Sunday, August 23, 2026

ഇനി ഡോളറിൽ എണ്ണവില്‍പ്പനയില്ല,50 വര്‍ഷത്തെ കരാർ അവസാനിപ്പിച്ച് സൗദി; ഇന്ത്യക്ക് നേട്ടമാവുമോ? ഡോളറിൻ്റെ അപ്രമാദിത്വം പഴങ്കഥയാവുമോ?!

Date:

50 വര്‍ഷമായി അമേരിക്കയുമായി തുടരുന്ന പെട്രോഡോളര്‍ കരാര്‍ അവസാനിപ്പിച്ച് സൗദി അറേബ്യന്‍ ഭരണകൂടം. 1974 ജൂണ്‍ 8ന് ഇരുരാജ്യങ്ങളും ഒപ്പിട്ട ഈ കരാര്‍ അനുസരിച്ചാണ് സൗദി അറേബ്യ അമേരിക്കന്‍ ഡോളര്‍ അടിസ്ഥാനമാക്കി പെട്രോളിയം ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ മറ്റ് രാജ്യങ്ങളിലെ കറന്‍സികളിലും സൗദിക്ക് പെട്രോള്‍ വില്‍ക്കാന്‍ സാധിക്കും. അതേസമയം, സൗദിയുടെ തീരുമാനം അഗോളതലത്തില്‍ അമേരിക്കന്‍ ഡോളറിനുള്ള അപ്രമാദിത്തം കുറക്കുമെന്നും സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ക്കത് കാരണമാകുമെന്നും വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

ആഗോളവിപണിയില്‍ അമേരിക്കന്‍ ഡോളറിന്റെ സ്വാധീനം ഊട്ടിയുറപ്പിച്ച കരാറാണ് 1974 ജൂണ്‍ എട്ടിന് ഒപ്പിട്ട പെട്രോഡോളര്‍. 1971 വരെ അമേരിക്കന്‍ ഡോളര്‍ സ്വര്‍ണ്ണ വിലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ബ്രെട്ടണ്‍ വുഡ്‌സ് കരാര്‍ പ്രകാരം ഒരു ഔണ്‍സ് സ്വര്‍ണ്ണത്തിന് 35 അമേരിക്കന്‍ ഡോളര്‍ എന്നതായിരുന്നു അടിസ്ഥാനവില. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് എം നിക്‌സണ്‍ ഇതവസാനിപ്പിച്ചതോടെ ഡോളറിന്റെ വിലയിടിഞ്ഞു. തുടര്‍ന്നാണ് സ്വര്‍ണ്ണത്തേക്കാള്‍ സുരക്ഷിതമായ നിക്ഷേപങ്ങളിലേക്ക് തിരിയണമെന്ന ആവശ്യമുയരുന്നതും പെട്രോളിയം ഉത്പന്നങ്ങളുടെ വില്‍പ്പനയ്ക്ക് വേണ്ടി 1972ല്‍ പെട്രോഡോളര്‍ എന്നൊരാശയം നിലവില്‍ വരുന്നതും. എന്നാല്‍ ഇതൊരു കറന്‍സിയല്ല. ക്രൂഡ് ഓയില്‍ വില്‍പനയിലൂടെ നേടുന്ന അമേരിക്കന്‍ ഡോളറിനെ സൂചിപ്പിക്കാനാണ് ഈ വാക്ക് ഉപയോഗിക്കുന്നത്.

ഇസ്രായേലിനെ സഹായിക്കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് എണ്ണയുല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക് അമേരിക്കയെ ഉപരോധിച്ചത് പെട്രോളിയം ഉത്പന്നങ്ങളുടെ വിലയില്‍ വര്‍ദ്ധനവുണ്ടാക്കി. ഇതിന് പരിഹാരമായാണ് 1974 ജൂണ്‍ എട്ടിനാണ് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ഹെൻറി കിസിഞ്ചറും സൗദി രാജകുമാരന്‍ ഫഹദ് ബിന്‍ അബ്ദുല്‍ അസീസും പെട്രോഡോളര്‍ കരാര്‍ ഒപ്പുവയ്ക്കുന്നത്. അങ്ങനെയൊരു കരാര്‍ അന്നത്തെ കാലത്ത് ഇരുരാജ്യങ്ങള്‍ക്കും ആവശ്യവുമായിരുന്നു. സൗദിയില്‍ നിന്നുള്ള എണ്ണ മുടങ്ങാതിരിക്കുക അമേരിക്കയുടെ ആവശ്യവും വില്‍പന നടക്കേണ്ടത് സൗദിയുടെയും ആവശ്യമായിരുന്നു. പകരം സൗദി അറേബ്യയ്ക്ക് സാമ്പത്തികവും സൈനികവുമായ സഹായമാണ് അമേരിക്ക വാഗ്ദാനം ചെയ്തത്. കരാറിന്റെ ചുവട് പിടിച്ച് മറ്റ് അറബ് രാജ്യങ്ങളും ഡോളറിലേക്ക് വില്‍പന മാറ്റിയതോടെ അമേരിക്കൻ ഡോളര്‍ സാമ്പത്തിക മൂല്യത്തിൻ്റെ പര്യായമായി.

അങ്ങനെ അമേരിക്കന്‍ ഡോളര്‍ നേടിയ മേല്‍ക്കൈ അവരെ ലോകശക്തിയാക്കി മാറ്റി. അമേരിക്കന്‍ ഡോളര്‍ ശക്തമായതോടെ വളരെ വിലക്കുറവില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി സാദ്ധ്യമായി. യു.എസ് ട്രഷറി ബോണ്ടുകളിലേക്ക് മൂലധനം കുന്നുകൂടിയത് അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തമാക്കുകയും ചെയ്തു.

കരാർ ഉണ്ടാക്കുന്നതിൽ ഇസ്രയേല്‍ ഒരു പ്രധാന വിഷയമായി ഉയർന്നു നിന്നുവെങ്കിൽ കരാർ അവസാനിപ്പിക്കുമ്പോഴും ഇസ്രായേൽ
കൊടുമ്പിരി കൊണ്ട വിഷയമായി
എന്നത് ചരിത്രത്തിൻ്റെ ഒരു നിയോഗം മാത്രമായിരിക്കാം. ഇസ്രയേല്‍ – പലസ്തീന്‍ യുദ്ധം പശ്ചിമേഷ്യയിലും റഷ്യന്‍ – യുക്രെയിന്‍ യുദ്ധം യൂറോപ്പിലും വന്‍ പ്രകമ്പനം സൃഷ്ടിക്കുന്ന സമയത്താണ് കരാറില്‍ നിന്നുള്ള സൗദിയുടെ പിന്മാറ്റം എന്നത് പ്രത്യേകം ശ്രദ്ധേയമാവുന്നതും ഇവിടെയാണ്.

പെട്രോഡോളര്‍ കരാർ അവസാനിപ്പിക്കുന്നതോടെ സൗദിക്ക് ഇനി ഇന്ത്യന്‍ രൂപ, യുവാന്‍, യൂറോ, റൂബിള്‍, യെന്‍ തുടങ്ങിയ കറന്‍സികളിലും പെട്രോള്‍ വില്‍ക്കാം. രാഷ്ട്രീയപരമായ മാറ്റങ്ങള്‍ക്കൊപ്പം ഇത് അന്താരാഷ്ട്ര വ്യാപാരത്തില്‍ അമേരിക്കന്‍ ഡോളറിന് ഒരു ബദല്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സൗദിയുടെ തീരുമാനം അമേരിക്കന്‍ സാമ്പത്തിക വ്യവസ്ഥയെയും അമേരിക്കന്‍ ഡോളറിനെയും ദുര്‍ബലപ്പെടുത്തുമെന്ന് പ്രമുഖ സാമ്പത്തിക മാധ്യമങ്ങള്‍ വിലയിരുത്തുന്നു. ഡോളറിലല്ലാതെ പെട്രോളിയം ഉത്പന്നങ്ങളുടെ വ്യാപാരം നടക്കുന്നത് ഡോളറിന്റെ വിലയിടിക്കും. ഇത് അമേരിക്കന്‍ വിപണിയില്‍ പണപ്പെരുപ്പം കൂടാനും പലിശ നിരക്ക് വര്‍ധിക്കാനും ബോണ്ട് മാര്‍ക്കറ്റിനെ ദുര്‍ബലമാക്കാനും ഇടയാക്കും. കരാറില്‍ നിന്നുള്ള പിന്മാറ്റം നിലവിലെ ആഗോള രാഷ്ട്രീയ സമവാക്യങ്ങളിലും മാറ്റമുണ്ടാക്കും. അമേരിക്കയുമായുള്ള ബന്ധം കുറച്ച് ചൈന, റഷ്യ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളുമായി സൗദി അടുക്കുന്നത് ദൂരവ്യാപകമായ മാറ്റങ്ങള്‍ക്കാണ് വഴി തുറക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം: തിരുവോണ ദിനത്തിൽ സത്യാഗ്രഹത്തിനൊരുങ്ങി  യുഡിഎഫ് എം പിമാർ

പാലക്കാട് : പാലക്കാട്‌ റെയിൽവേ ഡിവിഷൻ വിഭജനത്തിൽ പ്രതിഷേധിച്ച് തിരുവോണ നാളിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം: കേരളത്തിന് നഷ്ടങ്ങൾ മാത്രം, കർണ്ണാടകക്ക് ഗുണവും!

കാസർഗോഡ് : പാലക്കാട്‌ റെയിൽവെ ഡിവിഷൻ വിഭജനം പൂർത്തിയാകുന്നതോടെ കേരളത്തിന് നിരത്തിവെയ്ക്കാവുന്നത്  ...

വാഹനങ്ങളിലെ മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശിച്ച് ഹൈക്കോടതി; ഓരോ നിയമലംഘനങ്ങൾക്കും 5000 രൂപ പിഴ

കൊച്ചി : വാഹനങ്ങളിൽ വരുത്തുന്ന മോഡിഫിക്കേഷനെതിരെ കർശന നടപടിക്ക് നിർദ്ദേശം നൽകി...

സിജെപി ഇംപാക്‌ട് : രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥയിൽ അടിയന്തര നടപടി

തനാഗാജി : കോക്രോച്ച് ജനത പാർട്ടിയുടെ പരിശോധനയിൽ രാജസ്ഥാനിലെ സ്‌കൂളുകളുടെ ദുരവസ്ഥ...