Wednesday, September 30, 2026

കർണാടക വനത്തിൽ വെടിവയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു; വേട്ടക്കാരെന്ന് വനംവകുപ്പ്, നിഷേധിച്ച് കുടുംബം, പ്രദേശത്ത് സംഘർഷാവസ്ഥ

Date:

ബംഗളൂരു : കർണാടകയിലെ ചാമരാജനഗർ ജില്ലയിലെ കാവേരി വന്യജീവി സങ്കേതത്തിലെ ഹനൂർ ഫോറസ്റ്റ് റേഞ്ചിൽ വനപാലകരുടെ വെടിയേറ്റ് മൂന്നുപേർ കൊല്ലപ്പെട്ടു. വന്യമൃഗങ്ങളെ വേട്ടയാടാനെത്തിയവരാണ് കൊല്ലപ്പെട്ടതെന്നാണ് വനപാലകർ അവകാശപ്പെടുന്നത്. എന്നാൽ, നാട്ടുകാരും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആരോപണം നിഷേധിച്ച് പ്രതിഷേധവുമായി എത്തിയത് സംഘർഷത്തിന് വഴിവെച്ചു. മാരിമംഗല നിവാസിയായ ആന്റണിസ്വാമി (50), ജഗന്നാഥ ദോഡി നിവാസിയായ ജോൺ റോസ് പീറ്റർ (42), ലാർസാർദോഡി നിവാസിയായ കുമാർ (33) എന്നിവരാണ് മരണപ്പെട്ടത്.

ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രകോപിതരായ നാട്ടുകാർ വനംവകുപ്പ് ഓഫീസിന് നേരെ ആക്രമണം അഴിച്ചുവിട്ടു. കാവേരി വൈൽഡ് ലൈഫ് സാങ്ച്വറി ഓഫീസ് കെട്ടിടവും ഉപകരണങ്ങളും അടിച്ചുതകർത്തു.  സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.

കാവേരി വന്യജീവി സങ്കേതത്തിന് കീഴിലുള്ള വനത്തിൽ മൂന്ന് പേരും ചേർന്ന് വന്യമൃഗങ്ങളെ വേട്ടയാടുകയും മാംസം വേർതിരിക്കുകയും ചെയ്യുമ്പോഴാണ് സംഭവം നടന്നതെന്ന് കർണാടക ഫോറസ്റ്റ് അധികൃതർ പറയുന്നത്.

ആയുധങ്ങൾ താഴെവെച്ച് കീഴടങ്ങാൻ വനപാലകർ ആവശ്യപ്പെട്ടെങ്കിലും അവർ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് നടത്തിയ വെടിവെപ്പിൽ മൂന്നുപേർ കൊല്ലപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പരിക്കേറ്റ മറ്റൊരാൾ വനമേഖലയിൽ ഒളിച്ചിരിക്കുന്നതായി പറയപ്പെടുന്നു. അയാളെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ വനപാലകരിൽ ഒരാളെ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി എംഎംസിയിലേക്കും ആർഐ മോർച്ചറിയിലേക്കും മാറ്റി. ബന്ധുക്കളെത്തിയ ശേഷം പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

Share post:

Popular

More like this
Related

‘അരുത്…കാട്ടാനയുണ്ട്, പുറത്തിറങ്ങരുത്’ : ഇടുക്കി വനാതിർത്തി മേഖലകളിൽ വൈകിട്ട് 6 മുതൽ രാവിലെ 6 വരെ പുറത്തിറങ്ങരുതെന്ന് കളക്ടർ

(പ്രതീകാത്മക ചിത്രം)ഇടുക്കി : ഇടുക്കി ജില്ലയിലെ വനാതിർത്തി മേഖലകളിലും തോട്ടം മേഖലകളിലും വൈകിട്ട്...

കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാം; കിടിലൻ സേവനവുമായി സിയാൽ, ലഗേജുകള്‍ക്കായി ‘ഹോം പിക്ക്-അപ്പ്’!

കൊച്ചി: കൊച്ചിയിൽ നിന്നുള്ള വിമാന യാത്രക്ക് ഇനി കൈയ്യും വീശി പോകാനൊരുങ്ങിക്കൊള്ളാൻ...