തരവിടുകയായിരുന്നു. ഇതിന് മുന്നോടിയായി ഒക്ടോബർ ഏഴിന് തന്നെ പള്ളിയിലേക്കുള്ള വൈദ്യുതി ബന്ധവും കുടിവെള്ള കണക്ഷനും അധികൃതർ വിച്ഛേദിച്ചിരുന്നു. ന്യൂഡൽഹി മുനിസിപ്പൽ കൗൺസിലിന്റെ വെബ്‌സൈറ്റിൽ സംരക്ഷിത പൈതൃക സ്വത്തായി രേഖപ്പെടുത്തിയിട്ടുള്ള പള്ളിയാണ് സർക്കാർ ഭൂമിയിലാണെന്ന വാദമുയർത്തി ഇപ്പോൾ ഒഴിപ്പിക്കാൻ ശ്രമിക്കുന്നത്. പള്ളിയുടെ പൈതൃക പദവിയും അധികൃതർ ഇപ്പോൾ പുന:പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുകയാണ്.

റേസ് കോഴ്സ് പള്ളിയും അതിനോട് ചേർന്നുള്ള ചരിത്രപ്രസിദ്ധമായ ഖബർസ്ഥാനും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമുഖ മുസ്ലിം സംഘടനയായ ജംഇയ്യത്ത് ഉലമാ-ഇ-ഹിന്ദ് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവിന് നിവേദനം സമർപ്പിച്ചു. സംഘടനയെ പ്രതിനിധീകരിച്ച് മൗലാന മുഹമ്മദ് ഹക്കീമുദ്ദീൻ ഖാസ്മിയുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ നേരിൽ കണ്ടത്. 1977-ലെ ഡൽഹി ഗസറ്റിലും ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ വഖഫ് രേഖകളിലും എൻഡിഎംസിയുടെ പൈതൃക പട്ടികയിലും ഈ പള്ളി വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് സംഘടന നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിഷയത്തിലെ നിയമപരമായ തർക്കങ്ങൾ അവസാനിക്കുന്നതുവരെ കെട്ടിടം പൊളിച്ചുമാറ്റുന്നത് തടയണമെന്നും ഡൽഹി വഖഫ് ബോർഡിനോടും എൻഡിഎംസിയോടും വിശദമായ റിപ്പോർട്ട് തേടണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായും ജംഇയ്യത്ത് അറിയിച്ചു

പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന റേസ് കോഴ്സ് റോഡിലെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെയും ചേരി നിവാസികളെ ഒഴിപ്പിക്കുന്നതിന്റെയും വിപുലമായ നടപടികളുടെ ഭാഗമായാണ് പള്ളിക്കും നോട്ടീസ് നൽകിയിട്ടുള്ളത്. പ്രദേശത്തെ ചേരി നിവാസികളെ ഒഴിപ്പിക്കാൻ ഡൽഹി ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു. ഒഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളെ 45 കിലോമീറ്റർ അകലെയുള്ള ‘സവ്ദ ഘേവ്‌റ’ പുനരധിവാസ കോളനിയിലേക്ക് മാറ്റുമെന്നാണ് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

Share post:

Popular

More like this
Related

കേസിന് പിന്നാലെ ശ്രീനാദേവി കുഞ്ഞമ്മക്ക് മാനനഷ്ടത്തിന് വക്കീൽ നോട്ടീസയച്ച് കെ പി ഉദയഭാനു ; ’50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം’

പത്തനംതിട്ട : കോൺഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ...

സിജെപി പ്രതിഷേധവുമായി ബന്ധമില്ലെന്ന് നേഹ ബോറ ; വ്യക്തിഗത ബോണ്ട് നോട്ടീസിനെതിരെ ഹര്‍ജിയുമായി ഹൈക്കോടതിയിൽ

ന്യൂഡല്‍ഹി : കോക്രോച്ച് ജനത പാര്‍ട്ടി (സിജെപി)യുടെ പ്രതിഷേധവുമായി തനിക്ക് യാതൊരു...

ഗതാഗത കമ്മീഷണര്‍ക്ക് പിന്നാലെ സെക്രട്ടറി ടി വി അനുപമയ്ക്കും സ്ഥാനചലനം

തിരുവനന്തപുരം : ഗതാഗത സെക്രട്ടറി സ്ഥാനത്തുനിന്ന് ടിവി അനുപമയെ മാറ്റി. ഗതാഗത...

സിഎംആര്‍എല്‍-എക്‌സാലോജിക് കേസ്: ‘ നാളെ ഹാജരാകാനാകില്ല’, ഇഡിക്ക് മറുപടി നല്‍കി പിണറായി വിജയന്‍

കൊച്ചി : സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍...