Saturday, June 6, 2026

ആ ചിരി മാഞ്ഞു; നടൻ സലിം കുമാർ അന്തരിച്ചു

Date:

കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാർ അന്തരിച്ചു. 56 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ രോഗത്തിന് ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ആരോഗ്യനില വഷളായ അദ്ദേഹം വെന്റിലേറ്ററിലായിരുന്നു . സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം വീട്ടുവളപ്പിൽ. ഞായറാഴ്ച രാവിലെ ഒമ്പത് മുതൽ പറവൂർ ടൗൺഹാളിൽ പൊതുദർശനത്തിന് അവസരമുണ്ടാകും. മുഖ്യമന്ത്രി വി.ഡി സതീശൻ പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും.

മുഖ്യമന്ത്രി വി ഡി സതീശന്റെ പറവൂരിലെ സ്വീകരണ പരിപാടിയിലാണ് സലിം കുമാർ അവസാനമായി പൊതുവേദിയിലെത്തിയത്.  മിമിക്രിയിലൂടെ മലയാള സിനിമയിലേക്ക് എത്തിയ സലിം കുമാർ  നർമ്മം വിതറിയ കഥാപാത്രങ്ങളിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ഗൗരവം നിറഞ്ഞ വേഷങ്ങളിലൂടെ കണ്ണീരണിയിക്കുകയും ചെയ്തു.

1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലാണ് സലിംകുമാര്‍ ജനിച്ചത്. കൊച്ചിന്‍ കലാഭവനിലും സാഗറിലുമെല്ലാം സജീവമായി മിമിക്രി അവതരിപ്പിച്ചിരുന്ന ഇദ്ദേഹത്തെ ഉറ്റസുഹൃത്തായ നാദിര്‍ഷയാണ്  സിനിമയിലേക്ക് കൊണ്ടുവന്നത്. ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. 2000 ത്തില്‍ പുറത്തിറങ്ങിയ തെങ്കാശിപ്പട്ടണം സൂപ്പര്‍ഹിറ്റായതോടെ സലിംകുമാര്‍ മലയാളിയുടെ മനസിലും ഇടം നേടി. മലയാളത്തിന് പുറമെ തമിഴ്, ബംഗാളി ചിത്രത്തിലുമുൾപ്പെടെ മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ച സലിം കുമാർ, കംപാര്‍ട്മെന്‍റ്, കറുത്ത ജൂതന്‍, ദൈവമേ കൈ തൊഴാം കെ.കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്തു. 2017-ൽ പുറത്തുവന്ന ആദ്യ സംവിധാനസംരംഭമായ കറുത്ത ജൂതൻ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരത്തിന് അർഹമായി. അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ അഭിനയത്തിന് 2005ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം സലിം കുമാറിനെ തേടിയെത്തിയിരുന്നു. ആദാമിന്‍റെ മകന്‍ അബുവിലൂടെ 2010 മികച്ച നടനുള്ള ദേശീയ, സംസ്ഥാന പുരസ്കാരവും അയാളും ഞാനും തമ്മില്‍ എന്ന സിനിമയിലൂടെ 2013ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്കാരവും സലിം കുമാറിനെ തേടിയെത്തിയിട്ടുണ്ട്. 

കഴിഞ്ഞ കുറച്ചു വർഷങ്ങളായി കരൾ സംബന്ധമായ അസുഖങ്ങളെത്തുടർന്ന് താരം ആരോഗ്യപരമായ വെല്ലുവിളികൾ നേരിട്ടിരുന്നു. ലിവർ സിറോസിസ് ബാധിച്ചത് മദ്യപാനം കൊണ്ടല്ലെന്നും അത് പാരമ്പര്യമായി ലഭിച്ച അസുഖമാണെന്നും അദ്ദേഹം നേരത്തെ വെളിപ്പെടുത്തിയിരുന്നു. രോഗാവസ്ഥയിലായിരുന്ന കാലയളവിൽ വ്യാജ ചികിത്സകൾ തേടേണ്ടി വന്നതും അത് ആരോഗ്യനില വഷളാക്കിയതും താരം മുമ്പ് പരസ്യമായി പങ്കുവെച്ചിട്ടുണ്ട്.

1969 ഒക്ടോബര്‍ ഒന്‍പതിന് വടക്കന്‍ പറവൂരിലെ ചിറ്റാറ്റുകരയിൽ ഗംഗാധരന്റേയും കൗസല്യയുടേയും ഇളയ മകനായാണ് ജനനം. സുനിതയാണ് ഭാര്യ. യുവനടൻ കൂടിയായ ചന്തു, ആരോമൽ എന്നിവരാണ് മക്കൾ.

Share post:

Popular

More like this
Related

കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധം ഇന്ന്; കനത്ത ജാ​ഗ്രതയിൽ രാജ്യ തലസ്ഥാനം

ന്യൂഡൽഹി : കോക്റോച്ച് ജനതാ പാർട്ടിയുടെ ആദ്യ പരസ്യ പ്രതിഷേധത്തിന് ഇന്ന്...