തൃശൂർ : റോഡ് പണി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ദേശീയപാത 66ലെ നാട്ടികയിൽ ടോൾ പിരിക്കാനൊരുങ്ങി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ). ഒക്ടോബർ 8, വ്യാഴാഴ്ച മുതൽ ടോൾ പിരിവ് ആരംഭിക്കും. ടോൾ പ്ലാസയിലെ നിരക്ക് സംബന്ധിച്ച വിവരങ്ങളും എൻഎച്ച്എഐ പുറത്തുവിട്ടിട്ടുണ്ട്.
കാറുകൾ, ജീപ്പുകൾ, മറ്റ് ചെറിയ വാഹനങ്ങൾ എന്നിവയ്ക്ക് ഒറ്റ യാത്രയ്ക്ക് 120 രൂപയും അതേ ദിവസത്തെ മടക്കയാത്രയ്ക്ക് 180 രൂപയുമാണ് ടോൾ നിരക്ക്. ഇതേ വിഭാഗത്തിൽപ്പെട്ട വാണിജ്യ വാഹനങ്ങൾക്ക് ഒറ്റയാത്രയ്ക്ക് 195 രൂപയും മടക്കയാത്രയ്ക്ക് 290 രൂപയും നൽകണം. ബസുകൾ, ട്രക്കുകൾ എന്നീ വാഹനങ്ങളുടെ ഒറ്റയാത്രയ്ക്ക് 405 രൂപയും അതേ ദിവസത്തെ മടക്കയാത്രയ്ക്ക് 610 രൂപയുമാണ് ടോൾ നിരക്ക്.
നാട്ടിക ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ വാണിജ്യേതര വാഹനങ്ങൾക്ക് പ്രതിമാസ പാസിന് 360 രൂപയായിരിക്കും ടോൾ നിരക്ക്. മറ്റ് വിഭാഗം വാഹനങ്ങൾക്കുള്ള ടോൾ നിരക്കുകളും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ദേശീയപാത 66ലെ നാട്ടികയിൽ ടോൾ പിരിവ് നടത്താനുള്ള എൻഎച്ച്എഐയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. റോഡ് പണി പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ടോൾ പിരിക്കാനുള്ള നീക്കമാണ് എൻഎച്ച്എഐ നടത്തുന്നതെന്ന ആരോപണമാണ് ഉയരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസും സിപിഎമ്മും ടോൾ പ്ലാസയിലേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ചു.
ഒരുമനയൂർ (ചാവക്കാട്), ചെറ്റുവ, വടാനപ്പള്ളി എന്നിവിടങ്ങളിലുൾപ്പെടെ പലയിടങ്ങളിലെയും പാലങ്ങളുടെ പണി പൂർത്തിയായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെവി അബ്ദുൾ ഖാദർ പറഞ്ഞു. ഇടമുട്ടം, മൂന്നുപീടിക തുടങ്ങിയ സ്ഥലങ്ങളിലെ അപ്രോച്ച് റോഡുകളുടെ നിർമ്മാണവും അപൂർണ്ണമാണ്. ഇത്തരമൊരു സാഹചര്യത്തിൽ നാട്ടികയിൽ ടോൾ പിരിവ് ആരംഭിക്കുന്നത് എൻഎച്ച്എഐയുടെ തീരുമാനത്തിന് വിരുദ്ധമാണ്. ഇതിനെതിരെ സിപിഎം ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് അബ്ദുൾ ഖാദർ പറഞ്ഞു.
കൊടുങ്ങല്ലൂർ, ചെറ്റുവ എന്നിവിടങ്ങളിലുൾപ്പെടെ അഞ്ച് പാലങ്ങളുടെ നിർമ്മാണം പൂർത്തിയായിട്ടില്ലെന്ന് നാട്ടിക കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പിഐ ഷൗക്കത്തലിയും ആരോപിച്ചു. ഓടകളുടെ നിർമ്മാണവും പാതിവഴിയിലാണ്. വ്യാഴാഴ്ച ടോൾ പ്ലാസയിലേക്ക് കോൺഗ്രസ് മാർച്ച് നടത്തും. എല്ലാ പണികളും പൂർത്തിയാകുന്നതുവരെ ടോൾ പിരിവിനെതിരായ പ്രക്ഷോഭം തുടരുമെന്നാണ് അറിയുന്നത്.
