ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച നടന്ന ജന്തര്‍ മന്ദർ പ്രതിഷേധത്തിനിടെ വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ഡൽഹി പോലീസ് ആക്രമിച്ചെന്ന ആരോപണവുമായി ഐസ നേതാവ് നേഹ ബോറ. കഴുത്തിലും കൈകളിലും പരിക്കേറ്റ പാടുകള്‍ നേഹ വീഡിയോയിലൂടെ പുറത്തുവിട്ടു. തെരുവിലും പ്രതിഷേധ ഇടങ്ങളിലും സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് നേഹ ബോറ ഫേസ്ബുക്കില്‍ കുറിച്ചു. പ്രതിഷേധിച്ച വനികളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നാളെ പൗരമുന്നേറ്റ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും നേഹ ബോറ അറിയിച്ചു. വൈകിട്ട് നാല് മണിക്ക് ഇന്ത്യാഗേറ്റില്‍ നിന്ന് ജന്തര്‍ മന്ദറിലേക്കാണ് മാര്‍ച്ച്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ ഐസയുടെയും എഐഎസ്എഫിൻ്റേയും നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയത്. നേഹ ബോറയുടെ നേതൃത്വത്തിലായിരുന്നു ഐസയുടെ പ്രതിഷേധം. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍, അഭിഭാഷകരായ നിത്യ രാമകൃഷ്ണന്‍, പല്ലവ് സിസോദിയ, പ്രശാന്ത് ഭൂഷണ്‍, യോഗേന്ദ്ര യാദവ് എന്നിവര്‍ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ രണ്ടാം തീയതി വന്‍ പ്രക്ഷോഭത്തിനായിരുന്നു രാജ്യം സാക്ഷ്യംവഹിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ഐസയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്ദറില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ഐസയുടെ പ്രവര്‍ത്തകര്‍ അടക്കം ആയിരത്തോളം പേര്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുത്തു. പ്രതിഷേധ മാര്‍ച്ച് ജന്തര്‍ മന്ദറിന് പരിസരത്ത് വെച്ച് പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. നേഹ ബോറ അടക്കമുള്ളവര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. യോഗേന്ദ്ര യാദവ്, കപില്‍ സിബല്‍, പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ളവരെയും അറസ്റ്റ് ചെയ്തു. ഇതോടെ ഐസ പ്രവര്‍ത്തകര്‍ അടക്കം റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
ഇതോടെ പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. ചിലർ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണു. ഇവരെ വലിച്ചിഴച്ച് നീക്കാൻ ശ്രമിച്ചതോടെ പ്രതിഷേധം വീണ്ടും കടുത്തു. പിന്നീട് കൂടുതല്‍ പോലീസും കേന്ദ്ര സേനയും സ്ഥലത്തെത്തിയാണ്
പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയത്.
