തിരുവനന്തപുരം : ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു. വ്യക്തിപരമാണ് രാജിയെന്ന് വിശദീകരണമുണ്ടെങ്കിലും ഒരു സീറ്റിൻ്റെ ഭൂരിപക്ഷത്തിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ഭരണം നടത്തുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ശ്രീലേഖയുടെ നടപടി വൻതിരിച്ചടിയാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ ആകെയുള്ള 101 വാർഡുകളിൽ 50 സീറ്റുകൾ നേടിയാണ് ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായത്. പിന്നിട് , സ്വതന്ത്രനായി വിജയിച്ച പാറ്റൂർ രാധാകൃഷ്ണൻ്റെ പിന്തുണ കൂടി നേടി ഭരണം സ്വന്തമാക്കുകയായിരുന്നു.
ശാസ്തമംഗലം ഡിവിഷനിൽ നിന്നായിരുന്നു ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷനിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മേയർ സ്ഥാനാർത്ഥി എന്ന നിലയിലായിരുന്നു മത്സരസമയത്ത് ആർ ശ്രീലേഖയെ ഉയർത്തിക്കാണിച്ചിരുന്നത്. എന്നാൽ ഭരണം ലഭിച്ചതോടെ ശ്രീലേഖയെ തഴഞ്ഞ് വി വി രാജേഷിനെ ബിജെപി മേയറാക്കി. അന്നേ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച് ശ്രീലേഖ രംഗത്തെത്തുകയും ചെയ്തിരുന്നു. ഇപ്പോൾ രാജി വെക്കാനുണ്ടായ പുതിയ സംഭവ വികാസങ്ങൾ എന്താണെന്നത് അടുത്ത മണിക്കൂറുകളിൽ പുറത്തു വരാനിരിക്കുന്നതേയുള്ളൂ
