തിരുവനന്തപുരം : മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്‍റെ മകൾ വീണക്ക് സമൻസ് അയച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി). കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (CMRL) കമ്പനിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലും എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിന് ലഭിച്ച മാസപ്പടി ആരോപണങ്ങളിലും ചോദ്യം ചെയ്യലിനായി ഈ മാസം ജൂൺ 12-ന് ഇഡിയുടെ കൊച്ചിയിലെ സോണൽ ഓഫീസിൽ ഹാജരാകാനാണ് കേന്ദ്ര ഏജൻസിയുടെ നിർദ്ദേശം.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (PMLA, 2002) സെക്ഷൻ 50(2) പ്രകരാമുള്ള വ്യവസ്ഥകൾ അനുസരിച്ചുള്ള മൊഴിയാണ് വീണയിൽ നിന്ന് രേഖപ്പെടുത്തുക. ഈ കേസുമായി ബന്ധപ്പെട്ട് സിഎംആർഎൽ ഉൾപ്പെടെയുള്ള മറ്റ് ചില വ്യക്തികൾക്കും ഏജൻസി സമൻസ് അയച്ചിട്ടുണ്ടെന്നാണ് വിവരം. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മണൽ ഖനന കമ്പനിയായ സിഎംആർഎല്ലിനും വീണയുടെ ഉടമസ്ഥതയിലുള്ളതും ഇപ്പോൾ പ്രവർത്തനരഹിതവുമായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും എതിരെയുള്ള കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഈ അന്വേഷണം നടക്കുന്നത്. കഴിഞ്ഞ മാസം തിരുവനന്തപുരത്ത് പിണറായി വിജയന്റെ വാടക വീട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ സിഎംആർഎൽ കമ്പനി എക്സാലോജിക് സൊല്യൂഷൻസിന് 2.78 കോടി രൂപ വ്യാജമായാണ് പണം നൽകിയതെന്ന ആരോപണത്തിലാണ് ഇഡി അന്വേഷണം പുരോഗമിക്കുന്നത്.
ഇതിനുപുറമെ, സിഎംആർഎൽ എംഡി ശശിധരൻ കർത്താ നടത്തുന്ന എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് (EICPL) എന്ന മറ്റൊരു കമ്പനി, കൃത്യസമയത്ത് തിരിച്ചടവ് നടത്തുന്നതിൽ എക്സാലോജിക് പരാജയപ്പെട്ടിട്ടും 50 ലക്ഷം രൂപ വായ്പയായി നൽകിയതായും ഇഡി വ്യക്തമാക്കുന്നു. ഈ പ്രക്രിയയിലൂടെ കർത്തായുടെ നേതൃത്വത്തിലുള്ള സിഎംആർഎൽ മാനേജ്‌മെന്റും വീണയും ചേർന്ന് കള്ളപ്പണം ഉണ്ടാക്കിയെന്നാണ് ഏജൻസി അവകാശപ്പെടുന്നത്. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് കോടതികളിൽ നിന്ന് ലഭിച്ച രണ്ട് അനുകൂല ഉത്തരവുകളാണ് ഇഡിയെ പുതിയ നടപടികളിലേക്ക് നയിച്ചത്.
എസ്എഫ്‌ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വീണയ്‌ക്കെതിരെ കോർപ്പറേറ്റ് തട്ടിപ്പ് ആരോപിച്ചിട്ടുണ്ട്. ഇതിനുപുറമെ, ഇഡി അന്വേഷണത്തിനെതിരെ സിഎംആർഎൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളിൽ അന്വേഷണം ആരംഭിക്കുന്നതിനും സമൻസ് അയക്കുന്നതിനും മുൻപ് മറ്റ് പരാതികളോ എഫ്‌ഐആറോ ആവശ്യമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ ഒപ്പുവെച്ച കരാറുകളുടെ വിശദാംശങ്ങൾ, നൽകിയ സേവനങ്ങൾക്ക് പകരമായി സിഎംആർഎല്ലിന് എക്സാലോജിക് നൽകിയ ഇൻവോയ്സുകളുടെ പകർപ്പുകൾ, ഇരുകമ്പനികളും തമ്മിലുള്ള ഇടപാടുകൾ അടങ്ങിയ ലെഡ്ജർ അക്കൗണ്ട് എന്നിവ ഹാജരാക്കാൻ ഇഡി നേരത്തെ സിഎംആർഎൽ പ്രതിനിധികൾക്ക് സമൻസ് നൽകിയിരുന്നു. സിഎംആർഎല്ലിന്റെ ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ, ഓഡിറ്റ് ചെയ്ത ബാലൻസ് ഷീറ്റുകൾ, ആദായനികുതി അസസ്‌മെന്റുമായി ബന്ധപ്പെട്ട രേഖകൾ എന്നിവയും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിഎംആർഎൽ കമ്പനിയിൽ നിന്ന് ഐടി കൺസൾട്ടൻസി സേവനങ്ങളുടെ മറവിൽ വൺ-പേഴ്‌സൺ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് വ്യാജമായി 2.78 കോടി രൂപ കൈപ്പറ്റിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ.
