Thursday, July 9, 2026

സമാധാന കരാർ ഹോർമിസിൽ ‘ഉലഞ്ഞു’, യുദ്ധഭീതിയിൽ ഗൾഫ് ! ; ഇറാൻ്റെ 90 കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം, തിരിച്ചടിച്ച് ടെഹ്‌റാൻ

Date:

(Photo Courtesy: X)

ഇറാൻ – യുഎസ് സമാധാന കരാർ ഹോർമീസ് കടലിടുക്ക് വിഷയത്തിൽ തട്ടിതകർന്നു. ഗൾഫ് മേഖലകളാകെ വീണ്ടും യുദ്ധഭീതിയിലാണ്. യുദ്ധത്തിന് കോപ്പ്കൂട്ടിയ യുഎസ് വ്യാഴം പുലർന്നപ്പോൾ ഇറാനിൽ തുരുതുരെ വ്യോമാക്രമണം നടത്തി. ശക്തമായി തിരിച്ചടിച്ച് ഇറാനും യുദ്ധ വഴിയിൽതന്നെ.

ഹോർമൂസ് കടലിടുക്കിൽ മൂന്ന് കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾ വെടിനിർത്തലിൻ്റെ അവസാനത്തെയാണ് സൂചിപ്പിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ച് മണിക്കൂറുകൾക്കകമാണ് യു എസ് സൈന്യം പുതിയ ആക്രമണങ്ങൾക്ക് തുടക്കമിട്ടത്. ഒമാൻ തീരത്ത് നിരവധി ചരക്കുകപ്പലുകളെ ടെഹ്‌റാൻ ലക്ഷ്യമിട്ടതിനെത്തുടർന്ന് ബുധനാഴ്ച പുലർച്ചെ ഇറാനിലെ സൈനിക കേന്ദ്രങ്ങളിലും തുറമുഖ മേഖലകളിലും യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയാണ് വ്യാഴാഴ്ചത്തെ കടുത്ത ആക്രമണം.

യുഎസ് ആക്രമണത്തിന് ശക്തമായ തിരിച്ചടി നൽകിയ ഇറാൻ, ബഹ്‌റൈൻ, ഖത്തർ,    കുവൈറ്റ് എന്നിവടങ്ങളിലെ അമേരിക്കൻ നാവിക താവളങ്ങളെ ലക്ഷ്യം വെച്ചു. കയുഎസ് നാവികസേനയുടെ അഞ്ചാം ഫ്ലീറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിൽ രണ്ട് തവണയെങ്കിലും വ്യോമാക്രമണ സൈറണുകൾ മുഴങ്ങി. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ, തങ്ങളിലേക്ക് വന്ന ഡ്രോണുകളും മിസൈലുകളും സജീവമായി പ്രതിരോധിച്ചതായി കുവൈറ്റ് സൈന്യം അറിയിച്ചു. ബഹ്‌റൈനിലും കുവൈറ്റിലും ആക്രമണം നടത്തിയതായി ഇറാന്റെ റെവല്യൂഷണറി ഗാർഡും അവകാശപ്പെട്ടു.

ഇറാനിലുടനീളം ഏകദേശം 90 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി യുഎസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡ് അറിയിച്ചു. വിമാനത്താവളത്തിന്റെ റൺവേയ്ക്കും മിസൈൽ ലോഞ്ചറുകൾക്കും നേരെ നടന്ന ആക്രമണങ്ങൾ കാണിക്കുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് ദൃശ്യങ്ങളും അവർ പുറത്തുവിട്ടു. “യുഎസ് സേന അതീവ ജാഗ്രതയോടും മാരക പ്രഹരശേഷിയോടും കൂടി ഇരിക്കുകയാണ്, കമാൻഡർ ഇൻ ചീഫ് നിർദ്ദേശിക്കുന്ന ഓപ്പറേഷനുകൾ നടപ്പിലാക്കാൻ സജ്ജമാണ്,” യുഎസ് സൈന്യം വ്യക്തമാക്കി.

ഇറാന്റെ ആണവോർജ്ജ നിലയ സമുച്ചയം സ്ഥിതി ചെയ്യുന്ന ബുഷെഹർ, തെക്കൻ തുറമുഖ നഗരങ്ങളായ ചബഹാർ, കൊനാരക്, ബന്ദർ അബ്ബാസ്, സിറിക് എന്നിവയുൾപ്പെടെ പല സ്ഥലങ്ങളിലും സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാൻഷഹറിലെ ഒരു വിമാനത്താവളത്തിലുണ്ടായ ആക്രമണത്തിൽ ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു.
ഇറാന്റെ വടക്കുകിഴക്കൻ ഗോലെസ്താൻ പ്രവിശ്യയിലെ റെയിൽവേ പാലത്തിന് നേരെ ആക്രമണമുണ്ടായതായി ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തുർക്കിയിലെ നാറ്റോ (NATO) ഉച്ചകോടിയിൽ നിന്ന് മടങ്ങിയ ശേഷം, ഇറാനിലെ സ്ഫോടനങ്ങൾ കാണിക്കുന്നതാണെന്ന് അവകാശപ്പെട്ട് ട്രംപ് സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകൾ പങ്കുവെക്കുകയും മറ്റൊരു മുന്നറിയിപ്പ് നൽകുകയും ചെയ്തു. “ഇന്നലെ ഇറാൻ കപ്പലുകൾക്ക് നേരെ നടത്തിയ ബോംബാക്രമണത്തിനുള്ള പ്രതികാരമാണിത്.
ഇത് വീണ്ടും സംഭവിച്ചാൽ, കാര്യങ്ങൾ ഇതിലും മോശമാകും!” അദ്ദേഹം കുറിച്ചു. വൈദ്യുത നിലയങ്ങളും കപ്പൽ നിർമ്മാണ ശാലകളും ഉൾപ്പെടെയുള്ള ഇറാന്റെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കുമെന്നും എണ്ണ ഉൽപ്പാദന കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നുമുള്ള ഭീഷണികൾ ട്രംപ് വീണ്ടും ആവർത്തിച്ചു.

യുദ്ധത്തിന് ശാശ്വത പരിഹാരം കാണാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിലെ പ്രധാന ചർച്ചക്കാരനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഗർ ഖാലിബാഫ്, ട്രംപിന് മറുപടിയെന്നോണം വ്യാഴാഴ്ച രാവിലെ എക്സിൽ കുറിച്ച വാക്കുകളും ശ്രദ്ധേയം – “ഭീഷണിപ്പെടുത്തുന്നതിനും വാഗ്ദാനങ്ങൾ ലംഘിക്കുന്നതിനും ഇനി വില നൽകേണ്ടിവരില്ലെന്ന് അമേരിക്ക ഇപ്പോഴും പഠിച്ചിട്ടില്ല. ഞാൻ ഇത് വ്യക്തമായി പറയാം: നിങ്ങൾ അടിച്ചാൽ, നിങ്ങൾക്ക് തിരിച്ചടിയും ലഭിക്കും.”

യുദ്ധഭീഷണി മുഴക്കുമ്പോഴും മറുവശത്ത്
യുഎസ് പ്രതിനിധികൾക്ക് ചർച്ചകൾ തുടരാമെന്ന് ട്രംപ് പറഞ്ഞു വെയ്ക്കുന്നുണ്ട്. എന്നാൽ അവർ സമയം കളയുകയാണെന്ന് താൻ കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പരാമർശങ്ങൾ “ശക്തിയുടെ ലക്ഷണമല്ല, മറിച്ച് ഇറാടുള്ള യുഎസ് നയത്തിന്റെ പരാജയത്തിന്റെ സമ്മതമാണ്” എന്ന് ഇറാന്റെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി എക്സിലൂടെ മറുപടി നൽകി.

ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കടന്നുപോകുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്ന മുൻ ഭീഷണികളും ട്രംപ് വീണ്ടും പുതുക്കിയിട്ടുണ്ട്. ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കപ്പലുകൾക്ക് നേരെ അടുത്തിടെയുണ്ടായ ആക്രമണങ്ങൾ ഇറാന്റെ നേതൃത്വത്തിനിടയിലെ ഭിന്നതകളിലേക്ക് വിരൽ ചൂണ്ടുന്നു. തീവ്രനിലപാടുകാർ ജലപാതയുടെ മേൽ ശാശ്വത നിയന്ത്രണം ആഗ്രഹിക്കുമ്പോൾ, ഉപരോധങ്ങൾ ലഘൂകരിക്കാനും സാമ്പത്തിക ആശ്വാസം കൊണ്ടുവരാനും പ്രായോഗികവാദികൾ ഒരു ശാശ്വത സമാധാന കരാറിനായി സമ്മർദ്ദം ചെലുത്തുന്നുണ്ട്.

വ്യാഴാഴ്ച അവസാനിക്കേണ്ടിയിരുന്ന ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം അന്തിമ ച ചർച്ചകൾ ആരംഭിക്കേണ്ടതായിരുന്നു. കടലിടുക്ക് പൂർണ്ണമായി തുറക്കുന്നതും ടെഹ്‌റാന്റെ തർക്കവിഷയമായ ആണവ പരിപാടി പിൻവലിക്കുന്നതും ഉൾപ്പെടെയുള്ള ഏറ്റവും കഠിനമായ വിഷയങ്ങൾ പരിഹരിക്കാനാണ് ഈ ചർച്ചകൾ ലക്ഷ്യമിട്ടിരുന്നത്. അതിനിടെയാണ് പുതിയ സംഘർഷം കടന്നുവന്നത് എന്നത് ആശങ്കയായി നിൽക്കുന്നു.

Share post:

Popular

More like this
Related

കള്ളാടി ദുരന്തം : മരണസംഖ്യ അഞ്ചായി, മൂന്ന് പേർക്കായി തിരച്ചിൽ ഊർജ്ജിതം

കല്പറ്റ : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ രണ്ട് പേരുടെ...

വിഴിഞ്ഞത്ത് ഓഹരി കൈമാറ്റം നടന്നിട്ടില്ല; ആരോപണമുന്നയിച്ചവർ തലയിൽ മുണ്ടിട്ട് പോയാൽ മതിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ...