ന്യൂഡല്‍ഹി : അടൂർ പ്രകാശിന് പിന്നാലെ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രവര്‍ത്തന ശൈലിയിൽ വിമർശനവുമായി കെ സുധാകരനും. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ കൂടിയാലോചന വേണമെന്ന യു ഡി എഫ് കൺവീനറുടെ അഭിപ്രായത്തെ പിൻതാങ്ങിയാണ് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കൂടിയായ കെ സുധാകരനും രംഗത്ത് വന്നത്. അടൂര്‍ പ്രകാശിന്റെ പരാതിക്ക് പരിഹാരം ഉണ്ടാകണം. നേതാക്കള്‍ എല്ലാവരും പ്രശ്‌ന പരിഹാരത്തിനായി ഇടപെടുന്നുണ്ട്. പാര്‍ട്ടിയാണ് ആദ്യമെന്നും പിന്നെയാണ് രാഷ്ട്രീയമെന്നും സുധാകരൻ വ്യക്തമാക്കി. സര്‍ക്കാര്‍ പ്രവര്‍ത്തനത്തില്‍ തിരുത്ത് വേണം എന്നാണ് എല്ലാവരും പറയുന്നത്. അടൂര്‍ പ്രകാശ് കള്ളം പറയില്ലെന്നും കഴമ്പുള്ള പരാതി ആണെന്നാണ് വിശ്വാസമെന്നും സുധാകരന്‍ പറഞ്ഞു.
മുഖ്യമന്ത്രി വി ഡി സതീശന്‍ കൂടിയാലോചന നടത്താതെയാണ് സ്രവർത്തിക്കുന്നതെന്ന കടുത്ത വിമര്‍ശനവുമായി അടൂര്‍ പ്രകാശ് നേരത്തെ രംഗത്തെത്തിയിരുന്നു. വി ഡി സതീശനെതിരായ വിമര്‍ശനം അനുഭവത്തിന്റെ വെളിച്ചത്തിലുള്ളതാണെന്നായിരുന്നു അടൂര്‍ പ്രകാശ് പറഞ്ഞത്. വിഷയത്തില്‍ ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂര്‍ പ്രകാശ് പറഞ്ഞിരുന്നു. പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ കണ്ട് അദ്ദേഹം കഴിഞ്ഞ തിങ്കളാഴ്ച നേരിട്ട് പരാതി നല്‍കിയിരുന്നു.
ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷ നിയമനത്തിലും, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി നിയമനത്തിലുമുള്ള അതൃപ്തിയാണ് അടൂർ പ്രകാശ് തുറന്ന് പറഞ്ഞത്. ഇതടക്കം പല കാര്യങ്ങളും അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ അടൂര്‍ പ്രകാശ് വിമർശനമുന്നയിച്ചിരുന്നു.
യു ഡി എഫ് യോഗം വിളിക്കാൻ പലതവണ അറിയിച്ചിട്ടും ചെയര്‍മാൻ കൂടിയായ മുഖ്യമന്ത്രി അതിന് തയ്യാറായില്ല. പല കാര്യങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടതായിരുന്നുവെന്നും യുഡിഎഫ് കൺവീനർ വ്യക്തമാക്കിയിരുന്നു
