കൊച്ചി : എസ്‌ഐആറിന്റെ പേരിലും ഓൺലൈൻ തട്ടിപ്പ്. കൊച്ചിയിലാണ് സംഭവം. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുടെ ഏഴു ലക്ഷത്തി എഴുപതിനായിരം രൂപ കവർന്നു. എസ്‌ഐആര്‍ രേഖകളില്‍ തെറ്റുണ്ടെന്ന് പറഞ്ഞ് തിരുത്താനായി ലിങ്ക് അയച്ചു നല്‍കിയായിരുന്നു തട്ടിപ്പ്. 72 വയസ്സുള്ള വയോധികനാണ് തട്ടിപ്പിന് ഇരയായത്.
വോട്ടര്‍പട്ടികയിലെ പേരും പിതാവിന്റെ പേരും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കാണിച്ചാണ് സന്ദേശം ലഭിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് ഫോണ്‍ വഴിയും ബന്ധപ്പെട്ടു. തുടര്‍ന്ന് പേര് തിരുത്താനായി ഇലക്ഷന്‍ കമ്മീഷന്റേതെന്ന പേരില്‍, വാട്‌സ് ആപ്പില്‍ വ്യാജ ലിങ്ക് അയച്ചു നല്‍കി. ഈ ലിങ്കില്‍ കയറിയതോടെ, ഐസിഐസിഐ ബാങ്കിലെ രണ്ട് അക്കൗണ്ടുകളിലെ പണം നഷ്ടമായെന്നാണ് വയോധികന്റെ പരാതി. തുടര്‍ന്ന് ഹില്‍പ്പാലസ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
