തിരുവനന്തപുരം : കെ.എസ്.ഇ.ബി. ചെയർമാൻ സ്ഥാനത്ത് നിന്ന് ഡോ. രാജമാണിക്യത്തിൻ്റെ മാറ്റിയതിന് പിന്നിൽ വൈദ്യുതി വാങ്ങുന്നതുമായി ബന്ധപ്പെട്ട് സർക്കാരുമായുണ്ടായ തർക്കമാണെന്ന് റിപ്പോർട്ട്. സംസ്ഥാനത്തെ വൈദ്യുതിപ്രതിസന്ധി ഒഴിവാക്കാൻ ഹിമാചൽപ്രദേശിൽനിന്ന് വൈദ്യുതി വാങ്ങണമെന്നളള കെ.എസ്.ഇ.ബി.യുടെ നിർദ്ദേശത്തെ തള്ളി, സ്വകാര്യ ഓവർ ദ കൗണ്ടർ പ്ലാറ്റ്‌ഫോം ആയ ജെ.എൻ.എ.യിൽ നിന്ന് വാങ്ങിയാൽ മതിയെന്ന സർക്കാർ നിലപാടാണ് തർക്കത്തിലേക്ക് വഴിവെച്ചത്. സർക്കാർ നിർദ്ദേശം അംഗീകരിച്ച് മുന്നോട്ട് പോയാൽ അത് കെ.എസ്.ഇ.ബിക്ക് 700 കോടിയുടെ നഷ്ടമുണ്ടാക്കുമെന്ന് ചെയർമാൻ വ്യക്തമാക്കുന്നു. പരിണതഫലം, ചെയർമാൻ ഡോ. രാജമാണിക്യത്തിന് സ്ഥാനചലനം.
ഒക്ടോബറിൽ വൈദ്യുതിനിയന്ത്രണം മറികടക്കാൻ ഹിമാചൽപ്രദേശ് പവർ കോർപ്പറേഷനിൽ നിന്ന് 14.5 രൂപ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. ഒപ്പം, സർക്കാർതല ചർച്ചയിലൂടെ നിരക്ക് 12.5 രൂപയായി കുറയ്ക്കണമെന്നും ബോർഡ് ആവശ്യപ്പെട്ടിരുന്നു. ഹിമാചലിൽ നിന്ന് മേയ് വരെ വാങ്ങണമെന്നാണ് കെ.എസ്.ഇ.ബി. ആവശ്യപ്പെട്ടത്. വില 14.5 രൂപയാണെങ്കിൽ, 80 ശതമാനം വൈദ്യുതിയും രാത്രി കിട്ടുന്നതുകൊണ്ട് അതാണ് ലാഭമെന്നും നിർദ്ദേശിച്ചു.
ഇതിനിടെ വിവിധ കമ്പനികളിൽനിന്നുള്ള വൈദ്യുതി വിറ്റഴിക്കുന്ന ജി.എൻ.എ. എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് സർക്കാരിന് മറ്റൊരു വാഗ്ദാനം ലഭിച്ചു. മാർച്ചുവരെ പകലും രാത്രിയിലുമായി 500 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 8.63 രൂപയ്ക്ക് നൽകാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, കേരളത്തിന് പുറമെ നിന്ന് വൈദ്യുതി ആവശ്യമില്ലാത്ത പകൽ സമയത്തും ചേർത്ത് വൈദ്യുതി ഇടപാടിൽ ഈ മാർച്ചുവരെ ജി.എൻ.എ.യ്ക്ക് 1566 കോടി നൽകേണ്ടിവരുമെന്ന് രാജമാണിക്യം റിപ്പോർട്ട് നൽകി. രാത്രി കാലത്ത് വൈദ്യുതി അവരിൽ നിന്ന് കുറച്ചേ ലഭിക്കൂ എന്നും ഈ ക്ഷാമം പരിഹരിക്കാൻ 442 കോടിയുടെ വൈദ്യുതി വീണ്ടും വാങ്ങേണ്ടിവരുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. എന്നാൽ, ഹിമാചൽപ്രദേശിൽ നിന്ന് രാത്രികാലത്തേക്ക് ആവശ്യമുള്ള വൈദ്യുതി വാങ്ങാനുള്ള ചെലവ് 1281 കോടി മാത്രമാണ്. ജി.എൻ.എ. എനർജി പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് വാങ്ങുന്നതിൽ 727 കോടിയുടെ നഷ്ടമാണ് കെ.എസ്.ഇ.ബി.ക്ക് ഉണ്ടാകുന്നത്.
സ്വകാര്യ പ്ലാറ്റ്‌ഫോമായ ജി.എൻ.എ. വഴി വൈദ്യുതി വാങ്ങുന്നത് റെഗുലേറ്ററി കമ്മിഷൻ അനുവദിച്ചിട്ടില്ലെന്നും ഇനി അതിന് സാദ്ധ്യതയില്ലെന്നും കെ.എസ്.ഇ.ബി. അറിയിച്ചു. എന്നാൽ, ജി.എൻ.എ. വഴി വാങ്ങുന്നതുമായി മുന്നോട്ടുപോകാനാണ് സർക്കാരിന് താൽപ്പര്യമെന്ന് അറിഞ്ഞഘട്ടത്തിൽ സ്ഥാനമൊഴിയാൻ തയ്യാറാണെന്ന് രാജമാണിക്യം അറിയിച്ചതായാണ് സൂചന. ഇതുസംബന്ധിച്ച രാജമാണിക്യത്തിന്റെ പ്രതികരണം ലഭ്യമല്ല. ജി.എൻ.എ.യിൽ നിന്ന് വൈദ്യുതി വാങ്ങാൻ ഇതുവരെ സർക്കാർ കെ.എസ്.ഇ.ബി.ക്ക് ഔദ്യോഗികമായി നിർദ്ദേശം നൽകിയിട്ടില്ലെന്ന് അറിയുന്നു.
എൻ.ടി.പി.സി.യിൽ നിന്ന് 5.60 രൂപയ്ക്ക് 500 മെഗാവാട്ട് വൈദ്യുതി ജനുവരി മുതൽ ലഭ്യമാക്കുന്നതിനും വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ വൈദ്യുതി ലഭ്യമാക്കാനും രാജമാണിക്യം ധാരണയിലെത്തിയിരുന്നതാണ്.
