ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആരോപണത്തിന് മറുപടിയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശ സഹായത്തോടെയാണ് മോദി പ്രധാനമന്ത്രി പദത്തിലെത്തിയതും ആ സ്ഥാനത്ത് തുടരുന്നതെന്നും രാഹുൽ ആരോപിച്ചു. വിഷയത്തില്‍ പരസ്യ സംവാദത്തിനും പ്രധാനമന്ത്രിയെ രാഹുൽ ഗാന്ധി വെല്ലുവിളിച്ചു.
പ്രധാനമന്ത്രി രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. പോസ്റ്റ് ഇങ്ങനെ – “മിസ്റ്റർ മോദി, ഈ രാജ്യത്തോടു കള്ളം പറയുന്നത് നിര്‍ത്തൂ. വിദേശ സഹായം കൊണ്ടാണ് താങ്കള്‍ പ്രധാനമന്ത്രിയായത്. വിദേശ സഹായം കൊണ്ടുതന്നെയാണ് ആ പദവിയില്‍ തുടരുന്നതും. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ വിദേശ ശക്തികളുടെ നിയന്ത്രണത്തിലാണ്. വിദേശ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നുണ്ട്. ഏതു വേദിയിലും ഏതു സമയത്തും ഇതിനെക്കുറിച്ച് പരസ്യ സംവാദത്തിന് ഞാന്‍ താങ്കളെ വെല്ലുവിളിക്കുന്നു. ധൈര്യമുണ്ടെങ്കില്‍ വരൂ. താങ്കളെക്കുറിച്ചുള്ള എന്റെ അറിവില്‍ ഭയമുള്ളതിനാല്‍ താങ്കള്‍ അതിന് മുതിരില്ല.”
ശനിയാഴ്ച ഗുജറാത്ത് സന്ദര്‍ശനത്തിനിടെയാണ് പ്രതിപക്ഷം വികസനം തടസ്സപ്പെടുത്തുകയാണെന്നും കള്ളം പ്രചരിപ്പിച്ച് രാജ്യത്ത് അസ്ഥിരതയുണ്ടാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുകയാണെന്നും മോദി ആരോപിച്ചത്. പ്രതിപക്ഷം ‘വിരോധ് പക്ഷം’ (പ്രതിപക്ഷ ബ്ലോക്ക്) എന്നതിന് പകരം ‘അവരോധ് പക്ഷം’ (തടസ്സപ്പെടുത്തുന്ന ബ്ലോക്ക്) ആയി മാറി. പ്രതിപക്ഷ നേതാക്കള്‍ വിദേശത്ത് രഹസ്യമായി ആരെയാണ് കാണുന്നതെന്ന് ചോദിച്ച മോദി, ശത്രുക്കളുടെ ഭാഷയാണ് അവര്‍ സംസാരിക്കുന്നതെന്നും പറഞ്ഞിരുന്നു.
