Sunday, October 4, 2026

ജന്തർ മന്ദറിൽ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ പോലീസിന്റെ ലൈംഗികാതിക്രമം; പരാതിയിൽ കേസെടുക്കാത്തതിൽ വൻ പ്രതിഷേധം, അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി 

Date:

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിൽ നടന്ന ഐസ – എഐവൈഎഫ് പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ വനിതാ മാധ്യമപ്രവർത്തകർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെയും പാർട്ടികളുടെയും നേതൃത്വത്തിൽ  ഡൽഹിയിൽ ശക്തമായ പ്രതിഷേധം നടന്നു.

പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടതായി മൂന്ന് വനിതാ മാധ്യമപ്രവർത്തകരാണ് പരാതിപ്പെട്ടത്. എന്നാൽ, വിഷയത്തിൽ കേസെടുക്കാൻ പോലീസ് തയ്യാറാവാതിരുന്നതിനെ ചൊല്ലിയാണ്  ഐസ, എഐഎസ്എഫ്, എൻ.എസ്.യു.ഐ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറിയത്. ജന്തർ മന്തറിലേക്ക് നടത്തിയ മാർച്ച് തടഞ്ഞ പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. എസിപിക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും വേണമെന്നായിരുന്നു  പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

അസിസ്റ്റന്റ് കമ്മിഷണറായ പോലീസ് ഉദ്യോഗസ്ഥനെതിരെയാണ് ഒരു മാധ്യമപ്രവർത്തക പരാതി നൽകിയത്. പോലീസ് നടപടി ചിത്രീകരിക്കുന്നതിനിടയിൽ ഉദ്യോഗസ്ഥൻ അനുചിതമായി സ്പർശിക്കുകയും തള്ളിയിടുകയും ചെയ്തതായാണ് ആരോപണം. പരാതിയുമായി പോലീസ് സ്റ്റേഷനിൽ ചെന്നെങ്കിലും കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെന്നും മാധ്യമപ്രവർത്തക പറഞ്ഞു.

പോലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്ന സ്ഥലത്ത് വനിതാ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും അവരുടെ അഭാവം ചോദ്യം ചെയ്തപ്പോഴണ് എസിപി തന്നെ ലൈംഗികമായി ഉപദ്രവിക്കുകയും പിന്നിലേക്ക് തള്ളുകയും ചെയ്തതെന്നാണ് മാധ്യമപ്രവർത്തക പിടിഐയോട് പ്രതികരിച്ചത്. എസിപിയുടെ പേരും പരാതിയിൽ പരാമർശിച്ചിട്ടുണ്ട്.

അന്വേഷണത്തിനായി പരാതികൾ ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ഡൽഹി പോലീസ് അറിയിച്ചു. സുതാര്യവും നിഷ്പക്ഷവുമായ അന്വേഷണത്തിനായാണ് ജില്ലാ പോലീസ് ഈ പരാതികൾ ക്രൈംബ്രാഞ്ചിന് കൈമാറിയതെന്നാണ് ഡൽഹി പോലീസ് വ്യക്തമാക്കുന്നത്. പ്രതിഷേധം റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകരോടുള്ള പോലീസിന്റെ പെരുമാറ്റത്തിൽ പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ‘ഞെട്ടലും നടുക്കവും’ രേഖപ്പെടുത്തി. പരാതിയിൻമേൽ ഉടൻ നടപടിയെടുക്കാൻ ഡൽഹി പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തു.

Share post:

Popular

More like this
Related

എംഡിഎംഎയുമായി മുസ്ലിം ലീഗ് പ്രവർത്തകർ പിടിയിൽ ; പ്രതികളിലൊരാൾ വണ്ണപ്പുറം ഗ്രാമപഞ്ചായത്തംഗത്തിന്റെ ഭർത്താവ്

തൊടുപുഴ : ഇടുക്കി വണ്ണപ്പുറത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി മുസ്ലിം ലീഗ്...

‘ഇല്ലാത്ത’ രാജി പിൻവലിച്ച് ആർ ശ്രീലേഖ ; നേതൃത്വം ഇടപെട്ടതോടെ വാട്സ്ആപ്പിലെ രാജി സന്ദേശം ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം : കോർപ്പറേഷൻ സെക്രട്ടറിക്ക് നൽകാത്ത രാജികത്ത് പിൻവലിച്ച് തിരുവനന്തപുരം കോർപ്പറേഷൻ...

‘വനിതകളെയും മാധ്യമപ്രവര്‍ത്തകരെയും ആക്രമിച്ചു’;  ജന്തർ മന്ദർ പ്രതിഷേധത്തിൽ ഡല്‍ഹി പോലീസിനെതിരെ നേഹ ബോറ

ന്യൂഡല്‍ഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട്...