ന്യൂഡൽഹി : എക്സ്പ്രസ്വേകളിൽ നിശ്ചിത വേഗതയേക്കാൾ 20% വരെ കൂടുതൽ വേഗതയിൽ പോകുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കേണ്ടതില്ലെന്ന കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുടെ നിർദ്ദേശം വിവാദത്തിൽ. എക്സ്പ്രസ് വേകളിൽ 120 കിലോമീറ്ററിന് മുകളിൽ അൽപ്പം വേഗത കൂട്ടിയാൽ ചലാൻ ലഭിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അതിൽ മാറ്റം വരുത്തുമെന്നുമായിരുന്നു ഗഡ്കരിയുടെ പ്രസ്താവന. ഇക്കാര്യത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഗഡ്കരി കൂട്ടിച്ചേർത്തിരുന്നു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയാണ് ഗഡ്കരി ഈ പ്രസ്താവന.
എന്നാൽ നിലവിലുള്ള നിയമസംവിധാനങ്ങൾ അനുസരിച്ച് ഇത് നടപ്പിലാക്കാൻ കഴിയില്ലെന്നും റോഡ് സുരക്ഷയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. മോട്ടോർ വാഹന ചട്ടങ്ങൾ പ്രകാരം ഈ നിർദ്ദേശം നേരിട്ട് നടപ്പിലാക്കാൻ കഴിയില്ല. ആക്സസ് കൺട്രോൾഡ് എക്സ്പ്രസ്വേകളിൽ കാറുകളുടെ പരമാവധി വേഗപരിധി 120 കിലോമീറ്ററാണ്. നാലുവരി പാതകളിൽ ഇത് 100 കിലോമീറ്ററും മറ്റ് റോഡുകളിൽ 70 കിലോമീറ്ററുമാണ്. നിലവിലുള്ള നിയമപ്രകാരം നിശ്ചിത വേഗപരിധിയേക്കാൾ 5% വരെ മാത്രമെ വേഗതയിൽ ഇളവ് അനുവദിച്ചിട്ടുള്ളൂ. എന്നാൽ ഗഡ്കരി 20% ഇളവ് നൽകാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു എന്നാണ് പറയുന്നത്. ഇതിന് നിയമത്തിൽ വ്യവസ്ഥയില്ല.
എക്സ്പ്രസ്വേകൾ നിർമ്മിക്കുന്നതിൽ കേന്ദ്രത്തിന് പങ്കുണ്ടെങ്കിലും റോഡ് ഗതാഗത നിയമങ്ങൾ നടപ്പിലാക്കുന്നത് സംസ്ഥാനങ്ങളുടെ ചുമതലയാണ്. പ്രാദേശിക സാഹചര്യങ്ങളും സുരക്ഷയുമെല്ലാം കണക്കിലെടുത്ത് വേഗപരിധി നിയന്ത്രിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമുണ്ട്. രാജ്യവ്യാപകമായി ഇത്തരമൊരു ഇളവ് നൽകാൻ കേന്ദ്രത്തിന് ഉദ്ദേശ്യമുണ്ടെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ ഭേദഗതി ആവശ്യമാണ്.
എക്സ്പ്രസ്വേകളിൽ അമിതവേഗത അനുവദിക്കുന്നത് ഗുരുതരമായ സുരക്ഷാ ഭീഷണിയായി മാറുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിലും ലോകമെമ്പാടും റോഡപകടങ്ങൾക്കും മരണങ്ങൾക്കും പ്രധാന കാരണം അമിതവേഗതയാണ്. 2024-ൽ ഇന്ത്യയിലുണ്ടായ റോഡപകട മരണങ്ങളിൽ 58%-ലധികവും അമിതവേഗത മൂലമാണ് സംഭവിച്ചത്. ഒരു ലക്ഷത്തിലധികം മരണങ്ങളാണ് ഇങ്ങനെ ഉണ്ടായത്. കൂടാതെ വെറുമൊരു പ്രഖ്യാപനം വഴിയോ വാക്കാൽ നൽകുന്ന നിർദ്ദേശം വഴിയോ വേഗപരിധിയിൽ ഇളവ് വരുത്താനാകില്ലെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ശാസ്ത്രീയമായ റോഡ് സുരക്ഷാ വിലയിരുത്തലുകൾക്കും നിയമപരമായ ഭേദഗതികൾക്കും ശേഷം മാത്രമെ ഇത്തരം തീരുമാനങ്ങൾ നടപ്പിലാക്കാൻ സാധിക്കൂ എന്നാണ് വിദഗ്ദ്ധാഭിപ്രായം.
