[Photo Courtesy: X]
ലഖ്‌നൗ : ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരവെ, സീറ്റുകൾ പങ്കു വെയ്ക്കുന്നതിൽ കോണ്‍ഗ്രസ്സും സമാജ്‌വാദി പാര്‍ട്ടിയും തമ്മിൽ ആശയകുഴപ്പം. ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം മത്സരിക്കുന്ന കോണ്‍ഗ്രസ് ഇത്തവണ ആവശ്യപ്പെട്ട 181 സീറ്റുകളിൽ 22 എണ്ണം സമാജ്‌വാദി പാര്‍ട്ടിയുടെ സിറ്റിങ് സീറ്റുകളാണെന്ന് റിപ്പോര്‍ട്ട്. നിലവില്‍ എസ്പി എംഎല്‍എമാരാണ് ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്.
ന്യൂഡല്‍ഹിയില്‍ നടന്ന 24ാമത് ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ സംസാരിക്കവെ എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവാണ് 403 അംഗ നിയമസഭയില്‍ കോണ്‍ഗ്രസ് 181 സീറ്റുകള്‍ ആവശ്യപ്പെട്ട വിവരം വ്യക്തമാക്കിയത്. 200 സീറ്റുകളാണോ കോണ്‍ഗ്രസ് ചോദിച്ചതെന്ന ചോദ്യത്തിന് ‘അതിനേക്കാള്‍ അല്‍പ്പം കുറവ്’ എന്നും, 180 ആണോ എന്ന ചോദ്യത്തിന് ‘180-നോട് ഒന്ന് കൂടി കൂട്ടൂ’ എന്നും അഖിലേഷ് മറുപടി നല്‍കി. ഒക്ടോബര്‍ 19നാണ് കോണ്‍ഗ്രസ് തങ്ങളുടെ 181 മണ്ഡലങ്ങളുടെ പട്ടിക എസ്പിക്ക് കൈമാറിയത്.
അമേഠി, സഹാരന്‍പൂര്‍, ബച്ചന്‍രവാന്‍ എന്നീ സീറ്റുകളിലേക്ക് കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. എസ്പി എംഎല്‍എമാരായ മഹാരാജി പ്രജാപതി, ആഷു മാലിക്, ശ്യാം സുന്ദര്‍ ഭാരതി എന്നിവരാണ് യഥാക്രമം ഈ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്നത്. ഇതിന് പുറമെ പ്രമുഖ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളായ ബെഹത് (ഉമര്‍ അലി ഖാന്‍), മൊറാദാബാദ് (നാസിര്‍ ഖുറൈശി), കാണ്‍പൂര്‍ കന്റോണ്‍മെന്റ് (മുഹമ്മദ് ഹസ്സന്‍ റൂമി) എന്നീ മണ്ഡലങ്ങളും ജൂലൈയില്‍ അന്തരിച്ച എസ്പി എംഎല്‍എ ആലം ബദി ആസ്മിയുടെ നിസാമാബാദ് മണ്ഡലവും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ 2022ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് വെറും രണ്ട് സീറ്റുകളിലൊതുങ്ങിയിരുന്നു. അതേസമയം 111 സീറ്റുകളിലാണ് സമാജ്‌വാദി പാര്‍ട്ടി വിജയിച്ചത്. അതിനാല്‍ കോണ്‍ഗ്രസിന്റെ ഈ ആവശ്യം പ്രായോഗികമല്ലെന്നാണ് എസ്പി നേതൃത്വത്തിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിന് 100ല്‍ താഴെ, അതായത് 50 മുതല്‍ 75 വരെ സീറ്റുകള്‍ മാത്രം നല്‍കാനാണ് എസ്പി നേതൃത്വം ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ച അമേഠി, സഹാറന്‍പൂര്‍, റായ്ബറേലി മണ്ഡലങ്ങള്‍ക്ക് കീഴിലുള്ള നിയമസഭാ സീറ്റുകളെല്ലാം കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഈ മേഖലകളില്‍ തങ്ങള്‍ക്ക് നിലവില്‍ എംഎല്‍എമാരുണ്ടെന്നും സിറ്റിങ് എംഎല്‍എമാര്‍ക്കാണ് പ്രഥമ പരിഗണനയെന്നും എസ്പി വ്യക്തമാക്കി.
കൂടാതെ തങ്ങളുടെ പ്രധാന വോട്ട് ബാങ്കായ മുസ്‌ലിം ഭൂരിപക്ഷ മേഖലകളിലെ സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കുന്നതിലും എസ്പിക്ക് അതൃപ്തിയുണ്ട്. 181 മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാന്‍ പ്രാപ്തിയുള്ള ജനസ്വാധീനമുള്ള സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസിന് ഉണ്ടോ എന്നും എസ്പി നേതാക്കള്‍ ചോദ്യമുയര്‍ത്തുന്നുണ്ടെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് പറയുന്നു.
ഇതിനിടെ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ ഉന്നതതല യോഗം ചേര്‍ന്നു. എസ്പിയുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്ക് പ്രിയങ്ക ഗാന്ധി നേതൃത്വം നല്‍കുമെന്ന് യോഗത്തില്‍ തീരുമാനമായി. ഡിസംബര്‍ ഒന്നിന് മുന്‍പ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി ഡിസംബര്‍ ആദ്യവാരം രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ചേര്‍ന്ന് സംയുക്ത പ്രചാരണം ആരംഭിക്കും. ലഖ്‌നൗവില്‍ നവംബര്‍ 17ഓടെ ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തങ്ങള്‍ക്ക് മാന്യമായ വിഹിതം വേണമെന്നും വിജയസാദ്ധ്യത അടിസ്ഥാനമാക്കി സീറ്റുകള്‍ തിരിക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പ്രഭാരി രാജേന്ദ്രപാല്‍ ഗൗതമും സംസ്ഥാന അദ്ധ്യക്ഷ ആരാധന മിശ്രയും വ്യക്തമാക്കി. ബിജെപിയെ താഴെയിറക്കുകയാണ് സഖ്യത്തിന്റെ ലക്ഷ്യമെന്ന് കെ സി വേണുഗോപാലും വ്യക്തമാക്കിയിട്ടുണ്ട്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം 80-ല്‍ 43 സീറ്റുകള്‍ നേടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു.
