Monday, November 2, 2026

‘അർണാബ്’ ചുഴലിക്കാറ്റിന് പിറകെ ‘മുറസു’വും! ; 120 കിലോമീറ്റർ വേഗത, ചെന്നൈയിൽ അതിശക്ത മഴ

Date:

[Photo Courtesy : X]

അമരാവതി: ആന്ധ്രാ പ്രദേശിൽ നാശം വിതച്ച ‘അർണാബ്’ (Arnab) ചുഴലിക്കാറ്റ്  അരങ്ങൊഴിഞ്ഞതിന് പിറകെ പുതിയ ചുഴലിക്കാറ്റ് രൂപപ്പെട്ടിരിക്കുന്നു – മുറസു ( Cyclone Murasu ). മുറസു ചുഴലിക്കാറ്റ് തികളാഴ്ച അർദ്ധ രാത്രിക്കും ചൊവ്വാഴ്ച പുലർച്ചയ്ക്കുമിടയിൽ തെക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് കരതൊടാനാണ് സാദ്ധ്യതയെന്നറിയുന്നു. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 100 മുതൽ 110 കിലോമീറ്റർ വരെയും ചിലപ്പോൾ 120 കിലോമീറ്റർ വരെയും ആയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. നെല്ലൂരിനും നർസാപൂരിനും ഇടയിലാണ് മുറസു ചുഴലിക്കാറ്റ് കരതൊടാൻ സാദ്ധ്യതയെന്നും അറിയിക്കുന്നു. ആന്ധ്രാ പ്രദേശ് തീരത്ത് എത്തുന്നതിന് മുന്നോടിയായി ചുഴലിക്കാറ്റ് ‘അതിതീവ്ര ചുഴലിക്കാറ്റായി’ (Very Severe Cyclonic Storm) മാറാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് സൂചിപ്പിക്കുന്നു.

മുറസു ചുഴലിക്കാറ്റിൻ്റെ ഫലമായി ചെന്നൈയിലും വടക്കൻ തമിഴ്‌നാടിന്റെ ചില ഭാഗങ്ങളിലും ശക്തമായ മഴയാണ്. തിങ്കളാഴ്ച രാവിലെ 8.30ഓടെ നെല്ലൂരിന് കിഴക്ക് – തെക്കുകിഴക്കായും ചെന്നൈയ്ക്ക് വടക്കുകിഴക്കായും യഥാക്രമം 160 കിലോമീറ്റർ മുതൽ 180 കിലോമീറ്റർ അകലത്തിലായിരുന്നു ചുഴലിക്കാറ്റിന്റെ സ്ഥാനം. വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് കാരണമാകും.

മോശം കാലാവസ്ഥയെത്തുടർന്ന് തിങ്കളാഴ്ച ചെന്നൈ വിമാനത്താവളത്തിൽ ഏതാനം വിമാന സർവ്വീസുകൾ റദ്ദാക്കി. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനുമായി യാത്രക്കാർ അതത് എയർലൈനുകളുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പിനെത്തുടർന്ന് തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ ജില്ലകളിലെ എല്ലാ സ്കൂളുകൾക്കും കോളേജുകൾക്കും തിങ്കളാഴ്ച അവധി നൽകിയിരുന്നു.

ചെന്നൈ, ചെങ്കൽപട്ട്, തിരുവള്ളൂർ ജില്ലകളിൽ വ്യാപകമായ മഴയ്ക്ക് വഴിയൊരുക്കി. ഞായറാഴ്ച രാത്രി മുതൽ പലയിടങ്ങളിലും ശക്തമായ മഴയാണ് ലഭിച്ചത്. തിങ്കളാഴ്ച രാവിലെ 8.30-ന് അവസാനിച്ച 24 മണിക്കൂറിനുള്ളിൽ കടപ്പാക്കം, പാരിസ് എന്നിവിടങ്ങളിൽ 15 സെന്റീമീറ്റർ വീതം മഴ രേഖപ്പെടുത്തി. മണലി ന്യൂ ടൗൺ, മണലി എന്നിവിടങ്ങളിൽ 14 സെന്റീമീറ്റർ വീതവും, സാത്തങ്കാടിൽ 13 സെന്റീമീറ്ററും മഴ ലഭിച്ചു. കതിവാക്കം, എന്നൂർ, ബേസിൻ ബ്രിഡ്ജ്, പുഴൽ, വിംകോ നഗർ, തൊണ്ടിയാർപേട്ട് എന്നിവിടങ്ങളിൽ 11 സെന്റീമീറ്റർ വീതവും, നുങ്കംപാക്കത്ത് 9 സെന്റീമീറ്ററും, മീനംപാക്കത്ത് 3 സെന്റീമീറ്ററും മഴ രേഖപ്പെടുത്തി.

ചെന്നൈയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും, ഇടിമിന്നലിനും, മണിക്കൂറിൽ 40 – 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടെങ്കിലും വെള്ളപ്പൊക്കം ഉണ്ടായിട്ടില്ലെന്ന് ഗ്രേറ്റർ ചെന്നൈ കോർപറേഷൻ കമ്മീഷണർ ജി.എസ്. സമീരൻ അറിയിച്ചു.

നഗരത്തിലെ 22 സബ്‌വേകളിൽ രണ്ടെണ്ണത്തിൽ ചെറിയ തോതിൽ വെള്ളക്കെട്ട് ഉണ്ടായെങ്കിലും അത് ഉടൻ തന്നെ നീക്കം ചെയ്തു. നിലവിൽ എല്ലാ സബ്‌വേകളും ഗതാഗതത്തിനായി തുറന്നിട്ടിരിക്കുകയാണ്. മോശം കാലാവസ്ഥയെത്തുടർന്ന് ചെന്നൈയിലെ സ്കൂളുകൾ തിങ്കളാഴ്ച അടച്ചിട്ടു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി നഗരസഭാ സംഘങ്ങൾ താഴ്ന്ന പ്രദേശങ്ങളിൽ പമ്പുകളും അധിക മോട്ടോറുകളും സ്ഥാപിച്ചു.

തെലങ്കാനയിലെ ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചു. മോശം കാലാവസ്ഥാ സാഹചര്യങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.

മുറസു ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിനെത്തുടർന്ന് അപകടസാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്ന നടപടികൾ ഒഡീഷ വേഗത്തിലാക്കി. ഗഞ്ചം, ഗജപതി, റായഗഡ, കോരാപുട്ട്, മൽക്കൻഗിരി എന്നീ തെക്കൻ ജില്ലകളിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചതായി ദുരന്തനിവാരണ മന്ത്രി സുരേഷ് പൂജാരി അറിയിച്ചു. എൻഡിആർഎഫ് (NDRF), ഒഡിആർഎഎഫ് (ODRAF), അഗ്നിശമന സേന എന്നിവയുടെ 300ലധികം സംഘങ്ങളെ ഈ പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഗജപതി, ഗഞ്ചം ജില്ലകളുടെ ചില ഭാഗങ്ങളിൽ ശക്തമായ കാറ്റിനൊപ്പം (മണിക്കൂറിൽ 40-50 കി.മീ വേഗതയിൽ) കനത്ത മഴയ്ക്കും സാദ്ധ്യതയുണ്ട്.

Share post:

Popular

More like this
Related

‘വിദേശ സഹായം കൊണ്ടാണ് മോദി പ്രധാനമന്ത്രി ആയത്, ആ പദവിയിൽ തുടരുന്നതും’ ; പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : പ്രതിപക്ഷം രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ വിദേശ സഹായം തേടുന്നുവെന്ന പ്രധാനമന്ത്രി...

‘മാപ്പെഴുതി കൊടുക്കുന്ന ശീലം ആർഎസ്എസിന്റേത്, എസ്എഫ്ഐയുടേതല്ല’ ; കാലടി സർവ്വകലാശാല സിൻഡിക്കേറ്റ് നിർദ്ദേശം തള്ളി എസ്എഫ്ഐ

തിരുവനന്തപുരം : കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽ അച്ചടക്ക നടപടിക്ക്...

മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ സംഭവം: രണ്ട് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ

തിരുവനന്തപുരം: ബിജെപി ആസ്ഥാനമായ മാരാർജി ഭവന് നേരെ ബിയർ കുപ്പിയെറിഞ്ഞ കേസിൽ...