ന്യൂഡൽഹി : പെട്ടോളിൽ 20 ശതമാനം എഥനോൾ കലർത്തുന്ന വിഷയത്തിൽ സുപ്രീംകോടതി കയറി കേന്ദ്ര സർക്കാർ.
എഥനോൾ കലർത്തുന്ന പരീക്ഷണം രാജ്യത്ത് ഇപ്പോഴും തുടരുന്ന പദ്ധതിയാണെന്നും അടുത്ത വർഷത്തോടെ നയത്തിന്റെ ഫലം കൂടുതൽ വ്യക്തമാകുമെന്നും സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. എഥനോൾ മിശ്രിതത്തിന്റെ അളവ് കൂടുന്നത് പഴയ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുമെന്നും ഇന്ധനക്ഷമത കുറയ്ക്കുമെന്നും പലരും ആശങ്ക പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് സാർക്കാർ വിഷയത്തിൻ്റെ നിജസ്ഥിതി കോടതിയെ ബോദ്ധ്യപ്പെടുത്തിയത്.
E20 പെട്രോളിനെ മെക്കാനിക്കൽ നാശനഷ്ടങ്ങളുമായി ബന്ധിപ്പിക്കുന്നതിന് വ്യക്തമായ തെളിവുകളൊന്നും നിലവിലില്ലെന്നും ഈ നയം ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്കും കർഷകർക്കും പരിസ്ഥിതിക്കും മൊത്തത്തിൽ ഗുണം ചെയ്യുമെന്നും സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി.
2025-26 വർഷത്തേക്കുള്ള എഥനോൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് പൊതുമേഖലാ സ്ഥാപനമായ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ) സമർപ്പിച്ച ഹർജിയിലെ വാദത്തിനിടെയാണ് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി വിഷയത്തിൻ്റെ പ്രാധാന്യം കോടതിയെ ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചത്. ജൂൺ 23 ലെ ഉത്തരവിൽ, ടെൻഡർ അന്തിമമാക്കുന്നതിന് മുമ്പ് എഥനോൾ വിഹിതം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഡിസ്റ്റിലറി സമർപ്പിച്ച പ്രാതിനിധ്യം പരിഗണിച്ച് തീരുമാനമെടുക്കാൻ ഓയിൽ മാർക്കറ്റിംഗ് കമ്പനികളായ (ഒഎംസി) ബിപിസിഎൽ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ), ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി) എന്നിവയോട് ഹൈക്കോടതി നിർദ്ദേശിച്ചു.
ഹൈക്കോടതിയുടെ ഉത്തരവ് പെട്രോളിൽ 20 ശതമാനം എത്തനോൾ കലർത്തുക എന്ന സർക്കാരിന്റെ വിശാലമായ നയ ലക്ഷ്യത്തെ ബാധിക്കുമെന്ന് ബിപിസിഎൽ സുപ്രീം കോടതിയിൽ വാദിച്ചു.
വാദത്തിനിടെ, ഉത്തരവിനെതിരെ ബിപിസിഎൽ കർണാടക ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീം കോടതി ചോദിച്ചു. 2025 ഒക്ടോബറിൽ എത്തനോൾ വിതരണ കരാറുകൾ അന്തിമമാക്കിയിട്ടുണ്ടെന്നും സമാനമായ ഹർജികൾ ഒന്നിലധികം ഹൈക്കോടതികളുടെ പരിഗണനയിലാണെന്നും കോടതിയിൽ മറുപടിയായി അറ്റോർണി ജനറൽ പറഞ്ഞു.
എഥനോൾ വിതരണ കരാറുകൾ പുതുക്കുന്നതിനായി വരുന്ന ഒക്ടോബറിനു മുമ്പ് ഈ വിഷയം തീരുമാനിക്കേണ്ടതുണ്ടെന്ന് വാദിച്ച വെങ്കട്ടരമണി ട്രാൻസ്ഫർ ഹർജി ഫയൽ ചെയ്യാൻ അനുമതി തേടി. ഡിവിഷൻ ബെഞ്ചിന് മുന്നിലും പിന്നീട് മറ്റ് ഹൈക്കോടതികളിലും പോയാൽ അത് വൈകാനുള്ള സാഹചര്യമാണുള്ളതെന്നും അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ഏപ്രിൽ 1 മുതലാണ് എണ്ണ വിപണന കമ്പനികൾ രാജ്യത്തുടനീളം 20 % എത്തനോൾ കലർന്ന പെട്രോൾ വിതരണം ചെയ്യാൻ തുടങ്ങിയത്. 2030 ആകുമ്പോഴേക്കും പെട്രോളിൽ എത്തനോൾ കലർത്തുന്നത് 30 ശതമാനമായി വർദ്ധിപ്പിക്കുക എന്നതാണ് സർക്കാർ ഇപ്പോൾ ലക്ഷ്യമിടുന്നത്. E20 ഇന്ധനത്തിന്റെ ഉപയോഗം വാഹന ഇൻഷുറൻസ് പരിരക്ഷയെ ബാധിക്കുമെന്ന ആശങ്കകൾ അസ്ഥാനത്താണെന്നും എത്തനോൾ മിശ്രിത പദ്ധതി സുരക്ഷിതവും ഉപഭോക്തൃ സൗഹൃദവും സാമ്പത്തികമായി പ്രയോജനകരവുമാണെന്നാണ് കേന്ദ്ര എണ്ണ മന്ത്രാലയത്തിൻ്റെ വാദം.
“എഥനോൾ മിശ്രിതം ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഒരു രീതിയാണ്, യുഎസ്, ബ്രസീൽ, ജപ്പാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇത് വിജയകരമായി നടപ്പിലാക്കുന്നുണ്ട്.” മന്ത്രാലയം പറയുന്നു. അസംസ്കൃത എണ്ണ ഇറക്കുമതി കുറച്ചുകൊണ്ട് എത്തനോൾ മിശ്രിത പദ്ധതി ഇന്ത്യയ്ക്ക് 1.4 ലക്ഷം കോടിയിലധികം വിദേശനാണ്യം ലാഭിക്കാൻ സഹായിച്ചതായും മന്ത്രാലയം അവകാൾ പ്പെടുന്നു.
“.
