തൃശൂർ : പാലിയേക്കര ടോൾ പ്ലാസയിൽ ബാരിയര്‍ ഫ്രീ ടോള്‍ നടപ്പിലാക്കുന്ന കാര്യം പരിശോധിക്കാൻ ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം നൽകി ജില്ലാ കളക്ടർ. ടോള്‍ ബൂത്തില്‍ വാഹനങ്ങൾ നിര്‍ത്താതെ തന്നെ കടന്നുപോകാന്‍ അനുവദിക്കുന്ന, തടസ്സങ്ങളില്ലാത്ത ടോള്‍ പിരിവ് സംവിധാനമാണ് ബാരിയര്‍ ഫ്രീ ടോള്‍ പ്ലാസ. തമിഴ്നാട്ടിലെ താംബരത്ത് ഇത്തരത്തിലുള്ള ടോൾ പ്ലാസ യാഥാർത്ഥ്യമായിട്ടുണ്ട്. ഇത് പാലിയേക്കരയിലും നടപ്പിലാക്കാൻ കഴിയുമോയെന്നാണ് ശ്രമം.
താംബരം പരനൂരില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ബാരിയര്‍ ഫ്രീ ടോള്‍ പ്ലാസ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ദേശീയപാത 45 ല്‍ ചെങ്കല്‍പട്ടിന് സമീപത്താണ് ഈ ടോള്‍ പ്ലാസ,മള്‍ട്ടി-ലെയ്ന്‍ ഫ്രീ ഫ്ലോ സാങ്കേതികവിദ്യയിൽ പൂര്‍ണ്ണമായും ഓട്ടോമേറ്റഡ് ആയ ടോൾ പിരിവ് രീതിയാണ് ഇവിടെ ഏർപ്പെടുത്തിയത്. പാലിയേക്കരയിൽ ഈ രീതി നടപ്പിലാക്കിയാൽ നിലവിലെ ഗതാഗത കുരുക്കിന് പരിഹാരമാകും.
പാലിയേക്കരയിൽ ഗതാഗത പ്രശ്നങ്ങൾക്കൊപ്പം യാത്രക്കാർക്ക് ടോളിൽ കാത്ത് കിടക്കേണ്ടി വരുന്ന ഗതികേടും ബാരിയര്‍ ഫ്രീ ടോള്‍ പ്ലാസ വരുന്നതോടെ ഇല്ലാതാവും. വാഹനം ടോള്‍ കടന്നുപോകുമ്പോള്‍, മുകളില്‍ സ്ഥാപിക്കുന്ന ഉപകരണങ്ങള്‍ ഫാസ്റ്റാഗ് വിവരങ്ങള്‍ പരിശോധിക്കുകയും ടോൾ ഈടാക്കുകയും ചെയ്യും.
ഫാസ്റ്റ്ടാഗുമായി ബന്ധിപ്പിച്ച റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സാങ്കേതികവിദ്യയും ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നിഷന്‍ (എഎല്‍പിആര്‍) ക്യാമറകളും സംയോജിപ്പിച്ചാണ് ഇവയുടെ പ്രവർത്തനം. വാഹനം നിർത്തുകയോ, ടോൾ പാതയിൽ കാത്ത് നിൽക്കുകയോ ചെയ്യാതെ വാഹന തരവും നമ്പറും തിരിച്ചറിഞ്ഞ് ടോൾ തുക ഈടാക്കുന്ന നടപടി വാഹനയാത്രക്കാർക്ക് ഏറെ പ്രയോജനമാകും.
രാജ്യത്തെ ആദ്യ ബാരിയര്‍-ഫ്രീ ടോള്‍ പ്ലാസ ഈ വര്‍ഷം മെയ് മാസത്തില്‍ സൂറത്തിനും ഭറൂച്ചിനും ഇടയിലുള്ള കാംറെജ്-ചോര്യസി പാതയിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. തമിഴ്നാട്ടിലും ഈ സംവിധാനം വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെയാണ് തൃശൂർ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ദേശീയപാത ടാസ്ക്ഫോഴ്സ് യോഗത്തിൽ ഇവിടെയും ഇത് യാഥാർത്ഥ്യമാക്കാനാകുമോയെന്ന് പരിശോധിക്കാൻ നിർദ്ദേശിച്ചത്.
യോഗത്തിൽ ദേശീയപാതനിർമാണത്തിലെ സുരക്ഷാപ്രശ്നങ്ങൾ, കാൽ നടയാത്രക്കാരുടെ ദുരിതം, വെള്ളക്കെട്ട് എന്നിവ സംബന്ധിച്ച് സംയുക്തപരിശോധനാസംഘം സമർപ്പിച്ച റിപ്പോർട്ടു പ്രകാരമുള്ള അപാകം പൂർണ്ണമായി പരിഹരിച്ചതായി ദേശീയപാത 66 പ്രോജക്ട് ഡയറക്ടർ അറിയിച്ചു. ഇവ നേരിട്ട് പരിശോധിച്ച് ഉറപ്പുവരുത്താൻ പോലീസിനെയും മോട്ടോർവാഹനവകുപ്പിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
