തൃശൂർ : നാട്ടിക ടോൾ പ്ലാസയിൽ ഇന്ന് ആരംഭിക്കാനിരുന്ന ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചു. ഇന്ന് രാവിലെ എട്ട് മണിയോടെ ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു. ശക്തമായ പ്രതിഷേധങ്ങളെ തുടർന്നാണ് തൽക്കാലം ടോൾ പിരിക്കേണ്ടെന്ന തീരുമാനം ഉണ്ടായത്. ദേശീയപാത 66 ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും മുൻപേ ടോൾ പിരിക്കാനായിരുന്നു കരാർ കമ്പനിയുടെയും നാഷണൽ ഹൈവേ അതോററ്റിയുടെയു നീക്കം. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്.
ജനകീയ സമരസമിതികളുടെയും, ഇടതുപക്ഷ സംഘടനകളുടെയും കോൺഗ്രസിൻ്റേയും നേതൃത്വത്തിൽ ടോൾ പ്ലാസ ഉപരോധിച്ചു. വാഹനങ്ങൾ കടത്തിവിടാൻ ശ്രമിച്ച സമരക്കാർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് സമരസമതി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ചാവക്കാട് മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗങ്ങളിൽ പലയിടങ്ങളിലും നിർമ്മാണ പ്രവർത്തികൾ പുരോഗമിക്കുകയാണ്. വഴിവിളക്കുകൾ പലയിടങ്ങളിലും സ്ഥാപിച്ചിട്ടില്ല. അപ്പ്രോച്ച് റോഡുകൾ ഇല്ല. കാനകളുടെ നിർമ്മാണം പോലും പൂർത്തിയാക്കിയിട്ടില്ല. ഇതിനിടയിലാണ് ടോൾ പിരിവ് ആരംഭിക്കാൻ നീക്കം ഉണ്ടായതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. പ്രതിഷേധങ്ങള തുടർന്ന് സർക്കാരും നാഷണൽ ഹൈവേ അതോററ്റി അധികൃതരും നടത്തിയ ചർച്ചയിലാണ് ടോൾ പിരിവ് താൽക്കാലികമായി നിർത്തിവെച്ചത്.
ഒരാഴ്ചയ്ക്കുള്ളിൽ തൃശൂർ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദേശീയ പാതയിലെ നിർമ്മാണ പുരോഗതി വിലയിരുത്തും. . പണികൾ മുഴുവൻ പൂർത്തിയാകാൻ നാലോ, അഞ്ചോ മാസം കൂടി വേണ്ടിവരുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. നാട്ടിക ദേശീയ പാതയോരത്ത് മതിയായ സുരക്ഷാ മുന്നൊരുക്കങ്ങൾ ഇല്ലെന്ന ആക്ഷേപവും നേരത്തെ തന്നെ ഉണ്ടായിരുന്നു. നിരവധി ഇരുചക്രവാഹന യാത്രക്കാർക്ക് ഈ ഭാഗത്ത് വെച്ച് അപകടങ്ങളും സംഭവിച്ചിട്ടുണ്ട്.
