തിരുവനന്തപുരം : രാജി വെച്ചെന്ന് ശ്രീലേഖ, ഇല്ലെന്ന് നഗരസഭാ സെക്രട്ടറി. തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ ശ്രീലേഖയുടെ രാജിയിൽ അടിമുടി ആശയക്കുഴപ്പം തുടരുന്നു. രാജിക്കത്ത് മേയർ വിവി രാജേഷിന് കൈമാറിയെന്നാണ് ശ്രീലേഖ വാർഡിലെ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ അറിയിച്ചത്. എന്നാൽ കൗൺസിലർ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാൻ നഗരസഭ സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. ഇത് ഇതുവരെയും നൽകിയിട്ടുമില്ല. ഇങ്ങനെ രാജിവെയ്ക്കാൻ പോലും അറിയാത്ത ആളാണോ ശാസ്തമംഗലം കൗൺസിലർ എന്ന് വോട്ടർമാരും ചോദിക്കുന്നു.
സെക്രട്ടറി എന്ന നിലയിൽ രാജി നടന്നിട്ടില്ലെന്ന് നഗരസഭ സെക്രട്ടറി ഷാഫി പറയുന്നു. കൗൺസിലർ നേരിട്ട് തന്നെ രാജി നൽകണം. മേയർ വഴി നൽകിയാലും സ്വീകരിക്കപ്പെടില്ലെന്നും നഗരസഭ സെക്രട്ടറി വ്യക്തമാക്കി. “മേയർ ഇതുസംബന്ധിച്ച് ഇതുവരെ ആശയവിനിമയം നടത്തിയിട്ടില്ല. ജില്ലാ കളക്ടർക്ക് നിയമപ്രകാരം രാജി സ്വീകരിക്കാൻ കഴിയില്ല. സെക്രട്ടറിക്കാണ് രാജിക്കത്ത് നൽകേണ്ടത്. കളക്ടർക്ക് നൽകിയാലും അതിന് നിയമസാധുതയില്ല.”- സെക്രട്ടറി യുടെ പ്രതികരണമാണിത്.
അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി ശ്രീലേഖയുടെ കത്ത് കിട്ടിയെന്ന് മേയർ വിവി രാജേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി. “രാജിക്കത്ത് കൊടുക്കേണ്ടത് നഗരസഭ സെക്രട്ടറിക്കാണ്. മറ്റ് രാഷ്ട്രീയ പാർട്ടിയുടെ സമ്മർദ്ദം ഉള്ളതായി തോന്നുന്നില്ല. വ്യക്തിപരമായ അസൗകര്യങ്ങൾ ഉണ്ടെന്ന് പറയുന്നത് വീഴ്ചയല്ലല്ലോ”- എന്ന് മേയർ.
അതേസമയം, ശ്രീലേഖയുടെ രാജി സമ്മർദ്ദതന്ത്രമാണെന്നും അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടിയെന്നും ബിജെപി വൃത്തങ്ങൾ തന്നെ പറയുന്നു. രാജി വിഷയത്തില്‍ ബിജെപി നേതൃത്വം ഇടപെടുമെന്ന് വിവി രാജേഷ് വ്യക്തമാക്കിയിട്ടുമുണ്ട്. ഒത്തുതീർപ്പിന് സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നേരിട്ട് ചർച്ച നടത്തുമെന്നും അറിയുന്നു.
ബിജെപി നേതൃത്വവുമായി ശ്രീലേഖ അഭിപ്രായഭിന്നതയിലായിരുന്നു എന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നതാണ്. കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു ശേഷം മേയര്‍ സ്ഥാനം നല്‍കാത്തതില്‍ ശ്രീലേഖയ്ക്ക് അതൃപ്തിയുണ്ടായിരുന്നു. പ്രചാരണഘട്ടത്തില്‍ ശ്രീലേഖയെ ബിജെപി മേയർ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയെങ്കിലും പിന്നീട് അവരെ തഴഞ്ഞ് വിവി രാജേഷിനെ മേയറാക്കുകയായിരുന്നു. .
അനുനയ നീക്കമെന്ന നിലയിൽ, നിയമസഭാ തെരഞ്ഞെടുപ്പ് വന്നപ്പോൾ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചിരുന്നു ബിജെപി. പക്ഷെ, മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അതോടെ, പാർട്ടി തന്നെ പാരവെച്ചുവെന്ന അടക്കം പറച്ചിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ലെന്ന ആക്ഷേപവും ഉയർന്നു. ‘വെളുക്കാൻ തേച്ചത് പാണ്ടായി’ എന്ന അവസ്ഥ! പിന്നീട് പാർട്ടി പലസ്ഥാനമാനങ്ങളും വാഗ്ദാനങ്ങളായി നൽകിയിരുന്നെന്ന് മാധ്യമ വാർത്തകളായി വന്നു. ഒടുവിലിതാ രാജിവാര്‍ത്തയും, വെച്ചെന്നും ഇല്ലെന്നും !
