Friday, November 13, 2026

‘കാലടിയിലേത് കേവലമായൊരു വിദ്യാർത്ഥി സമരമല്ല; ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ള പോരാട്ടമാണിത്’: ജോൺ ബ്രിട്ടാസ് എം പി

Date:

കാലടിയിലേത് കേവലമായ ഒരു സർവ്വകലാശാല വിദ്യാർത്ഥി സമരം മാത്രമല്ലെന്നും കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ള സമരമാണിതെന്നും ഡോ. ജോൺ ബ്രിട്ടാസ് എം പി. ആർഎസ്എസ് തിട്ടൂരത്തിനു കീഴടങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും യുഡിഎഫ് സർക്കാരിനുമെതിരായ സമരം കൂടിയാണിത്. കാലടിയിലെ കുട്ടികളുടെ സമരം വിജയിക്കേണ്ടത് ജനാധിപത്യ മതേതര കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സർവ്വകലാശാലയിലെ വിദ്യാർഥികളെ പരീക്ഷയെഴുതിക്കാതിരിക്കാൻ കോടതി കയറുന്ന കേരളത്തിലെ ആദ്യത്തെ വിസിയായി ആർഎസ്എസ് ചട്ടുകമായ സിസ തോമസ് മാറിയെന്നും ബ്രിട്ടാസ് എം പി പറഞ്ഞു. എന്നാൽ ഇതെല്ലാം നടക്കുമ്പോൾ യുഡിഎഫും യുഡിഎഫിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എവിടെയായിരുന്നു? വിദ്യാർഥികളുടെ ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കുന്നതിനുപകരം അവർ ആർഎസ്എസിന് അടിമപ്പെടുകയാണെന്നും അദ്ദേഹം വിമർശിച്ചു.

ഡോ. ജോൺ ബ്രിട്ടാസ് എം പിയുടെ ഫേസ്ബുക്ക് പോസ്റ്റി​ന്റെ പൂർണരൂപം:-

കാലടി സർവകലാശാലയിലെ കുട്ടികളുടെ നിരാഹാര സമരം ഇന്ന് പന്ത്രണ്ടാം ദിനത്തിലേക്ക് കടക്കുകയാണ്; പഠിക്കാനുള്ള അവകാശത്തിനുവേണ്ടിയാണ് അവരുടെ പോരാട്ടം. ന്യായമായ പഠനാവശ്യങ്ങൾ ഉന്നയിച്ച് നാടകം ഉൾപ്പെടെയുള്ള കലാപരിപാടികൾ അവതരിപ്പിച്ച് സമരം ചെയ്തതിനാണ് കഴിഞ്ഞ 73 ദിവസമായി കാലടിയിലെ 16 കുട്ടികളെ സസ്പെൻഡ് ചെയ്തിരിക്കുന്നത്.
സമരത്തിന്റെ പേരിൽ ‘വിസിയുടെ ശവമഞ്ചം തീർത്തു’ എന്നായിരുന്നു ആദ്യം പ്രചരിപ്പിച്ച പച്ചക്കള്ളം. എന്നാൽ അത് ശവമഞ്ചമല്ലെന്നും പ്രതീകാത്മക നാടകമാണെന്നും മാധ്യമങ്ങൾ ഉൾപ്പെടെ വാർത്ത നൽകിയതോടെ, ‘വിസിയെ ആക്രമിച്ചതാണെന്ന്’ മറ്റൊരു പച്ചക്കള്ളം കൂടി പ്രചരിപ്പിച്ചു. എന്നാൽ അതും നടന്നിട്ടില്ലെന്ന് അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് വന്നപ്പോൾ, പരീക്ഷയെഴുതാൻ അനുവദിക്കാതെ കുട്ടികളെ ദ്രോഹിക്കാനാണ് വിസി നീക്കം നടത്തിയത്. അതിനെയെല്ലാം നിയമവ്യവസ്ഥയിലൂടെ ആ കുട്ടികൾ മറികടന്നപ്പോൾ, സ്വന്തം സർവകലാശാലയിലെ വിദ്യാർത്ഥികളെ പരീക്ഷയെഴുതിക്കാതിരിക്കാൻ കോടതി കയറുന്ന കേരളത്തിലെ ആദ്യത്തെ വിസിയായി ആർഎസ്എസ് ചട്ടുകമായ സിസ തോമസ് മാറി.
എന്നാൽ ഇതെല്ലാം നടക്കുമ്പോൾ യുഡിഎഫും യുഡിഎഫിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും എവിടെയായിരുന്നു? വിദ്യാർത്ഥികളുടെ ന്യായമായ ആവശ്യത്തിനൊപ്പം നിൽക്കുന്നതിനുപകരം അവർ ആർഎസ്എസിന് അടിമപ്പെടുകയാണ്. ആർഎസ്എസ് പ്രചരിപ്പിച്ച പച്ചക്കള്ളങ്ങൾ ഓരോന്നായി ഏറ്റെടുക്കുകയും വിദ്യാർത്ഥികൾക്കെതിരെ കള്ളക്കേസ് എടുക്കുകയും ചെയ്യുന്നു. ന്യായമായ ആവശ്യങ്ങളുടെ പേരിൽ സമരം ചെയ്ത വിദ്യാർത്ഥികളോട് രാഷ്ട്രീയവിരോധത്തിന്റെ പേരിൽ പകപോക്കൽ നടപടിയാണ് ആർഎസ്എസ് ചട്ടുകമായ വിസിയും യുഡിഎഫ് നേതൃത്വം നൽകുന്ന സർവകലാശാലയും സ്വീകരിക്കുന്നത്. ഒപ്പം, മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്ന സർവകലാശാലയുടെ പേക്കൂത്തും അതിനു കുടപിടിക്കുന്ന കോൺഗ്രസിന്റെ ഉന്നതവിദ്യാഭ്യാസ മന്ത്രിയും…
ഇത് കേവലമായ ഒരു സർവകലാശാലയിലെ വിദ്യാർത്ഥി സമരം മാത്രമല്ല; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ പിടിമുറുക്കാൻ ശ്രമിക്കുന്നതിനെതിരെയുള്ള സമരമാണിത്. ആർഎസ്എസ് തിട്ടൂരത്തിനു കീഴടങ്ങിയ ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനും യുഡിഎഫ് സർക്കാരിനുമെതിരായ സമരം കൂടിയാണിത്. കാലടിയിലെ കുട്ടികളുടെ സമരം വിജയിക്കേണ്ടത് ജനാധിപത്യ മതേതര കേരളത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.
ഈ ഐതിഹാസിക പോരാട്ടത്തിൽ കാലടിയിലെ കുട്ടികളോട് നമുക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാം

Share post:

Popular

More like this
Related

കാലടിയിൽ വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ; വിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനം

കൊച്ചി : കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ...

മാപ്പപേക്ഷ വേണമെന്ന നിലപാടിലുറച്ച് സർവ്വകലാശാല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മാപ്പപേക്ഷ എഴുതി നൽകണമെന്ന ഉറച്ച നിലപാടെടുത്ത് ഹൈക്കോടതിയിൽ...

മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരം

കൊച്ചി : യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരത്തിന് നടൻ മമ്മൂട്ടിയെ...