ന്യൂഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്ത്യാസഖ്യം നടത്തിയ പ്രതിഷേധമാർച്ചിനിടെ ഇടത് എംപിമാർക്ക് മർദ്ദനം. കസ്റ്റഡിയിൽ എടുക്കുന്നതിനിടെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗങ്ങളായ എ.എ. റഹീം, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ എന്നീ നാല് എംപിമാരെ പോലീസ് ബലം പ്രയോഗിച്ച് റോഡിലൂടെ വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് കയറ്റിയത്. പോലീസ് വാഹനത്തിനുള്ളിൽ വച്ചും തങ്ങൾക്ക് നേരെ മർദ്ദനമുണ്ടായതായി എംപിമാർ വ്യക്തമാക്കി.
അഞ്ചു മണിക്കൂറായി തുടരുന്ന പ്രതിഷേധത്തിന്റെ ആദ്യ മണിക്കൂറുകളിൽ തന്നെ ഇടത് എംപിമാരെ ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത് നീക്കിയിരുന്നു.
പോലീസ് അതിക്രൂരമായി മർദ്ദിച്ച് വാഹനത്തിലേക്ക് തള്ളിക്കയറ്റിയെന്നും, പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ബോധപൂർവ്വമായ ആക്രമണങ്ങൾ കൊണ്ട് തങ്ങളുടെ പോരാട്ടത്തെ ഒരിഞ്ചു പോലും പിന്നോട്ട് മാറ്റാനാവില്ലെന്നും എ.എ. റഹീം എം.പി പോലീസ് വാഹനത്തിനുള്ളിൽ നിന്ന് പങ്കുവെച്ച സന്ദേശത്തിൽ വ്യക്തമാക്കി. ഇന്ത്യൻ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ചോര ചിന്തിയാലും തെരുവുകളിലേക്ക് വീണ്ടും മടങ്ങിയെത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു
വാഹനത്തിലുണ്ടായിരുന്ന ഒരു വനിതാ പ്രവർത്തകയെ പോലീസ് ക്രൂരമായി ഉപദ്രവിക്കുന്നത് കണ്ട് തങ്ങൾ ഇടപെട്ടാണ് അത് തടഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. പോലീസിന്റെ ഭാഗത്തുനിന്ന് ബോധപൂർവ്വമായ ആക്രമണമാണ് ഉണ്ടായതെന്നും നിരവധി തവണ ഉപദ്രവിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി. ശിവദാസൻ, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ എന്നീ ജനപ്രതിനിധികളും മറ്റ് സഖാക്കളും തനിക്കൊപ്പം പോലീസ് വാഹനത്തിലുണ്ടെന്ന് റഹീം അറിയിച്ചു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യം നടത്തിയ പ്രതിഷേധ മാർച്ച്, സമീപത്തെ ആകാശവാണി ഭവന് മുന്നിലേക്ക് എത്തിയതോടെയാണ് സംഘർഷഭരിതമായത്. പിന്നീട് ആകാശവാണി ഭവന് മുന്നിൽ സത്യാഗ്രഹമിരിക്കാനെത്തിയപ്പോഴാണ് ഇടത് എംപിമാരെ ഡൽഹി പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ ഉയർന്ന തലങ്ങളിൽ പരാതി നൽകാനും തുടർനടപടികൾ സ്വീകരിക്കാനും പ്രതിപക്ഷ സഖ്യം തീരുമാനിച്ചിട്ടുണ്ട്.
