Sunday, October 4, 2026

തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ യൂത്ത് കോൺഗ്രസ് – പോലീസ് അതിക്രമം: കർശന നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് പ്രതിപക്ഷ നേതാവിൻ്റെ കത്ത്

Date:

തിരുവനന്തപുരം : യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ നടന്ന യൂത്ത് കോൺഗ്രസ് – പോലീസ് സംയുക്ത അക്രമണത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.  അക്രമികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അധികാര ദുർവിനിയോഗം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നാണ് കത്തിലെ ആവശ്യം.

​പതിവ് സമരകേന്ദ്രങ്ങൾ ഒഴിവാക്കി ഹോസ്റ്റൽ പരിസരത്തുനിന്നും മാർച്ച് ആരംഭിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. സെപ്റ്റംബർ 30-ന് രാത്രി യാതൊരു പ്രകോപനവുമില്ലാതെയാണ് ഇരുന്നൂറോളം വരുന്ന അക്രമിസംഘം വടിവാൾ, കരിങ്കല്ല്, ബിയർ കുപ്പികൾ തുടങ്ങിയ മാരകായുധങ്ങളുമായി ഹോസ്റ്റൽ വളഞ്ഞ് തീപ്പന്തങ്ങൾ വലിച്ചെറിഞ്ഞത്.

യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാൻ നേതൃത്വമോ പോലീസോ തയ്യാറായില്ല. മാത്രമല്ല, മാർച്ചിന് ശേഷം തിരികെയെത്തി അക്രമം തുടർന്ന യൂത്ത് കോൺഗ്രസുകാർക്ക് പോലീസ് പൂർണ്ണ സംരക്ഷണം നൽകുകയും ചെയ്തു. പിന്നീട് പ്രശ്നപരിഹാരത്തിനെന്ന വ്യാജേന വാർഡന്റെ അനുമതി പോലുമില്ലാതെ ഹോസ്റ്റൽ ഗേറ്റ് തകർത്ത് അകത്തുകയറിയ പോലീസ് എസ്എഫ്ഐ പ്രവർത്തകരെ മൃഗീയമായി മർദ്ദിക്കുകയാണുണ്ടായതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വിദ്യാർത്ഥികളെ ശാന്തരാക്കാൻ എത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെപ്പോലും പോലീസ് തല്ലിച്ചതച്ചു. ഈ അതിക്രമത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും നാൽപ്പതോളം പേർക്ക് മർദ്ദനമേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ കൊണ്ടുപോയ ആംബുലൻസ് അക്രമികൾ തടഞ്ഞുവെച്ച മനുഷ്യത്വരഹിതമായ സംഭവത്തിന് പോലും പോലീസ് മൗനാനുവാദം നൽകുകയാണുണ്ടായതെന്ന് പിണറായി വിജയൻ കുറ്റപ്പെടുത്തി.

​
പൊതുമുതൽ നശിപ്പിച്ച യൂത്ത് കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പി.ഡി.പി.പി ആക്റ്റ് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ തയ്യാറാകാത്ത പോലീസ്, പോലീസിന്റെ തേർവാഴ്ചയ്ക്കെതിരെ പ്രതിഷേധിച്ച സി.പി.ഐ.(എം) നേതാക്കളായ കടകംപള്ളി സുരേന്ദ്രൻ, വി. ജോയ് എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തതിലെ ഇരട്ടനീതിയും പിണറായി കത്തിൽ എടുത്തുപറയുന്നു. ഇതിനുപുറമെ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ സി.പി.ഐ.(എം) ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേരുൾപ്പെടെ പരാമർശിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്.ഐയുടെ നടപടി പോലീസ് ആക്ടിന്റെ നഗ്നമായ ലംഘനമാണെന്നും ഇത് സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തോടുള്ള വെല്ലുവിളിയാണെന്നും പിണറായി വിജയൻ കത്തിൽ വ്യക്തമാക്കി.

​
നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥർ തന്നെ നിയമലംഘകർക്ക് കുടപിടിക്കുന്ന ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു.

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...

‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’;  ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...