ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ട് സമരം നടത്തുന്ന ഇന്ത്യൻ യുവാക്കളുടെ പ്രതിഷേധ ചൂടറിഞ്ഞ് ഡൽഹി ജന്തർമന്ദിർ. പോലീസ് തീർത്ത സുരക്ഷാവലയം മറികടന്നെത്തിയ ഐസ-എഐഎസ്എഫ് പ്രവർത്തകർ അക്ഷരാർത്ഥത്തിൽ രാജ്യതലസ്ഥാനത്ത് സമരാഗ്നി തീർത്തു. കഴിഞ്ഞ ദിവസം എസ്.എഫ്.ഐ.-ഡി.വൈ. എഫ്.ഐ. പ്രവർത്തകരായിരുന്നു പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നതെങ്കിൽ ഇന്ന് ഐസ-എ.ഐ.എസ്.എഫ്. പ്രവർത്തകരാണ് രംഗത്തുള്ളത്.

നിരോധനാജ്ഞയും ബാരിക്കേസുകളും മറികടന്ന് ജന്തർ മന്തറിലേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാർ ശ്രമിച്ചപ്പോൾ പോലീസ് തടഞ്ഞു. അയ്യായിരത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരുന്നെങ്കിലും ഒരു കൂട്ടം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുമ്പോൾ മറുഭാഗത്തുകൂടി തമ്പടിച്ച യുവതീയുവാക്കൾ സമരാവേശം കെടാതെ നിലനിർത്തിയത് പോലീസിനെ ശരിക്കും വലച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിയല്ലാതെ മറ്റൊന്നിനും പ്രതിഷേധത്തെ തളർത്താനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഈ ഇന്ത്യൻ യുവത. ഇടതു വിദ്യാർഥി സംഘടനകളാണ് നിലവിൽ ജന്തർ മന്തർ പരിസരത്ത് ശക്തമായ പ്രതിഷേധം ഉയർത്തുന്നത്.
പ്രതിഷേധക്കാരെ ബലംപ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കപിൽ സിബൽ, പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവർ അടക്കമുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തത് ഈ രീതിയിലാണ്. ഇതിനെതിരെയും ഐസ-എഐഎസ്എഫ് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധത്തിൽ പങ്കെടുത്ത മുൻ ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷി, ഐസ ദേശീയ പ്രസിഡന്റ് നേഹ ബോറ, സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവ് തുടങ്ങി ഇടത് വിദ്യാർഥി സംഘടന പ്രവർത്തകരുമടക്കം ആയിരത്തോളം പേരെ ഡൽഹി പോലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. 10-ാം തീയതിവരെ ജന്ത മന്തറിനകത്തേക്ക് ആരെയും കടത്തിവിടില്ലെന്നാണ് ഡൽഹി പോലീസ് അറിയിച്ചിരിക്കുന്നത്. സമരം ജന്തർ മന്തറിൽമാത്രം ഒതുങ്ങില്ലെന്നും രാജ്യമൊട്ടാകെ വ്യാപിപ്പിക്കുമെന്നും പ്രക്ഷോഭകർ വ്യക്തമാക്കി.
.

പ്രതിഷേധം ശക്തമാക്കാൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും അടുത്ത ദിവസവും രംഗത്തിറങ്ങുമെന്ന് എഎ റഹീം എംപി. പറയുന്നു. ‘Good Bye Gyanesh’ എന്ന പേരിൽ ഒക്ടോബർ 9ന് രാജ്യത്തിന്റെ വിവിധ നഗരങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും എഎ റഹീം അറിയിച്ചു. പിന്നാലെ രാജ്യവ്യാപക പ്രതിഷേധമായി മാറ്റുമെന്നും ഒക്ടോബർ പത്തിന് ജന്തർ മന്തറിലേക്ക് മാർച്ച് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Iഎസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കപ്പെട്ടവരുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. രാജ്യവ്യാപകമായി വിദ്യാർത്ഥി-യുവജന കൂട്ടായ്മ ശക്തിപ്പെടുത്താൻ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ഒരുമിച്ചറങ്ങും. ആദ്യ ഘട്ടമായി വിഷയം ഇടതുപക്ഷ വിദ്യാർത്ഥി-യുവജന സംഘടനകൾ ചർച്ച ചെയ്യുമെന്നും ക്യാമ്പസുകൾ കേന്ദ്രീകരിച്ച് എസ്എഫ്ഐ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സാംസ്കാരിക പ്രതിരോധം തീർക്കുമെന്നും എഎ റഹീം പറഞ്ഞു. പുരോഗമന-ജനാധിപത്യ വിദ്യാർത്ഥി-യുവജന സംഘടനകളുമായി സംയുക്ത യോഗങ്ങൾ വിളിച്ചുചേർക്കും. എല്ലാ വിദ്യാർത്ഥി-യുവജന സംഘടനകൾക്കും കത്തയക്കുമെന്നും എംപി അറിയിച്ചു.
