Friday, November 13, 2026

കാലടിയിൽ വിദ്യാർത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ്  പിണറായി വിജയൻ; വിസിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനം

Date:

കൊച്ചി : കാലടി സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥികളെ സന്ദർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇന്ന് രാവിലെ 9.45ഓടെയാണ് പിണറായി വിജയന്‍ കാലടിയില്‍ എത്തിയത്. നാടാകെ സമരം നടത്തുന്ന വിദ്യാർത്ഥികൾക്കൊപ്പമാണെന്നും മനുഷ്യത്വ വിരുദ്ധമായ കാര്യങ്ങളാണ് കാലടിയിൽ നടന്നതെന്നും പിണറായി പറഞ്ഞു.

എസ്എഫ്‌ഐക്ക് നേരെയുള്ള രാഷ്ട്രീയ വിരോധത്തിന്റെ ഭാഗമായുള്ള ഇടപെടല്‍ പോലെയാണ് കാര്യങ്ങള്‍ നീങ്ങിയത്. ആര്‍എസ്എസുകാര്‍ നുണകള്‍ സൃഷ്ടിക്കാനും പ്രചരിപ്പിക്കാനും വൈദഗ്ധ്യം ലഭിച്ചവരാണ്. അവരുടെ ഇഷ്ട തോഴിയായാണ് വൈസ് ചാന്‍സലര്‍ സിസ തോമസ് പ്രവര്‍ത്തിക്കുന്നത്. വി സി എന്നത് ആദരവർഹിക്കുന്ന സ്ഥാനമാണെന്നും എന്നാൽ അവർ പച്ച നുണയാണ് സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

തന്റെ ശവദാഹം വിദ്യാര്‍ത്ഥികള്‍ നടത്തി എന്നാണ് അവര്‍ ആരോപിച്ചത്. അതിന് പതിനാറ് പേരെ കണ്ടെത്തി. തുടര്‍ന്ന് അവരെ സസ്‌പെന്‍ഡ് ചെയ്യുന്നു. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തെക്കുറിച്ച് ആ ദിവസമോ അതിന്റെ അടുത്ത ദിവസമോ പരാതി ഉണ്ടായിരുന്നില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോഴാണ് പ്ലാന്‍ തയ്യാറാക്കിയത്. അതില്‍ ആ സമയം കേരളത്തിലുണ്ടായിരുന്ന ചാന്‍സര്‍ കൂടിയായ ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ക്ക് കൃത്യമായ പങ്കുണ്ടെന്ന് പിണറായി വിജയന്‍ വിമര്‍ഷിച്ചു. ഗണവേഷം ധരിച്ചിട്ടില്ല എന്നേയുള്ളൂ, അര്‍ലേക്കര്‍ കറകളഞ്ഞ ആര്‍എസ്എസാണ്. അര്‍ലേക്കറും വി സിയും തമ്മില്‍ നടന്ന ഗൂഢാലോചനയാണ് കള്ളപ്പരാതിക്ക് പിന്നിലെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

വിദ്യാര്‍ത്ഥികളുടെ സമരത്തിലടക്കം ഉന്നത വിദ്യാഭ്യാസ മന്ത്രിയും മുഖ്യമന്ത്രിയും എന്താണ് ചെയ്യുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. സര്‍ക്കാരിന്റെ മനോഭാവം വ്യക്തമാണ്. ഇത് അവസാനിപ്പിക്കണം. ഇത് നല്ലതിനല്ല. കുട്ടികളെ സസ്പെന്‍ഷനില്‍ നിര്‍ത്തി ഭാവി നശിപ്പിക്കാം എന്ന വ്യാമോഹം വേണ്ട. ഇത് തിരുത്തേണ്ടി വരും. തിരുത്തുന്നത് വരെ സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വൈസ് ചാന്‍സലര്‍ ഏകഛത്രാധിപതിയൊന്നുമല്ല. സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും പിണറായി വിജയന്‍ ചോദിച്ചു. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് വന്നവരാണ് തങ്ങള്‍ എന്ന നിലപാടാണോ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും സ്വീകരിക്കുന്നത്. കുട്ടികളുടെ സംരക്ഷണത്തിന് എത്തേണ്ടവരാണ് സര്‍ക്കാര്‍. എന്നാല്‍ അവര്‍ അത് ചെയ്യുന്നില്ല. സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്തേണ്ടതുണ്ടെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.

രാജ്യത്ത് തെറ്റിനെ ചോദ്യം ചെയ്ത് വിദ്യാർഥികൾ രം​ഗത്തുവരുന്നുണ്ടെന്നും അതിനെ ഒതുക്കുന്നതിനായി മർദ്ദന സംവിധാനങ്ങൾ ഒരുക്കുകയാണ് കേന്ദ്ര സർക്കാരെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്ന ഘട്ടത്തിൽ ജനാധിപത്യ സംരക്ഷണത്തിനു വേണ്ടിയാണ് വിദ്യാർഥികൾ ഇറങ്ങിത്തിരിച്ചതെന്ന് പ്രതിപക്ഷ നേതാവ് ഓർമ്മിപ്പിച്ചു. ഹുങ്കോടെ നടന്ന കേന്ദ്ര സർക്കാരിന് വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുമ്പിൽ മുട്ടുമടക്കേണ്ടി വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പി രാജീവ്, എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ് എന്നിവരും പിണറായിയോടൊപ്പം സമര പന്തലിൽ എത്തിയിരുന്നു.

Share post:

Popular

More like this
Related

മാപ്പപേക്ഷ വേണമെന്ന നിലപാടിലുറച്ച് സർവ്വകലാശാല; ഹൈക്കോടതിയിൽ സത്യവാങ്മൂലം

കൊച്ചി: പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ മാപ്പപേക്ഷ എഴുതി നൽകണമെന്ന ഉറച്ച നിലപാടെടുത്ത് ഹൈക്കോടതിയിൽ...

മമ്മൂട്ടിക്ക് ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരം

കൊച്ചി : യാക്കോബായ സഭയുടെ ശ്രേഷ്ഠ ബാവാ പുരസ്‌ക്കാരത്തിന് നടൻ മമ്മൂട്ടിയെ...