കൊൽക്കത്ത : പശ്ചിമബംഗാളിലെ അതിർത്തി ജില്ലകളിലുള്ള തടങ്കൽ കേന്ദ്രങ്ങളിൽ (ഹോൾഡിംഗ് സെന്ററുകൾ) നിന്ന് 4,800 ഓളം അനധികൃത കുടിയേറ്റക്കാരെ ബംഗ്ലാദേശിലേക്ക് നാടുകടത്തിയതായി മുഖ്യമന്ത്രി സുവേന്ദു അധികാരി. 836 പേരെ കൂടി ഇനിയും നാടുകടത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അനധികൃത കുടിയേറ്റം തടയുന്നതും ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി സുരക്ഷിതമാക്കുന്നതുമാണ് തന്റെ സർക്കാരിന്റെ പ്രധാന മുൻഗണനയെന്ന് ബിജെപി പ്രവർത്തരെ അഭിസംബോധന ചെയ്യവെ മുഖ്യമന്ത്രി വ്യക്തമാക്കി. അതിർത്തിയിൽ വേലി കെട്ടാൻ ഇനിയും ബാക്കിയുള്ള 556 കിലോമീറ്ററിൽ ഏകദേശം 100 കിലോമീറ്ററോളം വരുന്ന ഭാഗത്തെ വേലി നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ ഇതിനകം തന്നെ ബിഎസ്എഫിന് ഭൂമി കൈമാറിയിട്ടുണ്ടെന്നും വടക്കൻ ബംഗാളിലെ ‘ചിക്കൻസ് നെക്ക്’ ഇടനാഴിക്കാണ് മുൻഗണന നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന തന്ത്രപ്രധാനമായ പ്രദേശമാണ് ‘ചിക്കൻസ് നെക്ക്’ എന്ന് അറിയപ്പെടുന്ന സിലിഗുരി ഇടനാഴി.
പൗരത്വ ഭേദഗതി നിയമത്തിന്റെ പരിധിയിൽ വരാത്ത അനധികൃത കുടിയേറ്റക്കാരെ കേന്ദ്ര സർക്കാർ ചട്ടങ്ങൾക്കനുസൃതമായി നേരിട്ട് ബിഎസ്എഫിന് കൈമാറുന്നുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മറ്റിടങ്ങളിലും സമാനമായ വ്യവസ്ഥകൾ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, മുൻ തൃണമൂൽ സർക്കാർ നടപടിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്നും, പൊതു ചെലവിൽ അനധികൃത കുടിയേറ്റക്കാരെ സംസ്ഥാന സൗകര്യങ്ങളിൽ തുടരാൻ അനുവദിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹക്കിംപൂർ അതിർത്തിയിലെ നീക്കത്തെക്കുറിച്ച് പരാമർശിച്ച അധികാരി, സർക്കാരിന്റെ എൻഫോഴ്‌സ്‌മെന്റ് നടപടികളെ തുടർന്ന് നിരവധി രേഖകളില്ലാത്ത കുടിയേറ്റക്കാർ ഇതിനകം സ്വമേധയാ പോയിട്ടുണ്ടെന്ന് അവകാശപ്പെട്ടു. സംസ്ഥാനത്തെ ജനസംഖ്യാപരമായ മാറ്റങ്ങൾ ഒരു പ്രധാന രാഷ്ട്രീയ വിഷയമായി മാറിയിരിക്കുന്നുവെന്നും ബംഗ്ലാദേശിൽ നിന്നുള്ള നുഴഞ്ഞുകയറ്റം അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയകരമായ പ്രചാരണത്തിന്റെ ഒരു പ്രധാന ഘടകമായിരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
സെൻസസ് സംബന്ധിച്ച പ്രവർത്തനങ്ങൾ സംസ്ഥാനം ആരംഭിച്ചിട്ടുണ്ടെന്നും ഓഗസ്റ്റ് ഒന്നു മുതൽ ഓഗസ്റ്റ് 15 വരെ വീടുവീടാന്തരമുള്ള സർവ്വെ നടത്തുമെന്നും സുവേന്ദു അധികാരി പറഞ്ഞു. അടുത്ത വർഷം ഫെബ്രുവരി അവസാനത്തോടെ സെൻസസ് പ്രക്രിയ പൂർത്തിയാകുമെന്നും തുടർന്ന് അതിർത്തി നിർണ്ണയം നടത്തുമെന്നും അധികാരി വ്യക്തമാക്കി.
