തിരുവനന്തപുരം : ജൻശതാബ്ധി ട്രെയിനുകളിലെ സീറ്റുകളെ ചൊല്ലി ഉയർന്നുവന്ന വലിയ വിമർശനങ്ങളെ മുഖവിലക്കെടുത്ത് മാറ്റം വരുത്തിയ പുതിയ പുഷ്ബാക്ക് സീറ്റുകളുടെ (ബക്കറ്റ് സീറ്റ്) ചിത്രം പുറത്തുവിട്ട് ദക്ഷിണ റെയിൽവെ. തിരുവനന്തപുരം – കണ്ണൂർ ജൻശതാബ്ധി ട്രെയിനിലാണ് ( 12081/12082 ) ആദ്യം മാറ്റം വരികയെന്നാണ് അറിയുന്നത്.
കോച്ചുകൾ പൂർണ്ണമായി മാറ്റുകയാണെന്നാണ് റെയിൽവെ പറയുന്നത്. എല്ലാ നോൺ എസി കോച്ചുകളിലും പുതിയ സീറ്റുകളെത്തും. പുഷ്ബാക്ക് ലിവറുകളോടു കൂടിയ ഈ സീറ്റുകൾ യാത്ര കൂടുതൽ സൗകര്യപ്രദവും സുഖകരവുമാക്കുമെന്നാണ് വാഗ്ദാനം. പതിവ് പോലെ മുകളിൽ രണ്ട് വശങ്ങളിലും ലഗ്ഗേജ് റേക്കുകളും ഓരോ കോച്ചിലും നടുവിലായി മേശയും സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനുള്ള ഫോൾഡബിൾ ട്രേ സംവിധാനം സീറ്റിന് പുറകിൽ ഒരുക്കിയിട്ടുണ്ട്. മികച്ച ലെഗ്‌റൂമും കോച്ചുകളുടെ പ്രത്യേകതയാണ്.
നിലവിൽ ജൻശതാബ്ധി ട്രെയിനുകളിലെ
സെക്കൻഡ് സിറ്റിങ് കോച്ചുകളിൽ നൽകിയിരുന്ന സീറ്റുകളെക്കുറിച്ച് വ്യാപകമായ പരാതിയുയർന്നിരുന്നു. മെമു ട്രെയിനുകളിലുള്ള പോലത്തെ കുത്തനെ നിൽക്കുന്നതും പരുപരുത്തതുമായ സീറ്റുകളാണ് മുഴുവൻ റിസർവ്ഡ് കോച്ച് ട്രെയിനായ ജനശതാബ്ദിയിലും നൽകിയത്.
ദീർഘദൂര യാത്രക്കാർക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്നായിരുന്നു വിമർശനം. രൂക്ഷമായ വിമർശനങ്ങൾ ഉയർന്നതോടെയാണ് പുഷ്ബാക്ക് സീറ്റുകളുള്ള കോച്ചുകളിറക്കാൻ ദക്ഷിണ റെയിൽവേ തയ്യാറായത്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ജനശതാബ്ദി കോച്ചുകൾ നിർമിച്ചത്. ഇവിടെ സിറ്റിങ് കോച്ചുകൾ നിർമിക്കുന്നത് നേരത്തെ തന്നെ നിർത്തിയിരുന്നു. ഇക്കാരണത്താലാണ് ഐസിഎഫിന്റെ ഫാക്ടറിയിൽ ലഭ്യമായ സാധാരണ സീറ്റുകളുള്ള കോച്ചുകൾ നൽകിയതെന്ന് റെയിൽവേ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
ഉത്തരേന്ത്യൻ കോച്ച് ഫാക്ടറികളിൽ നിന്ന് നിർമിച്ച 16 പുതിയ കോച്ചുകൾ തിരുവനന്തപുരം ഡിവിഷന് കൈമാറിയിട്ടുണ്ട്. പുതിയ കോച്ചുകൾ പഞ്ചാബിലെ കപൂർത്തലയിലുള്ള കേന്ദ്ര സർക്കാർ സ്ഥാപനമായ റെയിൽ കോച്ച് ഫാക്ടറിയിലാണ് (ആർസിഎഫ്) നിർമ്മിച്ചത്. 10 ദിവസത്തിനകം തിരുവനന്തപുരം – കോഴിക്കോട് ജനശതാബ്ദിയിലെ സെക്കൻഡ് സിറ്റിങ് കോച്ചുകളും പുഷ്ബാക്ക് സീറ്റുകളിലേക്ക് മാറ്റും.
