വാഷിങ്ടൺ : റഷ്യയിൽ നിന്ന് എണ്ണയും വാതകവും വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ 100 ശതമാനം തീരുവ ചുമത്താൻ സാധിക്കുന്ന ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. 159നെതിരെ 262 വോട്ടുകൾക്കാണ് ‘ലിൻഡ്‌സി ഒ ഗ്രഹാം സാങ്‌ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026’ എന്ന ബിൽ പാസായത്. ബിൽ ഇനി അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ പരിഗണനയ്‌ക്ക് പോകും, തുടർന്ന് പ്രസിഡൻ്റ് ബില്ലിൽ ഒപ്പുവെക്കുന്നതോടെ നിയമപരമാകും.
കഴിഞ്ഞ മാസം സെനറ്റിൽ 86നെതിരെ 11 വോട്ടുകൾക്കാണ് ‘ലിൻഡ്‌സി ഒ ഗ്രഹാം സാങ്‌ഷനിങ് റഷ്യ ആൻഡ് ഇറാൻ ആക്റ്റ് ഓഫ് 2026’ പാസായത്. ഉപരോധ നടപടികളെക്കുറിച്ച് ഒരു വർഷത്തിലേറെയായി ചർച്ചകൾ നടത്തിയ സൗത്ത് കരോലിനയിലെ അന്തരിച്ച റിപ്പബ്ലിക്കൻ സെനറ്റർ ലിൻഡ്‌സി ഗ്രഹാമിന്റെ പേരാണ് ഈ ബില്ലിന് നൽകിയിരിക്കുന്നത്.
യുക്രൈനെതിരെ റഷ്യയുടെ അധിനിവേശവുമായി ബന്ധപ്പെട്ട ഉപരോധങ്ങളെയും തീരുവകളെയും പിന്തുണച്ചുകൊണ്ട് ഭൂരിഭാഗം റിപ്പബ്ലിക്കൻമാർക്കൊപ്പം ഡെമോക്രാറ്റുകളിൽ പലരും നിലയുറപ്പിച്ചതോടെയാണ് 262 വോട്ടുകൾക്ക് സഭ ബിൽ അംഗീകരിച്ചത്. റഷ്യൻ ഊർജ്ജം വാങ്ങുന്നത് തുടരുന്ന രാജ്യങ്ങൾക്കെതിരെ യുഎസ് വിപണിയിലേക്കുള്ള പ്രവേശനം ഒരു സമ്മർദ്ദോപാധിയായി ഉപയോഗിക്കുക എന്നതാണ് തിരുവ വ്യവസ്ഥകളുടെ ലക്ഷ്യം. ചൈനയെയും ഇന്ത്യയെയും ആണ് ഈ നടപടിയുടെ പ്രധാന ഇരകളാകുക. ഇറാനെ ലക്ഷ്യമിട്ടുള്ള നടപടികളും ബില്ലിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ ഇറാന് മേലുള്ള നിലവിലുള്ള ഉപരോധങ്ങൾ അഞ്ച് വർഷത്തേക്ക് കൂടി നീട്ടുകയും ചെയ്യുന്നു.
യുക്രൈൻ യുദ്ധത്തിൻ്റെ പേരിൽ റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവുമായി അമേരിക്ക മുന്നോട്ട് പോകുമ്പോൾ റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേലാണ് സമ്മർദ്ദം മുറുകുക. ഇന്ത്യയെ കൂടാതെ ചൈന, സ്ലോവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളാണ് റഷ്യയിൽ നിന്ന് വൻതോതിൽ ഇന്ധനം വാങ്ങുന്നത്. ഈ നീക്കത്തിന് തടയിടാൻ സാധിക്കുന്നതാണ് പുതിയ ബിൽ. റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കളിൽ ഇന്ത്യയും ചൈനയുമാണ് മുൻപന്തിയിൽ.
റഷ്യയിൽ നിന്നുള്ള ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുന്നതിൻ്റെ പേരിൽ ഇന്ത്യൻ ഇറക്കുമതിക്ക് മേൽ 100 ശതമാനം വരെ തീരുവ ചുമത്താൻ അമേരിക്കയ്ക്ക് സാധിക്കും. റഷ്യയുടെ ഊർജ്ജ വരുമാനത്തെ പിന്തുണയ്ക്കുന്നത് തുടരുന്ന രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുകയെന്ന ലക്ഷ്യത്തോടെയാണ് തീരുവ വ്യവസ്ഥ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, റഷ്യയുടെ പ്രകൃതിവാതക കയറ്റുമതിയുടെ 15 ശതമാനത്തിൽ താഴെ മാത്രം ഇറക്കുമതി ചെയ്യുകയും വാങ്ങൽ കുറയ്ക്കുന്നതിനായി കാര്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്ത രാജ്യങ്ങൾക്ക് ഇതിൽ ഇളവ് നൽകിയിട്ടുണ്ട്.
