Friday, June 26, 2026

അയോദ്ധ്യ രാമക്ഷേത്ര കാണിക്ക മോഷണം : 8 പേർ അറസ്റ്റിൽ; SIT റിപ്പോർട്ട വൻ സ്രാവുകളെ രക്ഷപ്പെടുത്താൻ മുൻകൂട്ടി തയ്യാറാക്കിയതെന്ന് അഖിലേഷ് യാദവ്

Date:

ലഖ്‌നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച കാണിക്കയും സംഭാവനകളും വകമാറ്റി ചെലവഴിച്ചെന്ന കേസിൽ എട്ട് പ്രതികളെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത മണിക്കൂറുകൾക്കകമാണ് പോലീസ് നടപടി. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നാണ് വിവരം.

രാമക്ഷേത്രത്തിൽ ഭക്തർ നൽകുന്ന സംഭാവനകളും വഴിപാടുകളും കൈകാര്യം ചെയ്യുന്നതിലെ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാൻ ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൻ്റെ (SIT) പ്രാഥമിക റിപ്പോർട്ടിലെ ശുപാർശകളനുസരിച്ച് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അംഗമായ കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

അവിനാഷ് ശുക്ല, അനുകൽപ് മിശ്ര, ലവ്കുഷ് മിശ്ര, മനീഷ് കുമാർ യാദവ്, കരുണേഷ് പാണ്ഡെ, രമാശങ്കർ മിശ്ര, സുഭാഷ് ശ്രീവാസ്തവ, രാം ശങ്കർ യാദവ് എന്ന ടിന്നു എന്നിവരാണ് എഫ്‌ഐആറിലുള്ള പ്രതികൾ. ഇതുകൂടാതെ തിരിച്ചറിയാത്ത മറ്റ് ചില വ്യക്തികളെക്കുറിച്ചും എഫ്‌ഐആറിൽ പരാമർശമുണ്ട്. മോഷണം, ക്രിമിനൽ വിശ്വാസവഞ്ചന, മോഷ്ടിച്ച സ്വത്ത് കൈപ്പറ്റുകയോ ഒളിപ്പിക്കുകയോ ചെയ്യുക, ക്രിമിനൽ ഗൂഢാലോചന, പൊതുവായ ഉദ്ദേശ്യത്തോടെയുള്ള കുറ്റകൃത്യങ്ങൾ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവനകൾ വകമാറ്റി ചെലവഴിച്ചെന്ന ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റിന്റെ അഭ്യർത്ഥന മാനിച്ചാണ് ഉത്തർപ്രദേശ് സർക്കാർ ജൂൺ 13-ന് എസ്ഐടി രൂപീകരിച്ചത്. ജൂൺ 7-ന് സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, ക്ഷേത്രത്തിൽ ഭക്തർ നൽകിയ കോടിക്കണക്കിന് രൂപ കാണാതായെന്ന റിപ്പോർട്ടുകൾ പരാമർശിക്കുകയും കോടതി വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെടുകയും ചെയ്തതോടെയാണ് ഈ വിവാദത്തിന് രാഷ്ട്രീയ പ്രാധാന്യം ലഭിച്ചത്. ഈ ആരോപണങ്ങളോട് അന്ന് പ്രതികരിച്ച വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) മേധാവി അലോക് കുമാർ, 2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഈ വിവാദത്തിൽ നിന്ന് രാഷ്ട്രീയ ലാഭം കൊയ്യാൻ ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു.

കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ, അന്വേഷണ പ്രക്രിയയെ  ചോദ്യം ചെയ്ത സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ്, കടുത്ത ആരോപണവുമായി രംഗത്ത് വന്നു- “ബിജെപി ഭരണത്തിന് കീഴിൽ ചെറിയ മീനുകൾ ശിക്ഷിക്കപ്പെടുമ്പോൾ വലിയ സ്രാവുകളെ വെറുതെ വിടും” എന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് തെളിവുകൾ നശിപ്പിക്കുന്നതിനും ഏത് വലിയ സ്രാവിനെ രക്ഷിക്കണം, ആരെ കുടുക്കണം എന്ന് തീരുമാനിക്കുന്നതിനും വേണ്ടിയാകാം എസ്ഐടി അന്വേഷണം ഉപയോഗിച്ചതെന്ന് ജനങ്ങൾ പറയുന്നുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. എസ്ഐടി റിപ്പോർട്ട് മുൻകൂട്ടി തയ്യാറാക്കിയതാണെന്നും മുൻകൂട്ടി നിശ്ചയിച്ച നിഗമനങ്ങളിലേക്ക് എത്തിച്ചേരുന്ന രീതിയിലാണ് അന്വേഷണം നടത്തിയതെന്നും അഖിലേഷ് യാദവ് ആരോപിച്ചു.

Share post:

Popular

More like this
Related

മദ്യനികുതിയിൽ നിലപാട് കടുപ്പിച്ച്  കെ മുരളീധരൻ; ‘പാർട്ടിയിലും മുന്നണിയിലും ചർച്ചയാകാതെ തീരുമാനമെടുക്കാനാകില്ല’

തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി ഇളവ് ചെയ്തതിൽ  വിമർശനവുമായി ആരോഗ്യമന്ത്രി...

വെനസ്വേലയിലെ ഇരട്ട ഭൂകമ്പം: മരണനിരക്ക് 164 ആയി ഉയർന്നു, ആയിരത്തോളം പേർക്ക് പരിക്ക്; കടുത്ത നാശനഷ്ടങ്ങൾ

കാരക്കാസ്:  ബുധനാഴ്ച വൈകിട്ട് വെനസ്വേലയിലുണ്ടായ ഭൂചലനത്തിൽ മരണപെട്ടവരുടെ എണ്ണം 164 ആയി....