കൊച്ചി : ഡൽഹിയിലെ ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് പിന്തുണയുമായി നടന്മാരായ ദുൽഖർ സൽമാനും ആസിഫ് അലിയും ടൊവിനോ തോമസും. ഭിന്നിപ്പുകളിലൂടെയും അക്രമങ്ങളിലൂടെയുമല്ല, സഹാനുഭൂതിയിലൂടെയാണ് കരുത്തുറ്റ ഭാവി കെട്ടിപ്പടുക്കേണ്ടതെന്ന് ദുൽഖർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. വിദ്യാർത്ഥികൾ നേരിടുന്ന അനിശ്ചിതത്വവും പ്രതിസന്ധികളും ഹൃദയം തകർക്കുന്നണ്. പരസ്പരം മനസ്സിലാക്കാനും കാര്യങ്ങൾ ചോദിച്ചറിയാനും ഈ സാഹചര്യങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നുണ്ടെന്നും ദുൽഖർ പറഞ്ഞു
..
വിദ്യാഭ്യാസം എന്നത് എക്കാലത്തും പ്രതീക്ഷകളുടെയും അവസരങ്ങളുടെയും മികച്ച ഭാവിയുടെയും വാഗ്ദാനമാണെന്ന് ദുൽഖർ പറഞ്ഞു. ജന്തർ മന്ദറിൽ ഇപ്പോൾ സംഭവിക്കുന്നത് നമ്മളെയെല്ലാം അൽപനേരം ആലോചിപ്പിക്കാനും കാര്യങ്ങൾ കേൾക്കാനും പരസ്പരം മനസ്സിലാക്കാനും ഓർമപ്പെടുത്തുന്ന ഒന്നാണ്. യുവാക്കൾ ഇത്തരത്തിൽ ഒരു വലിയ അനിശ്ചിതത്വം നേരിടുന്നത് കാണുന്നത് അങ്ങേയറ്റം വിഷമമുണ്ടാക്കുന്നുവെന്ന് അദ്ദേഹം കൂടിച്ചേർത്തു.
“ചില വിദ്യാർത്ഥികൾക്ക് മുന്നോട്ട് പോകാൻ ഒരു വഴിയുമില്ലെന്ന് തോന്നുമ്പോൾ, മറ്റു ചിലർ എല്ലാം അവസാനിപ്പിക്കാൻ പോലും തീരുമാനിക്കുന്നു എന്നറിയുമ്പോൾ എന്റെ ഹൃദയം കൂടുതൽ വേദനിക്കുന്നു. ആ വേദനയും കടങ്ങളും പേറി മാതാപിതാക്കൾ അവരുടെ പ്രതീക്ഷകൾ നിലനിർത്താൻ ശ്രമിക്കുന്നു.
എല്ലാ അഭിപ്രായങ്ങൾക്കും അപ്പുറം, അനുകമ്പയും ബഹുമാനവും അർഹിക്കുന്ന സ്വപ്നങ്ങളും, അഭിലാഷങ്ങളും കുടുംബങ്ങളും, പ്രതീക്ഷകളുമുള്ള വ്യക്തികളുണ്ട്. അർത്ഥവത്തായ സംഭാഷണങ്ങൾ, സമാധാനപരമായ പരിഹാരങ്ങൾ, ജ്ഞാനവും സഹാനുഭൂതിയും വഴി നയിക്കപ്പെടുന്ന തീരുമാനങ്ങൾ എന്നിവയിലാണ് എന്റെ പ്രതീക്ഷ. വിഭജനത്തിലും അക്രമത്തിലും കെട്ടിപ്പടുക്കപ്പെട്ട ഭാവിയേക്കാൾ ധാരണയിൽ കെട്ടിപ്പടുക്കപ്പെട്ട ഭാവി എപ്പോഴും ശക്തമായിരിക്കും.”
“ഡൽഹിയിലും രാജ്യത്തുടനീളവും സമരം ചെയ്യുന്ന വിദ്യാർത്ഥികളും യുവജനങ്ങളും ഈ നാടിന്റെ ഭാവി വാഗ്ദാനങ്ങൾ കൂടിയാണ്. അവർക്ക് പറയാനുള്ളത് കേൾക്കുക എന്നത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണ്. അവർക്കൊപ്പം അണിചേരേണ്ടത് പൊതുസമൂഹത്തിന്റെ കടമയും” വിഷയത്തിൽ ആസിഫ് അലിയുടെ വാക്കുകൾ
അതേസമയം, ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ ടൊവിനോ തോമസിൻ്റെ വീടിന് മുന്നിൽ
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി. കേരളത്തിലെ പിഎസ്‌സി റാങ്കിലുള്ളവര്‍ മണ്ണ് വാരിത്തിന്ന് പ്രതിഷേധിച്ചിട്ടും കേരളത്തിലെ നഴ്‌സുമാര്‍ മാസങ്ങളോളം സമരം ചെയ്തിട്ടും വായ തുറക്കാത്ത ആളാണ് ടൊവിനോയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു. രാഷ്ട്രീയം ഇല്ലെന്ന് പറയുന്ന നടന്‍ വീണ്ടും രാഷ്ട്രീയം നോക്കി വാ തുറന്ന് തുടങ്ങിയെന്നാണ് ബിജെപി പവർത്തകർ ബാനറില്‍ പറയുന്നത്.
പ്രതിഷേധത്തെ കൈകാര്യം ചെയ്യേണ്ട രീതി ഇതല്ലെന്നായിരുന്നു ഇന്‍സ്റ്റഗ്രാമിലൂടെ ടൊവിനോയുടെ പ്രതികരണം. അടിച്ചമര്‍ത്തുന്നത് രാജ്യത്തിന്റെ ഭാവി തന്നെയാണ്. ഇങ്ങനെയെങ്കില്‍ ജനാധിപത്യത്തിലുള്ള വിശ്വാസം ക്രമേണ ഇല്ലാതാകും. ന്യായമായ ലക്ഷ്യത്തിനായി പോരാടുന്നവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായും താരം വ്യക്തമാക്കിയിരുന്നു.
