ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബർ ഒന്ന്, ഞായറാഴ്ച മുതല്‍ ദിവസവും വെര്‍ച്വല്‍ ക്യൂ വഴിയുള്ള ദര്‍ശനത്തിന് അവസരമൊരുങ്ങും. ഇതുവരെ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ മാത്രമാണ് ഓണ്‍ലൈന്‍ ബുക്കിങ് വഴിയുള്ള ദര്‍ശനമുണ്ടായിരുന്നത്. എന്നാല്‍ ഈ സംവിധാനം വഴി ദര്‍ശനത്തിനുള്ളവരുടെ എണ്ണം കൂടിയതുകൊണ്ടാണ് എല്ലാ ദിവസവുമാക്കാന്‍ ദേവസ്വം തീരുമാനിച്ചത്.
ഉദയാസ്തമയപൂജയുള്ള തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ വൈകീട്ട് രണ്ടുമണിക്കൂര്‍ മാത്രമെ വെര്‍ച്വല്‍ ക്യൂ ഉണ്ടാകൂ. ബാക്കിയുള്ള ദിവസങ്ങളിലെല്ലാം രാവിലെ ഏഴുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയുള്ള ആറ് സ്ലോട്ടുകളിലും ഉച്ചതിരിഞ്ഞ് രണ്ടുസ്ലോട്ടുകളിലുമായി ബുക്ക് ചെയ്യാം. ഒരു സ്ലോട്ടില്‍ 300 പേര്‍ക്ക്. ആകെ എട്ടുസ്ലോട്ടുകളിലായി ദിവസവും 2,400 പേര്‍ക്ക് ദർശനം സാദ്ധ്യമാകും.
