Sunday, November 1, 2026

‘ചലോ ഡൽഹി’ ; ഇന്ത്യാസഖ്യത്തിന്റെ മഹാറാലി ഇന്ന്, പത്ത് ലക്ഷം പേര്‍ പങ്കെടുക്കും

Date:

[Photo courtesy: PTI/X]

ന്യൂഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യവുമായുള്ള ഇന്ത്യാ സഖ്യത്തിന്റെ ‘ചലോ ഡൽഹി’ മഹാറാലി ഞായറാഴ്ച രാംലീല മൈതാനിയിൽ നടക്കും. ഉച്ചയ്ക്ക് 12 മണിയോടെ മിന്റോ റോഡ്–കനോട്ട് പ്ലേസ് ജങ്ഷനിൽ നിന്നാണ് മാർച്ച് ആരംഭിക്കുക.   നേരത്തെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച ഏറ്റവും പുതിയ പോസ്റ്റിൽ മാർച്ചിന്റെ റൂട്ട് മാപ്പ് രാഹുൽ ​ഗാന്ധി ഉൾപ്പെടുത്തിയിരുന്നു. മിന്റോ റോഡ് ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ച് അജ്മേരി ഗേറ്റ് വഴി രാംലീല മൈതാനിയിലെത്തുമെന്നാണ് മാപ്പിൽ വ്യക്തമാക്കുന്നത്.

വിവിധ രാഷ്ട്രീയ നിലപാടുകൾ പുലർത്തുന്നവരോടും വിദ്യാർഥികളോടും ഉൾപ്പെടെ ഇൻഡ്യ സഖ്യത്തിന്റെ ‘ചലോ ഡൽഹി’ റാലിയിൽ പങ്കെടുക്കണമെന്ന് നേരത്തെ രാഹുൽ ഗാന്ധി പ്രത്യേകം പങ്കുവെച്ച റീലുകളിലൂടെ അഭ്യർത്ഥിച്ചിരുന്നു. പൊലീസിനെയും അവരുടെ ലാത്തികളെയും ഭയപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കിയിരുന്നു. ബിജെപിക്ക് തങ്ങളുടെ തന്ത്രങ്ങൾ പ്രയോഗിക്കാനുള്ള ധൈര്യമുണ്ടാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ജനാധിപത്യം സംരക്ഷിക്കുക, വോട്ട് മോഷണത്തിന് അറുതിവരുത്തുക എന്നിവയാണ് മാർച്ചിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇൻഡ്യ സഖ്യത്തിൻ്റെ റാലിയിൽ സിജെപി പങ്കെടുക്കില്ല. സ്വതന്ത്ര നിലനിൽപ്പ് കാത്തുസൂക്ഷിക്കാനാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നതെന്നാണ് വിശദീകരണം.

പ്രതിഷേധത്തിന് എത്തുന്നവർ ഡൽഹിയിലെ ചെറുകിട വ്യാപാരികളെ പിന്തുണയ്ക്കാൻ രാഹുൽ ​ഗാന്ധി അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രതിഷേധ റാലി നടത്താം, ഒപ്പം സാധനങ്ങളും വാങ്ങാമെന്നായിരുന്നു രാഹുലിന്റെ ആഹ്വാനം. രാംലീല മാർച്ചിനെത്തുന്ന പ്രവർത്തകരോടാണ് രാഹുലിന്റെ ആഹ്വാനം. മാർച്ചിനും പ്രതിഷേധങ്ങൾക്കുമൊപ്പം സാധനങ്ങൾ കൂടി വാങ്ങാൻ പ്രവർത്തകർ തയ്യാറാകണമെന്നും രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. ഉത്സവ സീസണിൽ റാലി വ്യാപാരികളെ ബാധിക്കുമെന്ന വാദം തെറ്റാണെന്നും ബിജെപിയുടെ ഭയമാണ് വ്യാജപ്രചാരണങ്ങൾക്ക് പിന്നിലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാംലീല മൈതാനിയിലെ പ്രതിഷേധ റാലിക്ക് ഉപാധികളോടെ ഡൽഹി പോലീസ് അനുമതി നൽകിയിട്ടുണ്ട്. റാലിക്ക് മുന്നോടിയായി കർശന നിബന്ധനകളും നിർദ്ദേശങ്ങളുമാണ് ഡൽഹി പോലീസ് ഏർപ്പെടുത്തിയിട്ടുള്ളത്. ആള്‍ക്കൂട്ട നിയന്ത്രണം, സിസി ടിവി നിരീക്ഷണം, പ്രസംഗങ്ങള്‍, ഗതാഗതം, റാലിയുടെ സമയം എന്നിവയുമായി ബന്ധപ്പെട്ട് കര്‍ശനമായ ഉപാധികളോടെയാണ് റാലിക്ക് അനുമതി നല്‍കിയിരിക്കുന്നത്. ‘വോട്ട് ചോരി’ മുദ്രാവാക്യമുയര്‍ത്തി പ്രതിപക്ഷ സഖ്യം നടത്തുന്ന ഏറ്റവും വലിയ റാലിയാണിത്. അകത്തേക്കും പുറത്തേക്കുമുള്ള കവാടങ്ങള്‍, വേദി, രാംലീല മൈതാനത്തിന്റെ ചുറ്റുപാടുകള്‍, ഇരിപ്പിടങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ ഹൈ-ഡെഫനിഷന്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സംഘാടകര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റെക്കോര്‍ഡിങ് സൗകര്യങ്ങള്‍, കുറഞ്ഞത് അഞ്ച് സ്‌ക്രീനുകളുള്ള മോണിറ്ററിങ് സംവിധാനങ്ങള്‍, പ്രത്യേക സിസി ടിവി കണ്‍ട്രോള്‍ റൂം എന്നിവയും ഉറപ്പാക്കണം.

വെള്ളത്തിനായി ആവശ്യത്തിന് ടാങ്കറുകളും ടോയ്ലറ്റ് ബ്ലോക്കുകളും സംഘാടകര്‍ ഏര്‍പ്പെടുത്തണം. സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളൊരുക്കണം. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ആവശ്യമായ സന്നദ്ധപ്രവര്‍ത്തകരെ വിന്യവിക്കണം. ഇവര്‍ ഒരേപോലെയുള്ള വസ്ത്രങ്ങള്‍ ധരിക്കുകയോ തിരിച്ചറിയാന്‍ എളുപ്പമുള്ള ബാഡ്ജുകള്‍ ധരിക്കുകയോ വേണം. വൈകിട്ട് അഞ്ചുമണിക്ക് മുൻപ് റാലി അവസാനിപ്പിക്കണമെന്നും ഡൽഹി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം മല്ലികാ‍ർജുൻ ഖർ​ഗെയുടെ വസതിയിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യനേഷ് കുമാറിനെതിരെ ഇന്‍ഡ്യ സഖ്യത്തിന്റെ മോക്ക് ഇംപീച്ച്‌മെന്റ് നടന്നിരുന്നു. മുന്‍ ലോക്‌സഭ സ്പീക്കര്‍ മീര കുമാർ നിയന്ത്രിച്ച മോക്ക് പാര്‍ലമെന്റിൽ രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് പ്രമേയാവതരണം നടത്തിയത്. ഇന്ത്യ സഖ്യ നേതാക്കള്‍ക്കൊപ്പം പ്രധാന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളും പൗരസമിതി പ്രതിനിധികളും പരിപാടിയില്‍ പങ്കാളികളായിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയാവതരണം നടത്തിയിത്. വോട്ട് പൗരന്റെ എറ്റവും വലിയ ശക്തിയാണെന്നും പോരാട്ടം ജനങ്ങളുടെ അധികാരം നിലനിര്‍ത്താനാണെന്നും ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയത്തിൽ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു.

ആറ് കുറ്റങ്ങളാണ് പ്രമേയത്തില്‍ ഖര്‍ഗെ ഗ്യാനേഷിനെതിരെ മുന്നോട്ട് വെച്ചത്. വോട്ട് വെട്ടാന്‍ ഗൂഢാലോചന നടത്തി, 13.2 കോടി വോട്ടുകള്‍ വെട്ടി, പാര്‍ലമെന്റ് അറിയാതെ ഫോം 6 ല്‍ മാറ്റം വരുത്തി, ECINET ഏകപക്ഷീയമായി പിടിച്ചെടുത്തു, രണ്ട് തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ അവഗണിച്ചു, മോദി – അമിത് ഷാ എന്നിവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നിവയാണ് കുറ്റങ്ങളായി വിശദീകരിച്ചത്.

Share post:

Popular

More like this
Related

ഗുരുവായൂർ മാസ്റ്റർ പ്ലാൻ രണ്ടു മാസത്തിനകം; 16.5 ഏക്കർ ഭൂമി ഏറ്റെടുത്തേക്കും

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്ര വികസനത്തിനുള്ള മാസ്റ്റർ പ്ലാൻ രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കുമെന്ന്...

പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം; നിരാഹാര സമരം പുനരാരംഭിച്ച് വളർമതി

തിരുവനന്തപുരം : എൽ.പി.എസ്.ടി പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾ നിയമനം...

ഗുരുവായൂരില്‍ ഇന്നുമുതല്‍ എല്ലാ ദിവസവും വെര്‍ച്വല്‍ക്യൂ വഴി ദര്‍ശനം

ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നവംബർ ഒന്ന്, ഞായറാഴ്ച മുതല്‍ ദിവസവും...