Saturday, July 11, 2026

സ്കൂളുകളിൽ ഇന്റേണൽ മാർക്ക് 50% ആക്കി ഉയർത്തും; സ്കോർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കും

Date:

തിരുവനന്തപുരം : സ്കൂളുകളിൽ ഇന്റേണൽ മാർക്ക് 50 ശതമാനമാക്കി ഉയർത്താൻ സംസ്ഥാന സർക്കാർ. വ്യാഴാഴ്ച വാർത്താ സമ്മേളനത്തിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചതാണ് ഇക്കാര്യം. നിലവിൽ 20 ശതമാനമാണ് ഇന്റേണൽ അസസ്മെന്റ് മാർക്ക്. നിരന്തര മൂല്യനിർണ്ണയ പ്രക്രിയ നമ്മുടെ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകമാണെന്നും, ഇത് ഉന്നത വിദ്യാഭ്യാസ മേഖലയിൽ 50 ശതമാനം വരെയായി ഉയർത്തി നടപ്പിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമാനമായ രീതിയില്‍ സ്കൂൾ വിദ്യാഭ്യാസത്തിലും ഇന്റേണൽ അസസ്മെന്റ് വർദ്ധിപ്പിക്കും.

നിരന്തര മൂല്യനിർണ്ണയം (ഇന്റേണൽ അസസ്മെന്റ്) സംബന്ധിച്ചുള്ള പരാതികളെ കാര്യക്ഷമമായി കൈകാര്യം ചെയ്യാനുള്ള സംവിധാനം സൃഷ്ടിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതിനായി പരാതി പരിഹാര സെല്ലുകൾ കാര്യക്ഷമമാക്കും. പലപ്പോഴും ചില അദ്ധ്യാപകരെങ്കിലും അതിന്റെ അന്തസത്ത ഉൾക്കൊള്ളാതെയാണ് മാർക്കുകൾ നൽകുന്നതെന്ന് ഈ മേഖലയിൽ ഉയർന്നു വരുന്ന പരാതികൾ സൂചിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്കൂൾ തലത്തിൽ നിരന്തര മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ സുതാര്യവും സമഗ്രവുമായി നടപ്പിലാക്കുന്നതിന് വിലയിരുത്തൽ സ്കോറുകൾ സ്കൂൾ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച പരാതികൾ സ്കൂൾതല മോണിറ്ററിങ് സമിതി പരിശോധിക്കണം. സ്കൂൾ തലത്തിൽ പ്രിൻസിപ്പൽ, എസ്ആർജി കൺവീനർമാർ, സബ്ജക്ട് കൗൺസിൽ കൺവീനർമാർ എന്നിവരുടെ നേതൃത്വത്തിലും, ജില്ലാതലത്തിൽ ഡിഡിഇ, ഡിഇഒ, ഡയറ്റ് പ്രിൻസിപ്പൽ, എസ്‌സിഇആർടി ഫാക്കൽറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലും, സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി. ഡയറക്ടർ, അസസ്മെന്റ് കോർഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലും സമിതികൾ രൂപീകരിക്കണം. കുട്ടികൾക്കുണ്ടാകുന്ന പരാതികൾ അതാത് സമിതികൾ പരിഗണിച്ച് പരിഹാരം നിർദ്ദേശിക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

അതെസമയം 2026 ജൂൺ 1 ന് തിങ്കളാഴ്ച സ്കൂൾ പ്രവേശനോത്സവം നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഒന്നാം ക്ലാസ്സ് അഡ്മിഷൻ മെയ് 22 മുതൽ നടക്കും. ഒന്നു മുതൽ എട്ട് വരെ യൂണിഫോം, പാഠപുസ്തകം എന്നിവ സൗജന്യമായി വിതരണം ചെയ്യും. ‌ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷയോ തലവരി പണമോ വാങ്ങാൻ പാടില്ലെന്ന് മന്ത്രി പ്രസ്താവിച്ചു. രണ്ടായിരത്തി ഒമ്പതിലെ സൗജന്യവും നിർബ്ബന്ധിതവുമായ വിദ്യാഭ്യാസ അവകാശ നിയമത്തിലെ സെക്ഷൻ 13 പ്രകാരമാകണം പ്രവേശനം നടത്തേണ്ടത്. അൺ എയിഡഡ് സ്കൂളുകൾക്കും വിദ്യാഭ്യാസ അവകാശ നിയമം ബാധകമാണെന്ന് അദ്ദേഹം പറഞ്ഞു.

എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ പ്രവർത്തനങ്ങൾ 2026 ഏപ്രിൽ 16 മുതൽ മെയ് 2 വരെ സംസ്ഥാനത്തെ 72 മൂല്യനിർണ്ണയ ക്യാമ്പുകളിലായി നടക്കും. മൂല്യനിർണ്ണയ ക്യാമ്പ് ഉദ്യോഗസ്ഥരടക്കം പന്ത്രണ്ടായിരത്തോളം അദ്ധ്യാപകരും ജീവനക്കാരും മൂല്യനിർണ്ണയ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. ടാബുലേഷൻ നടപടികൾ പൂർത്തിയാക്കി മെയ് മൂന്നാം വാരം എസ്.എസ്.എൽ.സി. പരീക്ഷാ ഫലം പ്രസിദ്ധപ്പെടുത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Popular

More like this
Related

ഫിറ്റ്‌നസ് ഭീഷണിയിൽ സ്കൂളുകൾ, തൊഴിൽ നഷ്ട ഭീതിയിൽ അദ്ധ്യാപകർ; ശമ്പളം നൽകാനാവില്ലെന്ന് സർക്കാർ, കൈമലർത്തി  തദ്ദേശസ്ഥാപനങ്ങൾ!

തിരുവനന്തപുരം : സംസ്ഥാനത്തെ പല സ്കൂളുകളും ഫിറ്റ്നസ് ഭീഷണി നേരിടുന്ന അവസ്ഥയിലിരിക്കെ...

അനസ്തേഷ്യ പിഴവ്; പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അബോധാവസ്ഥയിലായ ഒന്നര വയസുകാരൻ മരിച്ചു

കണ്ണൂർ: പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ അനസ്തേഷ്യ നൽകിയതിനെ തുടർന്ന് അബോധാവസ്ഥയിലായ...

കള്ളാടി മണ്ണിടിച്ചിൽ:  നഷ്ടപരിഹാരം യഥാസമയം വിതരണം ചെയ്യണമെന്ന്  സർക്കാരിനോട് ഹൈക്കോടതി

കൊച്ചി : വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും...

നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതി; കേസ് ഡിഎംഒ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം : നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി ക്യൂവിൽ നിൽക്കെ...