തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക് വിധേയമായി സസ്‌പെൻഡ് ചെയ്ത വിദ്യാർത്ഥികൾ മാപ്പ് എഴുതിക്കൊടുക്കണമെന്ന സിൻഡിക്കേറ്റ് നിബന്ധന അംഗീകരിക്കാനാവില്ലെന്ന് എസ്എഫ്ഐ. മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേതാണെന്നും അത്തരം ശീലം എസ്എഫ്ഐക്ക് ഇല്ലെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.
“മാപ്പു പറയാൻ നിങ്ങൾ വേറെ ആരെയെങ്കിലും നോക്കണമെന്നാണ് സിസ തോമസിനോട് പറയാനുള്ളത്. ആർഎസ്എസുകാരോ, റോജി എം ജോണോ പറയുമായിരിക്കും. എന്നാൽ എസ്എഫ്ഐ ഈ വിഷയത്തിൽ ഒരു മാപ്പും പറയില്ല.”- സഞ്ജീവ് വ്യക്തമാക്കി.
വിദ്യാർത്ഥികൾ ഒരു തെറ്റും ചെയ്തിട്ടില്ല. അധികാരികൾ അന്വേഷണ സമിതിയെ വെച്ച് കുറ്റം കണ്ടെത്തി 60 ദിവസത്തേക്ക് പുറത്താക്കുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. മാപ്പപേക്ഷ എഴുതി നൽകുന്നതിനൊപ്പം മാതാപിതാക്കളെ കൊണ്ടുവന്ന് ഉറപ്പുനൽകണമെന്ന നിർദ്ദേശം ആർഎസ്എസ് ബുദ്ധിയിൽ നിന്ന് ഉടലെടുത്തതാണെന്നും സഞ്ജീവ് കുറ്റപ്പെടുത്തി.
സസ്‌പെൻഷനിലായ 16 വിദ്യാർത്ഥികളിൽ 12 പേർ മാപ്പപേക്ഷ എഴുതി നൽകിയാൽ തിരികെ പ്രവേശിപ്പിക്കാമെന്നാണ് സിൻഡിക്കേറ്റ് അറിയിപ്പ്. ബാക്കി 4 പേരുടെ സസ്‌പെൻഷൻ നീട്ടാനാണ് തീരുമാനം. സസ്‌പെൻഷൻ കാലയളവിൽ ക്യാമ്പസിനുള്ളിൽ പ്രവേശിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ കാലാവധി നീട്ടിയത്.
എന്നാൽ, സസ്‌പെൻഷനിലായ 16 വിദ്യാർത്ഥികളുടെയും നടപടി പൂർണ്ണമായി പിൻവലിക്കുന്നതുവരെ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ട് പോകാനാണ് എസ്എഫ്ഐയുടെ തീരുമാനം. രാപ്പകൽ സമരവും അനിശ്ചിത കാല നിരാഹാര സമരവും തുടരും. സിൻഡിക്കേറ്റ് അംഗങ്ങൾ നിലവാരം കുറഞ്ഞ രാഷ്ട്രീയത്തിലേക്ക് മാറരുതെന്നും, കുറ്റം ചെയ്യാത്ത വിദ്യാർത്ഥികൾക്കെതിരെയുള്ള വേട്ടയാടൽ അവസാനിപ്പിച്ച് 16 പേരുടെയും സസ്‌പെൻഷൻ ഉടനടി പിൻവലിക്കണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം.
സമരം നടത്തുന്നത് സവർക്കറുടെ പിന്മുറക്കാരല്ല, ഭഗത് സിങിന്റെ പിന്മുറക്കാരാണെന്ന് ഡിവൈഎഫ്ഐ നേതാവ് എം വിജിൻ പറഞ്ഞു. ആർഎസ്എസുകാർക്ക് മാപ്പ് എഴുതിക്കൊടുക്കാൻ എപ്പോഴും തോന്നിക്കൊണ്ടിരിക്കും. എന്നാൽ സമരം നടത്തുന്ന വിദ്യാർത്ഥികൾ അങ്ങനെയല്ല. നടപടി നേരിട്ട 16 വിദ്യാർത്ഥികളുടെയും സസ്പെൻഷൻ പിൻവലിക്കുന്നതുവരെ സമരം തുടരും. ആ സമരത്തിന് ഡിവൈഎഫ്ഐ പൂർണ പിന്തുണ നൽകുമെന്നും വിജിൻ കൂട്ടിച്ചേർത്തു.
