Saturday, October 31, 2026

എൽപിഎസ്ടി സമരം; നിരാഹാരം തുടരുന്ന വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; കൂട്ട നിരാഹാരം പ്രഖ്യാപിച്ച് മറ്റ് ഉദ്യോഗാർത്ഥികൾ

Date:

തിരുവനന്തപുരം : സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സിന് നീതി ആവശ്യപ്പെട്ട് നിരാഹാരം കിടന്ന വളര്‍മതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് സമരം നടത്തുന്ന മറ്റ് ഉദ്യോഗാർഥികൾ കൂട്ട നിരാഹാരം പ്രഖ്യാപിച്ചു. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ സമരം നടത്തിയ ഉദ്യോഗാര്‍ത്ഥികളും പോലീസുമായി വാക്കേറ്റം സംഘര്‍ഷത്തിന് വഴിവെച്ചു. നോര്‍ത്ത് ഗേറ്റിന് മുന്നില്‍ നിന്നു പിരിഞ്ഞുപോകാന്‍ സമരക്കാര്‍ തയ്യാറാവാത്തതാണ് പോലീസുമായുള്ള വാക്കേറ്റത്തിലേക്ക് നയിച്ചത്.

സമരപന്തലിലിരുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കെതിരെ ഇന്നലെ കണ്ടോൺമെന്റ് പോലീസ് കേസെടുത്തിരുന്നു. സെക്രട്ടേറിയേറ്റ് മെയിൻ ഗേറ്റിന് സമീപം മുദ്രാവാക്യം വിളിച്ച് പ്രതിഷേധ ജാഥ നടത്തിയെന്ന് പറഞ്ഞാണ് കേസെടുത്തത്. എന്നാൽ കേസെടുത്താലും പ്രതിഷേധം തുടരുമെന്ന് വളർമതി വ്യക്തമാക്കി. സമരസമിതി നേതാവ് വളർമതിയെ ഒന്നാം പ്രതിയാക്കിയാണ് കണ്ടോൺമെന്റ് പോലീസ് കേസെടുത്തത്. തിരിച്ചറിഞ്ഞ എട്ട് പേർക്കും, കണ്ടാലറിയാവുന്ന അമ്പത് പേർക്കുമെതിരെയാണ് കേസ്. പൊതുവീഥികളിൽ ജാഥകളും സമരങ്ങളും നടത്താൻ പാടില്ലെന്ന ഉത്തരവ് ലംഘിച്ചെന്നും കാൽനടയാത്രക്കാർക്ക് തടസ്സം സൃഷ്ടിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. ഉറപ്പുകൾ പാലിക്കാത്തതിനാൽ ആണ് വീണ്ടും സമരത്തിന് ഇറങ്ങേണ്ടി വന്നതെന്നും, ഇത്തരം നടപടികൾക്ക് തങ്ങളെ അടിച്ചമർത്താൻ ആവില്ലെന്നും റാങ്ക് ഹോൾഡേഴ്സ് വ്യക്തമാക്കി.

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും നിയമനം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു എല്‍പിഎസ്ടി ഉദ്യോഗാര്‍ത്ഥികള്‍ സമരവുമായി രംഗത്തെത്തിയത്. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കാതെ വന്നതോടെ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സമരം ആരംഭിക്കുകയായിരുന്നു. അദ്ധ്യാപക-വിദ്യാര്‍ത്ഥി അനുപാതം കുറയ്ക്കുന്നത് സാമ്പത്തിക ബാദ്ധ്യത വരുത്തുമെന്നാണ് വിദ്യാഭ്യാസ മന്ത്രി പറയുന്നതെന്ന് സമര സമിതി നേതാവ് വളര്‍മതി ആരോപിച്ചിരുന്നു. എയ്ഡഡ് സ്‌കൂളിലെ കോഴ വാങ്ങിച്ച് നിയമനം നല്‍കിയ അദ്ധ്യാപകര്‍ക്ക് അപ്രൂവല്‍ കൊടുക്കുന്നത് ബാദ്ധ്യത വരുത്തില്ലേ എന്നും സമരക്കാര്‍ ആരാഞ്ഞിരുന്നു.

2025 മെയ് 31ന് പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നാമമാത്രമാണെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു. പല ജില്ലകളിലും ഒന്നാം റാങ്കുകാര്‍ക്ക് പോലും നിയമനം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതീകാത്മകമായി പുല്ലുതിന്നും മണ്ണ് തിന്നും ഉദ്യോഗാര്‍ത്ഥികള്‍ സമരം കടുപ്പിച്ചതിനെ തുടര്‍ന്ന് ചര്‍ച്ചകൾ നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്നാണ് വളര്‍മതി തലമുണ്ഡനം ചെയ്ത് നിരാഹാര സമരത്തിന് മുതിർന്നത്.

Share post:

Popular

More like this
Related

ചീഫ് ജസ്റ്റിസിനെതിരെയുള്ള എക്‌സ് പോസ്റ്റ്; കെപിസിസിക്കെതിരായ കോടതിയലക്ഷ്യ പരാതിയിൽ കേസെടുത്ത് സുപ്രീംകോടതി

ന്യൂഡൽഹി: ചീഫ് ജസ്റ്റിസ്  സൂര്യകാന്തിന് എതിരെ പങ്കുവെച്ച 'എക്സ്' പോസ്റ്റുമായി ബന്ധപ്പെട്ട്...

പി എസ് സി പരീക്ഷാ ക്രമക്കേട് കേസ്: ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ പ്രതി ചേര്‍ത്ത് എസ്ഐടി

തിരുവനന്തപുരം : പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസില്‍ ചെയര്‍മാന്‍ എം ആര്‍...

കേരളപ്പിറവി ദിനം മുതൽ സംസ്ഥാനം വീണ്ടും ഇരുട്ടിലേക്കോ?; വൈദ്യുതി നിയന്ത്രണത്തിന് സാദ്ധ്യതയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം : നവംബർ ഒന്ന് മുതൽ കേരളം വീണ്ടും ഇരുട്ടിലേക്ക് നീങ്ങിയേക്കും....