Wednesday, November 18, 2026

ഉപാധിവെച്ച് മത്സരിച്ച ഒരാൾ!; തോറ്റാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന ഉറപ്പ് ലഭിച്ചിരുന്നതായി പിവി അൻവർ

Date:

മലപ്പുറം : തെരഞ്ഞെടുപ്പിൽ ബേപ്പൂരിൽ പരാജയപ്പെടുന്ന സാഹചര്യമുണ്ടായാൽ കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ യുഡിഎഫിന്റെ തീരുമാനമുണ്ടാകണമെന്ന ഉപാധിവെച്ചാണ് താൻ മത്സരിക്കാനിറങ്ങിയതെന്ന് വ്യക്തമാക്കി പിവി അൻവർ. ഇക്കാര്യത്തിൽ തനിക്ക് വ്യക്തമായ ഉറപ്പു ലഭിച്ചിരുന്നെന്നും അതുകൊണ്ടാണ് കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് നേതൃത്വത്തിന് കത്തുകൊടുത്തതെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ പങ്കുവെച്ചു.

കെടിഡിസി ചെയർമാൻസ്ഥാനം ആവശ്യപ്പെടാനുള്ള കാര്യകാരണങ്ങൾ ഒന്നൊന്നായി പറയുന്ന കുറിപ്പിൽ, ടൂറിസം തന്റെ ‘പാഷൻ’ ആണെന്നും അൻവർ അവകാശപ്പെടുന്നുണ്ട്.

പി.വി. അൻവറിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :

“പി വി അൻവറിന്റെ കത്ത്”
വിശദമായി പറയാം….
അതിനുമുമ്പ്,
ഈ ഫേസ്ബുക്ക് പോസ്റ്റ് എഴുതാനുള്ള സാഹചര്യം പറയേണ്ടതുണ്ട്.

വാർത്തകൾ….
വാർത്തകൾക്ക് മുകളിൽ വാർത്തകൾ….
വിഷയം പി വി അൻവർ യുഡിഎഫ് നേതൃത്വത്തിന് കൊടുത്ത ഒരു കത്താണ്.
എന്റെ മൊബൈൽ ഫോൺ നിർത്താതെ ശബ്ദിക്കുന്നു.
മാധ്യമ സുഹൃത്തുക്കൾ,
അഭ്യുദയകാംക്ഷികൾ,
രാഷ്ട്രീയ സൗഹൃദങ്ങൾ,
മറ്റുള്ളവർ ….

എല്ലാവർക്കും വേണ്ടത് വിശദീകരണമാണ്.
ഈ സ്ഥിതി യുഡിഎഫ് നേതൃത്വത്തിനും ഉണ്ടായി കാണണം.
അപ്പോൾ പിന്നെ വിശദീകരണം ഞാൻ തന്നെ നൽകാം.

അങ്ങനെ ഒരു “കത്ത്”കൊടുത്തിട്ടുണ്ടോ?
“ഉണ്ട്”
എന്താ, എനിക്ക് യുഡിഎഫ് നേതൃത്വത്തിന് ഒരു കത്ത് കൊടുത്തുകൂടെ?
തീർച്ചയായും കൊടുക്കാം.
കാരണം,
കേരളത്തിലെ ജനങ്ങളുടെ മുമ്പാകെ പിവി അൻവർ യുഡിഎഫിന്റെ അസോസിയേറ്റ് കക്ഷിയാണ് എന്ന് പരസ്യമായി പ്രഖ്യാപിക്കപ്പെട്ട സത്യമാണ്.

അപ്പോൾ പിന്നെ ഇത്തരം വിഷയങ്ങളിൽ ഞാൻ യുഡിഎഫ് നേതൃത്വത്തിന് ഒരു കത്ത് നൽകിയതിൽ എന്ത് അതിശയോക്തിയാണുള്ളത്?

എന്തായിരുന്നു കത്തിലൂടെ ആവശ്യപ്പെട്ട വിഷയം?
വാർത്തകളിൽ വന്നത് തന്നെ.
“കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന്”

ഇനി,
അത് ആവശ്യപ്പെടാനുള്ള പശ്ചാത്തലം എന്താണ്?

ബേപ്പൂരിൽ ഒരു ജീവൻ മരണ പോരാട്ടത്തിന് ഇറങ്ങുന്നതിനു മുമ്പ്
യുഡിഎഫിന്റെ സമുന്നതരായ നേതൃത്വത്തോട് ഞാൻ ഇതേ കാര്യം അന്നും പറഞ്ഞിരുന്നു.
ആരോടെല്ലാം?
അന്ന് പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയർമാനുമായിരുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രിയോട്,
കെപിസിസിയുടെ സമാദരണീയനായ പ്രസിഡന്റ് ശ്രീ സണ്ണി വക്കീലിനോട്,
മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും സമുന്നതനായ നേതാവ്, ജ്യേഷ്ഠ സഹോദരതുല്യനായ കുഞ്ഞാലിക്കുട്ടി സാഹിബിനോട് ..
ഈ വിഷയത്തിൽ അന്ന് എനിക്ക് കൃത്യമായ ഉറപ്പും ലഭിച്ചിരുന്നു.

എന്തൊക്കെയാണ് ഞാൻ അന്ന് യുഡിഎഫ് നേതൃത്വത്തിന് മുമ്പാകെ പറഞ്ഞത്?

2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നപ്പോൾ 102 സീറ്റിന്റെ മഹത്തായ വിജയത്തിലേക്ക് യുഡിഎഫ് നടന്നു കയറി, എന്നാൽ അതിന് സമാരംഭം കുറിച്ചതിൽ നിലമ്പൂരിൽ നിന്നും നിയമസഭാംഗമായിരുന്ന എന്റെ നേതൃതത്തിൽ കഴിഞ്ഞ സർക്കാരിനെതിരെ അന്ന് നടന്ന പോരാട്ടങ്ങളുടെയും കൂടി പങ്കുണ്ടെന്ന്,
ഇക്കാര്യം ഇത് വായിക്കുന്ന നിങ്ങൾക്ക് നിഷേധിക്കാൻ സാധിക്കുമോ?

ഞാൻ ഉയർത്തിയ ആരോപണങ്ങൾ ..

കഴിഞ്ഞ സർക്കാരിൻ്റെ ആഭ്യന്തര വകുപ്പിലെ ചില പുഴുക്കുത്തുകൾക്കെതിരെ,

സാമൂഹ്യമാധ്യമങ്ങളിൽ വിദ്വേഷപ്രചരണം നടത്തുന്നവർക്കെതിരെ,

സംഘപരിവാറിനോട് താദാത്മ്യം പ്രാപിക്കാനുള്ള ശ്രമങ്ങൾക്കും നയങ്ങൾക്കും എതിരെ,

സർക്കാരിന്റെ ഫാസിസ്റ്റ്-ഏകാധിപത്യ പ്രവണതകൾക്കെതിരെ,

ഭരണകൂട ഭീകരതക്കെതിരെ,

ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും-ഭരണത്തിനും എതിരെ,

അതിനെല്ലാമുപരി മലയോര കർഷക ജനതയെ വഴിയാധാരമാക്കാൻ ഉദ്ദേശിച്ച് സർക്കാർ പാസാക്കാൻ ശ്രമിച്ച വനനിയമ ഭേദഗതി ബില്ലിനെതിരെ ,

ധാർമ്മികതയിലൂന്നി, നിലപാടിൽ അധിഷ്ഠിതമായി നിയമസഭാംഗം എന്ന നിലയിലുള്ള എന്റെ സാമാജികത്വം സ്വമേധയാ രാജിവെച്ച് പ്രതിപക്ഷനിരയോടൊപ്പം ചേർന്നുനിൽക്കാൻ തീരുമാനമെടുത്തതിനെക്കുറിച്ച്

അവസാനം,
നിയമസഭാംഗമായിരുന്ന എന്നെ ജയിലിലടച്ചിട്ടും തുടർന്ന പോരാട്ടത്തിലൂടെ വനനിയമ ഭേദഗതി ബില്ല് പിൻവലിക്കേണ്ടി വന്ന അവസ്ഥാവിശേഷം ……..

അന്ന് മുതൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വരെയുള്ള കാലം,
എന്റെ ജീവനും ജീവിതവും സമ്പത്തും സമയവും ഉപയോഗിച്ച് ഞാൻ ഇടവേളകളില്ലാതെ പോരാടി.
വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ എടുത്തു.
പ്രലോഭനങ്ങൾ,
ഭീഷണി
എല്ലാം അവഗണിച്ചു.
ജനങ്ങൾക്ക് വേണ്ടി
സത്യത്തിനു വേണ്ടി നിലകൊണ്ടു.

ഞാൻ ഉയർത്തിയ ആരോപണങ്ങൾ ഓരോന്നും എത്രത്തോളം ശരിയായിരുന്നുവെന്ന് പിന്നീട് നടന്ന സംഭവങ്ങളും വന്ന വാർത്തകളും തെളിയിച്ചു. അതിന്നും തുടരുന്നു…..

എനിക്ക് നിറയെ പാരിതോഷികങ്ങൾ ലഭിച്ചു.
12 ക്രിമിനൽ കേസുകൾ, നാല് സിവിൽ കേസുകൾ, വിജിലൻസ് കേസ്, അതിനെത്തുടർന്ന് ഇഡി കേസ്.
ഒട്ടും തലകുനിക്കാതെ നടുവളയാതെ ഞാൻ ധീരമായി നേരിട്ടു.

അങ്ങനെ ഞാൻ ബേപ്പൂരിൽ മത്സരിക്കാൻ തീരുമാനമെടുത്തു.

എന്തിനുവേണ്ടി?
അതും ഞാൻ യുഡിഎഫ് നേതൃത്വത്തിന് മുമ്പാകെ വിശദീകരിച്ചു…
ഞാൻ ഉയർത്തിയ ആരോപണങ്ങൾക്കും വിഷയങ്ങൾക്കും എതിരെ നേരിട്ട് ഞാൻ നടത്തുന്ന മത്സരം പ്രതിപക്ഷ പോരാട്ടത്തിന് മൂർച്ച കൂട്ടും,
ബേപ്പൂരിൽ ശക്തമായ മത്സരം കാഴ്ചവെക്കുമ്പോൾ മലബാറിലാകെ യുഡിഎഫിന്റെ പോരാട്ടങ്ങൾക്ക് പുത്തനുണർവ് നൽകും,
ബേപ്പൂരിൽ നിന്നും വീട്ടിൽ പോയി വരാൻ പോലും സമയം കിട്ടാത്ത രീതിയിൽ എന്നോട് എതിരിടേണ്ടി വരുന്ന എതിർ സ്ഥാനാർത്ഥിക്ക് കോഴിക്കോട് ജില്ലയിലെ മറ്റു മണ്ഡലങ്ങളിലേക്ക് ശ്രദ്ധ പതിപ്പിക്കാൻ സാധിക്കാത്ത സാഹചര്യം ഉണ്ടായാൽ അത് ജില്ലയിലാകെ യുഡിഎഫിന്റെ മഹത്തായ വിജയത്തിന് കാരണമായി തീരും. …

എന്റെ കണക്കുകൂട്ടൽ തെറ്റിയില്ല. അക്ഷരംപ്രതി അങ്ങനെ തന്നെ സംഭവിച്ചു. ഫലം വന്നപ്പോൾ കോഴിക്കോട് ജില്ലയിൽ 2 സീറ്റ് ഉണ്ടായിരുന്ന യുഡിഎഫ് 13 ൽ 12 ഉം നേടുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തി.

ബേപ്പൂരിൽ ഞാൻ ഇറങ്ങിയത് വിജയിക്കാനുള്ള പോരാട്ടത്തിന് തന്നെയാണ്.
എങ്കിലും പരാജയപ്പെടുന്ന സാഹചര്യം ഉണ്ടായാൽ…
ഞാൻ ഒരു ഉപാധി വെച്ചു.
കെടിഡിസി ചെയർമാൻ സ്ഥാനത്തേക്ക് എന്നെ പരിഗണിക്കാൻ യുഡിഎഫിന്റെ തീരുമാനമുണ്ടാകണം.
ആവർത്തിക്കുന്നതിൽ ക്ഷമിക്കണം.
മുകളിൽ സൂചിപ്പിച്ചത് കണക്കേ ഈ വിഷയത്തിൽ എനിക്ക് വ്യക്തമായ ഉറപ്പും ലഭിച്ചു.

ഇനി പറയേണ്ടത് എന്തുകൊണ്ട് കെടിഡിസി ചെയർമാൻ പദവി ആവശ്യപ്പെട്ടു എന്നുള്ളതാണ്.

നമുക്ക് ഏറ്റവും ഭംഗിയായി ചെയ്യാൻ കഴിയുന്നത് എന്താണ്? നമുക്ക് ഏറ്റവും അറിവുള്ള വിഷയമല്ലേ?
ടൂറിസം രംഗത്ത് എനിക്ക് അത്രത്തോളം അനുഭവപരിജ്ഞാനമുണ്ട്.
ഒരു വ്യവസായി എന്നുള്ള നിലയിൽ ദീർഘകാലം ടൂറിസം സംരംഭങ്ങൾ പോലും എന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നു.

മാത്രമല്ല കേരള ടൂറിസത്തെ ജനകീയമാക്കാനും, സാധാരണക്കാരെ ടൂറിസത്തിന്റെ ഭാഗമാക്കാനും അതുവഴി ഗ്രാമീണരായ കുടുംബങ്ങൾക്ക് ഉപജീവനം കണ്ടെത്താനുമുള്ള പദ്ധതികൾ ഞാൻ ആലോചിച്ചിരുന്നു. അത് സർക്കാരിന് സാമ്പത്തിക ബാധ്യതയില്ലാതെ നടപ്പിലാക്കുന്നതിലും എനിക്ക് വ്യക്തമായ ബോധ്യമുണ്ട്.

അതിനെല്ലാം ഉപരി എന്നെ അടുത്തറിയുന്നവർക്കറിയാം ടൂറിസം, അത് എനിക്കെന്നും എന്റെ “പാഷൻ”ആണ്.

അപ്പോൾ ഞാൻ ഉപസംഹരിക്കട്ടെ…..
നിങ്ങൾ കേട്ടതും അറിഞ്ഞതും സത്യമാണ്.
കത്ത് ഞാൻ നൽകിയിട്ടുണ്ട്.
UDF അസോസിയേറ്റ് മെമ്പർ എന്ന നിലയിൽ കത്ത് നൽകാൻ എനിക്ക് അവകാശമുണ്ട്.
കെടിഡിസി ചെയർമാൻ പദവിയിലേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ സർക്കാർ വൻ ഭൂരിപക്ഷത്തോടുകൂടി അധികാരത്തിലേറാൻ ഉണ്ടായ സാഹചര്യങ്ങളിലും പോരാട്ടങ്ങളിലും അണിനിരന്ന,കൂടെക്കൂടിയ ഒരാൾ എന്ന നിലയ്ക്ക് എനിക്ക് അർഹതയില്ല എന്ന് പറയാനാകില്ലല്ലോ….

തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ് …
സമുന്നതരായ നേതാക്കളാണ്..

യുഡിഎഫിന്റെ അസോസിയേറ്റ് മെമ്പർ ആയതിനുശേഷം യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും യുഡിഎഫ് ചെയർമാനും കുഞ്ഞാലിക്കുട്ടി സാഹിബ് അടക്കമുള്ള മറ്റെല്ലാ നേതാക്കളും എനിക്ക് നൽകിയ നിസീമമായ സഹായ സഹകരണങ്ങൾ എനിക്കും അവർക്കും അറിയാം. അതൊന്നും ഒരിക്കലും വിസ്മരിച്ചിട്ടില്ല.വിസ്മരിക്കുകയുമില്ല.

പ്രിയ മാധ്യമ സുഹൃത്തുക്കളോട്, നിങ്ങൾ അല്പം കൂടി കാത്തിരിക്കൂ, നമുക്ക് നേരിൽ കാണാം.

ഈ പോസ്റ്റ് വായിക്കാൻ ക്ഷമ കാണിച്ച എന്റെ പ്രിയപ്പെട്ടവരോട്, നിങ്ങളുടെ അഭിപ്രായം എനിക്ക് അനുകൂലമോ പ്രതികൂലമോ ആവട്ടെ അത് രേഖപ്പെടുത്തുമല്ലോ.

ചില കാര്യങ്ങൾ എല്ലാം ഞാൻ സസൂക്ഷ്മം വീക്ഷിക്കുന്നു. വ്യക്തമായി പഠിക്കുന്നു. അവധാനതയോടെ മനസ്സിലാക്കുന്നു.
അത്തരം വിഷയങ്ങളിലെല്ലാം പ്രതികരിക്കും. ഇപ്പോഴല്ല, പിന്നീട്.സമയം വരട്ടെ.
കാരണം ഞാൻ ഒരു എടുത്തുചട്ടക്കാരനാണ് എന്ന ആക്ഷേപം നിങ്ങളിൽ ചിലർ പറയാറില്ലേ?

അത് പൂർണ്ണമായും പരിഹരിക്കാൻ ഞാൻ അങ്ങോട്ട് തീരുമാനിച്ചു.
എങ്കിലും എന്റെ നിലപാടിൽ ഒരു മാറ്റവും ഈ നിമിഷം വരെ വന്നിട്ടില്ല. മാറുകയും ഇല്ല.

( പി വി അൻവർ)

Share post:

Popular

More like this
Related

ഔട്ട്! ; സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ  സുഹൈൽ ഷാജഹാനെ പുറത്താക്കി കോൺഗ്രസ്

തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി സുഹൈൽ ഷാജഹാനെ കോൺ​ഗ്രസ്...

ആലപ്പുഴയിലെ പക്ഷിപ്പനി; 26,000ത്തിലധികം വളർത്തുപക്ഷികളെ കൊന്നൊടുക്കും

ആലപ്പുഴ : ജില്ലയിൽ പക്ഷിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര...

ഗള്‍ഫ് മേഖലയില്‍ സംഘർഷത്തിന് അയവില്ല; കുവൈത്തിലും ബഹ്‌റൈനിലും ഡ്രോണ്‍ ആക്രമണം

കുവൈത്ത് സിറ്റി : ഗള്‍ഫ് മേഖലയില്‍ സംഘർഷം തുടരുകതന്നെയാണ്. കുവൈത്തിന്...

കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന ; ലഷ്‌കര്‍ നേതാവ് പിടിയിലായതായി സൂചന

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമിൽ  ഭീകരരുമായി ഏറ്റുമുട്ടി സുരക്ഷാ സേന....