തിരുവനന്തപുരം : തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഹാജര്‍ ബുക്കിൽ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ മേയര്‍ വി വി രാജേഷ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. മേയര്‍ക്ക് പുറമെ, വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന്‍, കോര്‍പററേഷന്‍ സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് മ്യൂസിയം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സിപിഎം നേതാവ് എസ് പി ദീപക്കിന്റെ പരാതിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
കാപ്പാക്കേസില്‍ ഉൾപ്പെട്ട് ബിജെപി നേതാവും വാഴോട്ടുകോണം കൗണ്‍സിലറുമായ ആര്‍ സുഗതന്‍ ഒളിവിലായിരുന്നപ്പോള്‍, കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തതായി വരുത്തിത്തീര്‍ക്കാന്‍ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി എന്നാണ് ആരോപണം. കൗണ്‍സിലില്‍ ഭൂരിപക്ഷം ഉറപ്പാക്കാനായിരുന്നു ഇത്തരത്തില്‍ തിരിമറി നടത്തിയതെന്നാണ് കോര്‍പ്പറേഷന്‍ ഇടതുമുന്നണി പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ ദീപകിൻ്റെ പരാതി.
കാപ്പാ കേസില്‍ ജൂണ്‍ ഒമ്പതിനാണ് സുഗതനെ വട്ടിയൂര്‍ക്കാവ് പോലീസ് അറസ്റ്റുചെയ്തത്. എന്നാല്‍, അറസ്റ്റ് ഭീഷണി നിലനിന്നതിനാല്‍ ഇതിനു മുന്‍പുള്ള കൗണ്‍സില്‍ യോഗങ്ങളില്‍ സുഗതന്‍ പങ്കെടുത്തില്ലെന്നാണ് എല്‍ഡിഎഫ് വ്യക്തമാക്കുന്നത്. ഫെബ്രുവരി 26, മാര്‍ച്ച് 11, ഏപ്രില്‍ 27 തീയതികളിലെ യോഗങ്ങളില്‍ സുഗതൻ പങ്കെടുത്തില്ലെന്നും ഈ ദിവസങ്ങളിലെ ഒപ്പ് വ്യാജമായി രേഖപ്പെടുത്തിയെന്നുമാണ് ആരോപണം.
പരാതിയെത്തുടര്‍ന്ന് പോലീസ് കോര്‍പ്പറേഷന്‍ ഓഫീസിലെത്തി ഹാജര്‍ ബുക്ക് പരിശോധിച്ചിരുന്നു. തുടര്‍ന്ന് കേസെടുത്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് കാണിച്ച് കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രാഥമികാന്വേഷണത്തിൽ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
