തൃശൂര്‍ : ‘കലാച്ചി’ എന്ന തൻ്റെ നോവല്‍ ‘സിന്‍’ എന്ന നോവലിന്റെ കോപ്പിയടിയാണെന്ന എഴുത്തുകാരി ഹരിത സാവിത്രിയുടെ ആരോപണത്തിൽ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്ത് കെആര്‍ മീര. നവംബര്‍ ഏഴിന് തൃശൂര്‍ ചീഫ് ജ്യൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് പരിഗണിക്കും. നിയമ നടപടിക്ക് മുന്നോടിയായി കെആര്‍ മീര അഡ്വ. എന്‍കെ ഉണ്ണികൃഷ്ണന്‍ മുഖേന ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയിച്ചിരുന്നു. നോട്ടീസിന് ഹരിത സാവിത്രി മറുപടി നല്‍കുകയും ചെയ്തിരുന്നു.
പ്രതിയായ ഹരിത സാവിത്രി 2026 മേയ് 5ന് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റും തുടര്‍ന്നുണ്ടായ സാമൂഹിക മാധ്യമ പ്രതികരണങ്ങളും ചാനല്‍ അഭിമുഖങ്ങളും വഴി ‘കലാച്ചി’ എന്ന നോവലിന്റെ മൗലികതയെ ചോദ്യം ചെയ്യുകയും കെആര്‍ മീരയുടെ സാഹിത്യപ്രതിച്ഛായയ്ക്ക് ഗുരുതരമായ ക്ഷതം വരുത്തുകയും ചെയ്തുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം. ‘കലാച്ചി’ എന്ന നോവലിന്റെ രചനാപരമായ ആശയം 2013 മുതല്‍ രൂപപ്പെട്ടതാണെന്നും 2020 നവംബര്‍ 16 മുതല്‍ ‘ട്രൂകോപ്പി തിങ്കി’ല്‍ ഇതേ പേരില്‍ നോവലിന്റെ ആദ്യ ആറ് അദ്ധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നുവെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. നോവലിലെ കഥാപാത്രങ്ങളും കഥാപശ്ചാത്തലവും പ്രധാന പ്രമേയങ്ങളും വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ പൊതുസമൂഹത്തിന് ലഭ്യമായിരുന്നുവെന്നതിന് രേഖകളും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.
മീര തന്റെ പുസ്തകം വായിച്ചിട്ടുണ്ടെന്ന് ഉറപ്പാണെന്നായിരുന്നു ഹരിത സാവിത്രി നേരത്തേ പറഞ്ഞത്. ‘പുസ്തകം ഇറങ്ങിയപ്പോള്‍ തന്നെ വായിച്ചിട്ടുണ്ടെന്ന് അവരോട് വളരെ അടുപ്പമുള്ള ഒരാള്‍ തന്നെ തന്നോട് പറഞ്ഞിരുന്നു. 2022 -ലാണ് ‘സിന്‍’ ഇറങ്ങിയത്. 2022 -ലാണ് മീരച്ചേച്ചി കസാക്കിസ്ഥാനിലേക്ക് പോകുന്നത്. ഇതിന്റെ പിന്നിലെന്താണ് എന്നൊന്നും എനിക്ക് അറിയില്ല. തന്റെ പുസ്തകത്തിന്റെ ത്രെഡിന് അവരുടെ പുസ്തകവുമായി സാമ്യമുണ്ട്’ എന്നായിരുന്നു ഹരിതയുടെ വാദം.
