തിരുവനന്തപുരം : 2025-26 സാമ്പത്തിക വർഷത്തെ ബോണസും പ്രത്യേക ഉത്സവബത്തയും അഡ്വാൻസും അനുവദിച്ച് സർക്കാർ. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഫുൾടൈം കണ്ടിജന്റ് ജീവനക്കാർക്കും മറ്റു വിഭാഗങ്ങളിലുളള ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ബോണസും ഉത്സവബത്തയും അഡ്വാൻസുമാണ് അനുവദിച്ചത്.
4500 രൂപയാണ് ബോണസായി ലഭിക്കുക. ബോണസിന് അർഹതയില്ലാത്തവർക്ക് പ്രത്യേക ഉത്സവബത്തയായി 3000 രൂപ ലഭിക്കും. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 1250 രൂപയാണ്. ഓഗസ്റ്റ് 17 മുതൽ തുക വിതരണം ചെയ്യും. ഏക അദ്ധ്യാപക വിദ്യാലയങ്ങളിലേയും പെരിപതെറ്റിക് വിദ്യാലയങ്ങളിലേയും അദ്ധ്യാപകർ ആയമാർ വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾ എന്നിവർക്ക് 1550 രൂപ ഉത്സവബത്ത ലഭിക്കും. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിതരായ ദിവസവേതനക്കാർക്ക് 1460 രൂപയും ബാലവാടി അംഗൻവാടി ഹെൽപർമാർ ആയമാർ പാലിയേറ്റീവ് കെയർ നഴ്‌സുമാർ എന്നിവർക്ക് 1450 രൂപയുമായിരിക്കും ഉത്സവ ബത്ത.
എല്ലാ സർക്കാർ ജീവനക്കാർക്കും മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ഡെപ്യൂട്ടി സ്പീക്കർ, ചീഫ് വിപ്പ് എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനും ഓണം അഡ്വാൻസായി 20,000 രൂപ ലഭിക്കും. ഇത് അഞ്ചുമാസ തുല്യഗഡുക്കളായി ഒക്ടോബർ മാസം മുതലുള്ള ശമ്പളത്തിൽനിന്ന് തിരിച്ചടയ്‌ക്കേണ്ടതുമാണ്.
1- പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാർ, 2- എല്ലാ വകുപ്പുകളിലെയും എൻഎംആർ, സിഎൽആർ, സീസണൽ വർക്കർമാർ, കൃഷി ഫാമുകളിലെ സ്ഥിരം വർക്കർമാർ, 3- സർക്കാർ വകുപ്പുകളിലെ സ്ഥിരം തൊഴിലാളികൾ, 4- പൊതുമരാമത്ത് വകുപ്പിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന റീജിയണൽ വർക്ക്‌ഷോപ്പുകളിലെ വർക്കർമാർ, ആലപ്പുഴയിലെ ഡ്രെഡ്ജർ ആൻഡ് ഡ്രൈ ഡോക്കിലെ വർക്കർമാർ, 5- കുടുംബാംസൂത്രണ വോളണ്ടിയർമാർ വർക്കർമാർ, അംഗൻവാടി വർക്കർമാർ, ഹെൽപ്പർമാർ, 7- കൃഷിവകുപ്പ്, മൃഗസംരക്ഷണവകുപ്പ്, ക്ഷീരവികസന വകുപ്പ് എന്നിവിടങ്ങളിലെ സ്ഥിരം അല്ലാത്ത വർക്കർമാർ, ബന്ധപ്പെട്ട ലോക്കൽബോഡികൾ, കൃഷിവകുപ്പ് എന്നിവിടങ്ങളിലെ കോക്കനട്ട് സ്‌പ്രേയിങ് വർക്കർമാർ, 8- മൗണ്ടഡ് പോലീസ് വിങ്ങിലെ ഗ്രാസ് കട്ടർമാർ എന്നിവർക്ക് ആറായിരം രൂപയും ഓണം അഡ്വാൻസ് ആയി അനുവദിച്ചിട്ടുണ്ട്.
ബസംസ്ഥാന സർക്കാർ ജീവനക്കാർക്ക് നിലവിൽ പ്രാബല്യത്തിലുള്ള ശമ്പള സ്‌കെയിലുകളിൽ (11-ാം ശമ്പള പരിഷ്‌കരണം) 49,275 രൂപ വരെയുള്ള തുകയോ പത്താം ശമ്പള പരിഷ്‌കരണ സ്‌കെയിലുകളിൽ 44,462 രൂപ വരെയുള്ള തുകയോ 31-03-26-ൽ ആകെ ശമ്പളം ഉണ്ടായിരുന്ന സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും (മന്ത്രിമാരുടെയും സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെയും പേഴ്‌സണൽ സ്റ്റാഫ് ഉൾപ്പെടെ) എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും 4,500 രൂപ ബോണസ് അനുവദിച്ചു. മുകളിൽ നിശ്ചയിച്ചിരിക്കുന്ന ശമ്പള പരിധിയിൽ വരുന്ന അർഹരായ ജീവനക്കാർക്ക് ഒരുമാസത്തെ വേതനം അല്ലെങ്കിൽ 4,500 രൂപ ഇതിൽ ഏതാണോ കുറവ് ആ തുകയാണ് ബോണസ് ആയി അനുവദിക്കുക.
പ്രത്യേക ബോണസിന് അർഹതയില്ലാത്ത ജീവനക്കാർക്ക് വ്യത്യസ്ത നിരക്കിലുള്ള പ്രത്യേക ഉത്സവബത്തയ്ക്ക് അർഹതയുണ്ടായിരിക്കും.
