ന്യൂഡല്‍ഹി: മുഖ്യമന്ത്രി വിഡി സതീശനെതിരെ വിമർശനവുമായി വീണ്ടും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. സതീശൻ ശൈലി മാറ്റണമെന്നാണ് അടൂര്‍ പ്രകാശ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ക്കെതിരെ കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്നലെ പരാതി നല്‍കിയെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. ഡല്‍ഹിയില്‍ പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നതിനിടെയായിരുന്നു യുഡിഎഫ് കണ്‍വീനറുടെ പ്രതികരണം.
തിങ്കളാഴ്ചയാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയതെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കി. സര്‍ക്കാരിന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഉന്നയിച്ച പരാതികള്‍ അടങ്ങുന്ന വിശദമായ കത്താണ് അടൂര്‍ പ്രകാശ് ഖാര്‍ഗെയ്ക്ക് നല്‍കിയതെന്നാണ് പറയുന്നത്. പാര്‍ട്ടി സര്‍ക്കാര്‍ ഏകോപനമില്ലായ്മയും യുഡിഎഫിൽ ചര്‍ച്ച ചെയ്യാതെടുക്കുന്ന തീരുമാനങ്ങൾ മൂലം സൃഷ്ടിക്കപ്പെടുന്ന പ്രതിസന്ധികളുമെല്ലാം കത്തിൽ സൂചിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
“വിഡി സതീശനെതിരെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. ഇക്കാര്യത്തില്‍ ദേശീയ നേതൃത്വം എടുക്കുന്ന തീരുമാനത്തിനൊപ്പം നില്‍ക്കും. മുഖ്യമന്ത്രിക്കെതിരെ ഘടകകക്ഷികളില്‍ പലര്‍ക്കും പരാതിയുണ്ട്. കോണ്‍ഗ്രസ് നേതാക്കള്‍ക്കുമുണ്ട്. മുഖ്യമന്ത്രി ഒരു കാര്യവും യുഡിഎഫുമായി ആലോചിക്കാതെയാണ് മുന്നോട്ടുപോകുന്നത്. അതില്‍ മാറ്റം ഉണ്ടാകണം. മുഖ്യമന്ത്രി ശൈലി മാറ്റണം.”- അടൂര്‍ പ്രകാശ് പറഞ്ഞു.
രാഹുല്‍ ഗാന്ധിയുമായും ഇന്ന് അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തുമെന്നറിയുന്നു. ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷനായി എംകെ മുനിര്‍, ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി ജി ദേവരാജന്‍ എന്നിവരുടെ നിയമനത്തിന് പിന്നാലെയാണ് അടൂര്‍ പ്രകാശ് മുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തു വന്നത്. പ്രധാനപ്പെട്ട സര്‍ക്കാര്‍ തീരുമാനങ്ങള്‍ പലതും മുന്നണി കണ്‍വീനറായ താന്‍ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നായിരുന്നു അടൂര്‍ പ്രകാശിൻ്റെ വിമർശനം. ആവശ്യപ്പെട്ടിട്ടും യുഡിഎഫ് ഏകോപന സമിതി യോഗങ്ങള്‍ കൃത്യമായി വിളിച്ചുചേര്‍ക്കാന്‍ മുഖ്യമന്ത്രി മുന്‍കൈ എടുത്തിട്ടില്ലെന്നും ആരോപിച്ചിരുന്നു.
