ന്യൂഡല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ചും പ്രതിഷേധവും നടത്തിയ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഡല്‍ഹി ആകാശവാണി ഭവനു മുന്നില്‍ നിന്നാണ് രാഹുല്‍, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളെ രാത്രി 7:45 ഓടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ഒൻപത് മണിക്കൂറോളം പിന്നിടുമ്പോഴാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവരെ ഡല്‍ഹി പൊലീസ് ബലം പ്രയോഗിച്ച് നീക്കിയത്.
ആകാശവാണി ഭവന് മുന്നിലെ ആൽച്ചുവട്ടിലായിരുന്നു നേതാക്കൾ കുത്തിയിരുന്ന് പ്രതിഷേധിച്ചത്. നേതാക്കളോട് പ്രതിഷേധ സ്ഥലത്ത് നിന്നും ഒഴിയാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും തയ്യാറായിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മീഷണറെ കണ്ടശേഷം മാത്രമെ മടങ്ങൂവെന്ന നിലപാടിലായിരുന്നു രാഹുൽ ഗാന്ധിയും പ്രതിഷേധക്കാരും. തുടർന്ന് ആദ്യം എംപിമാരെയും പിന്നീട് രാഹുലിനെയും പ്രിയങ്കയെയും ബലം പ്രയോഗിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.
ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയാണ് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. രാഹുല്‍ ഗാന്ധിക്കും പ്രിയങ്കക്കും പുറമേ മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍, അഖിലേഷ് യാദവ്, സുപ്രിയ സുലേ, എ എ റഹീം എംപി, ജോൺ ബ്രിട്ടാസ്, പി. സന്തോഷ് കുമാർ, വി. ശിവദാസൻ അടക്കമുള്ളവര്‍ പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു. മാര്‍ച്ച് അഞ്ഞൂറ് മീറ്റര്‍ പിന്നിട്ട് ആകാശവാണി ഭവന് മുന്നില്‍ എത്തിയപ്പോള്‍ പോലീസ് തടഞ്ഞു. രാഹുല്‍ ഗാന്ധിയെ കസ്റ്റഡിയിലെടുക്കാന്‍ പോലീസ് ശ്രമിച്ചത് പ്രവര്‍ത്തകര്‍ തടയുന്നതിനിടെയാണ് അദ്ദേഹം ആകാശവാണി ഭവനിലേക്ക് പ്രവേശിച്ചത്.
