തിരുവനന്തപുരം : സാമൂഹിക മാധ്യമ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ്റെ വാദം പൊളിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾ മെറ്റ നീക്കം ചെയ്തത് സർക്കാർ നിർദ്ദേശപ്രകാരമാണെന്നായിരുന്നു ആഭ്യന്തരമന്ത്രി വ്യക്തമാക്കിയത്. നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ആഭ്യന്തരമന്ത്രി ഇക്കാര്യം സമ്മതിച്ചത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായതുൾപ്പടെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ നീക്കിയ സംഭവത്തിലായിരുന്നു അഭ്യന്തരമന്ത്രിയുടെ മറുപടി. പോസ്റ്റുകൾ നീക്കം ചെയ്യുന്നത് സർക്കാരിന്റെ അറിവോടെയല്ല എന്നായിരുന്നു മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞിരുന്നത്.
പോസ്റ്റുകൾ നീക്കം ചെയ്യാൻ മെറ്റയ്ക്ക് നോട്ടീസ് നൽകിയെന്നും ആഭ്യന്തരമന്ത്രി മറുപടിയിൽ വ്യക്തമാക്കി. എഡിറ്റ് ചെയ്ത വീഡിയോകളും മോർഫ് ചെയ്ത ചിത്രങ്ങളും പ്രചരിക്കുന്നത് തടയാനുള്ള നടപടി എന്നാണ് സർക്കാർ നൽകുന്ന വിശദീകരണം. ഇത് പ്രകാരം15627 പോസ്റ്റുകൾ നീക്കം ചെയ്തെന്നാണ് നിയമസഭാ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കുന്നത്. 4201 പരാതിയിൽ 3472 എണ്ണത്തിൽ നടപടി സ്വീകരിച്ചു എന്നും മറുപടിയിൽ ചൂണ്ടിക്കാണിക്കുന്നു.
