ന്യൂഡൽഹി : ഇന്ത്യ മുന്നണിയുടെ ‘ചലോ ഡൽഹി’ മാർച്ചിനും റാലിക്കും മുൻപായി ഡൽഹിയിലെ കൊണാട്ട് പ്ലേസിലെ കടകൾ ബിജെപി ബലമായി അടപ്പിച്ചുവെന്ന് ആരോപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതുവഴി വ്യാപാരികൾക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. റാലിക്ക് എത്തുന്നവരോട് സാധനങ്ങൾ വാങ്ങി വ്യാപാരികളെ പിന്തുണയ്ക്കാൻ താൻ അഭ്യർത്ഥിച്ചിട്ടും കടകൾ അടപ്പിച്ചത് കച്ചവടക്കാരെ സാരമായി ബാധിച്ചുവെന്ന് രാ രാഹുൽ പറഞ്ഞു.
ഡൽഹിയിൽ എത്തുന്ന പ്രതിഷേധക്കാർ പ്രാദേശിക വിപണികളിൽ നിന്ന് സാധനങ്ങൾ വാങ്ങി കച്ചവടക്കാരെ സഹായിക്കണമെന്ന് ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. എന്നാൽ കൊണാട്ട് പ്ലേസിലെത്തിയപ്പോൾ കടകളെല്ലാം അടഞ്ഞുകിടക്കുന്നതാണ് കണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
“മാർച്ചിനും റാലിക്കുമായി ഇവിടെയെത്തുമ്പോൾ സാധനങ്ങൾ വാങ്ങാനും കുറച്ച് ഷോപ്പിങ് നടത്താനും ഞങ്ങൾ എല്ലാവരോടും പറഞ്ഞിരുന്നു. എന്നാൽ, കൊണാട്ട് പ്ലേസിലേക്ക് വന്നപ്പോൾ ബിജെപി ബലമായി ഓരോ കടയും അടപ്പിച്ചതായി ഞങ്ങൾ കണ്ടെത്തി. വ്യാപാരികൾക്ക് ആരാണ് നഷ്ടമുണ്ടാക്കുന്നതെന്നും അത് എങ്ങനെ സംഭവിക്കുന്നുവെന്നും നിങ്ങൾ അറിയണം.”- രാഹുൽ എക്സിൽ കുറിച്ചു.
ശനിയാഴ്ച വൈകീട്ട് എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലും ഉത്സവ സീസണിൽ ചെറുകിട ബിസിനസുകളെ പിന്തുണയ്ക്കണമെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഡൽഹിയിലേക്ക് എത്തുന്നവരോട് രാഹുൽ അഭ്യർത്ഥിച്ചിരുന്നു. ‘പ്രതിഷേധിക്കുക, മാർച്ച് നടത്തുക, റാലികൾ സംഘടിപ്പിക്കുക; അതിനോടൊപ്പം കുറച്ച് ഷോപ്പിങ്ങും നടത്തുക – അത് വ്യാപാരികൾക്ക് പ്രയോജനം ചെയ്യും’.- രാഹുൽ പറഞ്ഞു.
നവംബർ 1-ലെ പ്രതിഷേധം ഉത്സവ സീസണിന് ശേഷമുള്ള തീയതിയിലേക്ക് മാറ്റിവെക്കണമെന്ന് രാഹുൽ ഗാന്ധിയോടും കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയോടും വ്യാപാരി സംഘടനകൾ അഭ്യർത്ഥിച്ചിരുന്ന പശ്ചാത്തലത്തിലാണ് രാഹുലിൻ്റെ പ്രതികരണം വന്നത്. ഉത്സവ സീസണിലെ ബിസിനസിനെ ഇത് ബാധിക്കാമെന്ന് ഫെഡറേഷൻ ഓഫ് സദർ ബസാർ ട്രേഡേഴ്‌സ് അസോസിയേഷനും ചൂണ്ടിക്കാണിച്ചിരുന്നു.
