തിരുവനന്തപുരം : തോൽവി പഠിക്കാനുറച്ച് സിപിഎം. 34 ചോദ്യങ്ങളാണ് ലോക്കലുകളിലേക്ക് നൽകിയിരിക്കുന്നത്. ഇവയ്ക്കുള്ള വ്യക്തമായ മറുപടി ഏരിയ സെന്ററിൽ എത്തിക്കാനാണ് നിർദ്ദേശം. പ്രവർത്തകർ സ്ക്വാഡ് വർക്ക് ശരിയായി നടത്തിയിരുന്നോ, ഏതെങ്കിലും പ്രവർത്തകർ പ്രവർത്തിക്കാതെ മാറി നിന്നിരുന്നോ എന്നു തുടങ്ങിയ ചോദ്യങ്ങളാണ് ചോദ്യാവലിയിൽ ഉള്ളത്. അടുപ്പിച്ച് വന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലെ വോട്ടിങ് പാറ്റേൺ എങ്ങനെയായിരുന്നു എന്ന വിലയിരുത്തൽ കണക്കുകൾ സഹിതം ചെല്ലണം. തൊഴിലാളികളും കർഷകരും എത്രത്തോളം തെരഞ്ഞെടുപ്പിൽ പാർട്ടിയുമായി സഹകരിച്ചു എന്നതിന്റെ കണക്കുകളും ലഭിക്കണം.
ചോദ്യാവലി ഇങ്ങനെ
കമ്മിറ്റികൾ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ഉൾപെടുത്തേണ്ടത്
ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വലിയ പരാജയമാണ് അപ്രതീക്ഷിതമായി നമുക്കുണ്ടായത് ഈ തിരിച്ചടി പരിഹരിച്ച് മുന്നോട്ടു പോകാൻ നമുക്ക് കഴിയണം. അതിനുതകുന്ന വിധം എങ്ങനെ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ആവും എന്നത് ചർച്ച ചെയ്യാനാണ് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു ചേർക്കുന്നത് അതിന് പറ്റാവുന്ന വിധം റിപ്പോർട്ട് തയ്യാറാക്കി ചർച്ചയ്ക്ക് വിധേയമാക്കണം. മറ്റ് സംഘടനാ കാര്യങ്ങൾ ഈ യോഗത്തിൽ പരിശോധിക്കേണ്ടതില്ല.
മൂന്ന് തെരഞ്ഞെടുപ്പുകൾ ആണ് നമുക്ക് ഇക്കാലത്ത് ഉണ്ടായത് അവ ഓരോന്നിലും ലോക്കലിനു കീഴിൽ ലഭിച്ച വോട്ടുകൾ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കണം. നിയമസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ പരാജയത്തെ ക്കുറിച്ച് ആഴത്തിലുള്ള പരിശോധനയും വിലയിരുത്തലുകളും അഭിപ്രായങ്ങളും നടക്കുന്നത് സമഗ്രമായ റിവ്യൂ റിപ്പോർട്ട് തയ്യാറാക്കാൻ വേണ്ടിയാണ് അതു കൊണ്ട് യോഗം കഴിഞ്ഞാൽ ഉടൻ റിപ്പോർട്ട് ഏരിയാ സെൻററിൽ എത്തിക്കണം.
1. 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ ലോക്കലടിസ്ഥാനത്തിൽ ലഭിച്ച വോട്ട്. 2024-ലെ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും നമുക്ക് ലഭിച്ച വോട്ട്.
2. 2025 ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇവിടങ്ങളിൽ നമുക്ക് ലഭിച്ച വോട്ട്.
3. 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ നമുക്ക് ലഭിച്ച വോട്ട്.
4. ഈ മൂന്ന് ഘട്ടങ്ങളിലും വ്യത്യസ്തമായ വോട്ടിംഗ് പാറ്റേൺ ഉണ്ടാവുന്നതിന് ഉള്ള കാരണങ്ങൾ.
5. നിയമസഭാ തെരഞ്ഞെടുപ്പിൽ നമുക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച വോട്ടും, ലഭിച്ച വോട്ടും.
6. നമുക്ക് വോട്ടുകൾ കുറയാനോ / കൂടാനോ ഇടയായത് എന്തു കൊണ്ടാണ്
7. തെരഞ്ഞെടുപ്പിന് ശേഷമുള്ള നമ്മുടെ അസസ്മെൻറുകൾ ശരിയായ രീതിയിൽ വിലയിരുത്താൻ കഴിഞ്ഞിട്ടുണ്ടോ? ഇല്ലെങ്കിൽ അതിന്റെ കാരണങ്ങളെന്തൊക്കെയാണ്.
8. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുശേഷം എല്ലാ വീടുകളും കയറണമെന്ന തീരുമാനം നടപ്പിലാക്കിയത് സംബന്ധിച്ച പരിശോധന.
(1). ആകെ വീടുകൾ
(2). കയറിയ വീടുകളുടെ എണ്ണം
(3). സ്ക്വാഡുകളുടെ എണ്ണം
(ലോക്കൽ അടിസ്ഥാനത്തിൽ കണക്കുകൾ വേണം.)
9. മണ്ഡലം / ഏരിയാ കമ്മിറ്റി അംഗങ്ങളും, പ്രത്യേക ക്ഷണിതാക്കളും എത്ര വീടുകൾ ഇതിൻറെ ഭാഗമായി കയറിയിട്ടുണ്ട്. ഓരോ അംഗവും കയറിയ വീടുകളുടെ എണ്ണമുണ്ടാകണം.
10. ആകെ പാർടി അംഗങ്ങൾ? എല്ലാ പാർടി അംഗങ്ങളും തെരഞ്ഞെടുപ്പിൽ പ്രവർത്തിച്ചിരുന്നുവോ? പ്രവർത്തിക്കാത്ത പാർടി അംഗങ്ങളുണ്ടോ?
11. സ്ത്രീകൾ ഉൾപ്പെടെ 4 വീതം മുഴുവൻ സമയ സ്ക്വാഡ് പ്രവർത്തകർ എല്ലാ ബൂത്തുകളിലും ഉണ്ടായിരുന്നുവോ? ലോക്കലടിസ്ഥാനത്തിൽ പ്രവർത്തിച്ച സ്ക്വാഡുകളുടെ എണ്ണം? തനതായി വീടുകൾ കയറിയിട്ടുണ്ടോ?
12. നിയമസഭാ തെരഞ്ഞെടുപ്പിൽ തൊഴിലാളികളും, കർഷകരുമുൾപ്പെടെയുള്ള ജനവിഭാഗങ്ങൾ നമ്മോടൊപ്പം അണിനിരന്നിരുന്നോ?
13. ക്ഷേമ പെൻഷനുകൾ വാങ്ങുന്നവരുടെ യോഗം നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എത്രയിടങ്ങളിൽ വിളിച്ചു ചേർത്തിട്ടുണ്ട്?
14. കുടുംബശ്രീ രംഗത്ത് പ്രവർത്തിക്കുന്ന സഖാക്കൾ എത്രത്തോളം നമ്മുടെ പ്രവർത്തനങ്ങളിൽ അണിചേർന്നിട്ടുണ്ട്.
15. ആശാ വർക്കർമാർ / അംഗനവാടി / ഹരിതകർമ്മ സേന / പാചക ത്തൊഴിലാളികൾ ഉൾപ്പെടെയുള്ള സ്കീം വർക്കർമാരുടെ യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നുവോ? അവരുടെ സ്ക്വാഡുകൾ പ്രവർത്തിച്ചിരുന്നുവോ?
16. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ വിളിച്ചു ചേർത്തിട്ടുണ്ടോ? സ്ക്വാഡുകൾ പ്രവർത്തിച്ചിരുന്നുവോ?
17. യുവജന / വിദ്യാർത്ഥി / വനിതാ സ്ക്വാഡുകൾ എത്ര ബൂത്തുകളിൽ പ്രവർത്തിച്ചിരുന്നു? എത്ര പേർ സ്‌ക്വാഡുകളിൽ പ്രവർത്തിച്ചു?
18. വിവിധ ന്യൂനപക്ഷ വിഭാഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നമുക്കൊപ്പം എത്രത്തോളം അണിചേർന്നിട്ടുണ്ട്? പ്രത്യേക സ്ക്വാഡുകൾ പ്രവർത്തിച്ചിട്ടുണ്ടോ?
19 വിവിധ സാമൂഹിക വിഭാഗങ്ങൾ ഈ തെരഞ്ഞെടുപ്പിൽ നമുക്ക് അനുകൂലമായിരുന്നുവോ?
20. നമ്മുടെ പാർടിയിൽ നിന്നും വിവിധ കാരണങ്ങളാൽ വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരാനുള്ള ഇടപെടൽ നടത്തിയിരുന്നുവോ?
21. ലൈഫ് മിഷൻ വീടുകളും, ക്ഷേമ പെൻഷനുകളും, സ്ത്രീ സംരക്ഷണ പദ്ധതികളും ഉൾപ്പെടെ വിവിധ സർക്കാർ പദ്ധതികൾ എത്രത്തോളം നമ്മെ തെരഞ്ഞെടുപ്പിൽ സഹായിച്ചിട്ടുണ്ട്.
22. ഏരിയാ കമ്മിറ്റിയുടെ കീഴിലുള്ള തെരഞ്ഞെടുപ്പ് പ്രവർത്തനം ഫലപ്രദമായി നടന്നിരുന്നുവോ?
23. ബി.ജെ.പിയുടെ സ്വാധീനവും, വളർച്ചയും ബി.ജെ.പിക്ക് വോട്ട് കുറഞ്ഞിട്ടുണ്ടോ? വർദ്ധിച്ചിട്ടുണ്ടോ? യു.ഡി.എഫിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ടോ?
24. നമ്മുടെ പത്രത്തിന്റെ പ്രചാരണവും, ബൂത്തുകളിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുന്ന പ്രവർത്തനവും എത്രത്തോളം ഫലപ്രദമായിരുന്നു
25. ദേശാഭിമാനി സ്പെഷ്യൽ പത്രം എത്രത്തോളം ചേർക്കാനായി.
26. സോഷ്യൽ മീഡിയ പ്രവർത്തനം?
27. ഏരിയാ തലത്തിൽ പഠന സ്‌കൂൾ നിലവിലുണ്ടോ?
28. വിവിധ വർഗ്ഗ ബഹുജന സംഘടനകൾ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ എത്രത്തോളം സജീവമായി.
29. സാംസ്കാരിക മേഖലയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടോ ?
30. പരാജയത്തിന്റെ കാരണങ്ങൾ എന്തൊക്കെയാണ്? അവ എങ്ങനെയാണ് ഏരിയാ കമ്മിറ്റിയുടെ കീഴിൽ പ്രതിഫലിച്ചത്.
31. എസ്.ഐ.ആറിന് ശേഷം പട്ടികയിൽ കൂട്ടിച്ചേർത്ത വോട്ടർമാരുടെ രാഷ്ട്രീയ ബന്ധം?
32. പുതിയ തലമുറ തെരഞ്ഞെടുപ്പിനോട് കാണിച്ച സമീപനം എന്താണ്
33. നമുക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ച വോട്ടുകൾ ചെയ്യാൻ ബാക്കിയുണ്ടോ? ഉണ്ടെങ്കിൽ കാരണം?
34. വോട്ടർ പട്ടികയിൽ നമ്മുടെ വോട്ടുകൾ കൂട്ടിച്ചേർക്കാൻ ബാക്കിയുണ്ടോ?
